Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡോറിനെ നനച്ച് ‘റെക്കോർഡ് മഴ’; ചരിത്രമെഴുതി രോഹിതും ടീം ഇന്ത്യയും!

Rohit Sharma

ഇൻഡോർ ∙ റെക്കോർഡ് ബുക്കിൽ പുതിയ ഒട്ടേറെ ഏടുകൾ എഴുതിച്ചേർത്താണ് ഇൻഡോർ ഹോൽക്കർ സ്റ്റേഡിയത്തിൽ വിരുന്നെത്തിയ ആദ്യ ട്വന്റി20 മൽസരത്തിന് തിരശീല വീണത്. രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയ പടയോട്ടത്തിൽ താരതമ്യേന ചെറിയ ബൗണ്ടറികളുള്ള ഇൻഡോർ ഹോൽക്കർ സ്റ്റേഡിയത്തിൽ ‍തകർന്നുവീണ റെക്കോർഡുകൾക്ക് കണക്കില്ല. ഇന്ത്യയുടെ ഏറ്റവും ഉയർന്ന ട്വന്റി20 സ്കോറിൽ തുടങ്ങി ഇൻഡോറിലെ രോഹിതിന്റെ ഇന്നിങ്സുപോലെ അതിങ്ങനെ പരന്നു കിടക്കുന്നു.

രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ എന്നതിനൊപ്പം, എല്ലാ ടീമുകളെയും പരിഗണിച്ചാലും ട്വന്റി20യിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഇന്ത്യയുടെ 260. ഒരു വർഷം മുൻപ് ഇതേ ശ്രീലങ്കയ്ക്കെതിരെ അവരുടെ നാട്ടിൽ ഓസ്ട്രേലിയ നേടിയ മൂന്നിന് 263 റൺസാണ് ട്വന്റി20യിലെ ഉയർന്ന സ്കോർ. അതേസമയം, 10 വർഷം മുൻപ് ദുർബലരായ കെനിയയ്ക്കെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്ത ശ്രീലങ്കയും ഇന്ത്യയ്ക്കൊപ്പം മികച്ച രണ്ടാമത്തെ സ്കോറിന്റെ റെക്കോർഡ് പങ്കിടുന്നു.

വെറും മൂന്നു റൺസിനിപ്പുറം ഇന്ത്യൻ സ്കോറിന് അവസാനമായപ്പോൾ, റെക്കോർഡ് കൈവിട്ടതിന് ഒരേയൊരു കാരണം അവസാന ഓവർ എറിഞ്ഞ ലങ്കൻ ക്യാപ്റ്റൻ തിസാര പെരേരയുടെ മിടുക്ക് മാത്രം. 19–ാം ഓവർ വരെ തകർത്തടിച്ചു മുന്നേറിയ ഇന്ത്യയ്ക്ക് അവസാന ഓവറിൽ സ്കോർ ബോർഡിൽ ചേർക്കാനായത് ഏഴു റൺസ് മാത്രം. രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. ഈ ഓവറിലെ പ്രകടനം മോശമായിരുന്നില്ലെങ്കിൽ രാജ്യാന്തര ട്വന്റി20യിൽ പുതിയ റെക്കോർഡിട്ടേനെ ടീം ഇന്ത്യ.

∙ രാജ്യാന്തര ട്വന്റി20യിലെ വേഗമേറിയ സെഞ്ചുറി കൂടിയാണ് രോഹിത് ശർമ ഇൻഡോറിൽ കുറിച്ചത്. 35 പന്തിൽ സെഞ്ചുറിയിലെത്തിയ രോഹിത് ശർമ, ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറിന്റെ റെക്കോർഡിനൊപ്പമെത്തി. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന നേട്ടവും രോഹിത് സ്വന്തം പേരിലാക്കുമ്പോൾ 46–ാം പന്തിൽ സെഞ്ചുറി തികച്ച് ഈ റെക്കോർഡ് ഇതുവരെ കൈവശം വച്ചിരുന്ന ലോകേഷ് രാഹുൽ ഇപ്പുറത്ത് സാക്ഷിനിന്നു.

∙ ട്വന്റി20യിൽ സെ‍ഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് മാറി.

∙ 64 സിക്സുമായി ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ സിക്സ് തുടങ്ങിയ നേട്ടങ്ങളും രോഹിതിനു സ്വന്തം. ഇന്നലെ ശ്രീലങ്കയ്ക്കെതിരെ നേടിയ 10 സിക്സുകൾ ഉൾപ്പെടെയാണിത്. 2015ൽ 63 സിക്സ് നേടിയ സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സിന്റെ റെക്കോർഡാണ് രോഹിത് തിരുത്തിയത്.

∙ ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യൻ താരങ്ങളുടെ ഉയർന്ന സ്കോറും ഇനി രോഹിതിന്റെ പേരിൽ. ഏകദിനത്തിൽ 264 റൺസ് നേടിയിട്ടുള്ള രോഹിത്, 118 റൺസെടുത്താണ് ഇന്നലെ പുറത്തായത്.

∙ ഒരു ട്വന്റി20 ഇന്നിങ്സിൽ കൂടുതൽ സിക്സുകൾ എന്ന റെക്കോർഡിലും ഇന്ത്യ കയ്യൊപ്പ് ചാർത്തി. മൽസരത്തിലാകെ 21 സിക്സ് നേടിയ ഇന്ത്യ, ഒരു വർഷം മുൻപ് തങ്ങൾക്കെതിരെ വെസ്റ്റ് ഇൻഡീസ് താരങ്ങൾ അടിച്ചുകൂട്ടിയ 21 സിക്സുകൾ എന്ന റെക്കോർഡിനൊപ്പമെത്തി.

∙ ഇതിനു പുറമെ ട്വന്റി20യിൽ ഏറ്റവം ഉയർന്ന മൂന്നാമത്തെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിത് ശർമയും ലോകേഷ് രാഹുലും ചേർന്ന് നേടിയ 165 റൺസ്. പാക്കിസ്ഥാനെതിരെ ന്യൂസീലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ–കെയ്ൻ വില്യംസൻ സഖ്യം േനടിയ 171 റൺസ് ഒന്നാമതും ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്–ബോസ്മാൻ സഖ്യം നേടിയ 170 റൺസ് രണ്ടാമതും നിൽക്കുന്നു.

∙ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടും ഇതുതന്നെ. ശിഖർ ധവാനൊപ്പം മൂന്നു മാസം മുൻപ് ന്യൂസീലൻഡിനെതിരെ സ്വന്തമാക്കിയ 158 റൺസിന്റെ റെക്കോർഡാണ് രാഹുലിനൊപ്പം രോഹിത് തിരുത്തിയെഴുതിയത്. 

∙ 2017ൽ മൂന്നു ഫോർമാറ്റിലുമായി കൂടുതൽ സെഞ്ചുറികൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമായും രോഹിത് മാറി. ഈ വർഷം രോഹിതിന്റെ എട്ടാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. 11 സെഞ്ചുറികളുമായി വിരാട് കോഹ്‍ലിയാണ് മുന്നിൽ.

related stories