മൂന്നാമനായി ധോണിയെ ഇറക്കാൻ ശാസ്ത്രിയോട് രോഹിത്; വിഡിയോ വൈറൽ

ധോണിയെ ഇറക്കാൻ ആക്ഷൻ കാണിക്കുന്ന രോഹിത് ശർമ.

ഇൻഡോർ ∙ ഹോൽക്കർ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയ സെഞ്ചുറി പ്രകടനത്തിനുശേഷം പുറത്തായി മടങ്ങവെ, മൂന്നാമനായി മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ ഇറക്കാൻ പരിശീലകൻ രവി ശാസ്ത്രിയോട് നിർദ്ദേശിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിഡിയോ വൈറലായി. സിക്സുകളും ബൗണ്ടറികളും നിർബാധം ഒഴുകിയ ഇന്നിങ്സിനൊടുവിൽ രോഹിത് പുറത്തായപ്പോൾ, യുവതാരങ്ങളായ ശ്രേയസ് അയ്യരോ ഹാർദിക് പാണ്ഡ്യയോ ക്രീസിലെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. അപ്പോഴാണ് ധോണിയെ ഇറക്കാൻ രോഹിത് നിർദ്ദേശം നൽകിയത്. 

കാണികളുടെ നിറഞ്ഞ കയ്യടികളുടെ അകമ്പടിയോടെ പവലിയനിലേക്കു മടങ്ങിയ രോഹിതിന് പകരം ധോണി ക്രീസിലെത്തുമ്പോൾ ശക്തമായ നിലയിലായിരുന്നു ഇന്ത്യ. ധോണിയും മോശമാക്കിയില്ല. രണ്ടാം വിക്കറ്റിൽ ലോകേഷ് രാഹുലിനൊപ്പം കൂട്ടിച്ചേർത്തത് 78 റൺസ്. 21 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സുമായി 28 റണ്‍സെടുത്താണ് ധോണി മടങ്ങിയത്.

എന്തായാലും, ബാറ്റിങ്ങിൽ ധോണിക്ക് സ്ഥാനക്കയറ്റം നൽകി അദ്ദേഹത്തെ ഇനിയും അനാവശ്യ സമ്മർദ്ദങ്ങൾക്ക് വിട്ടുകൊടുക്കുന്നത് നിർത്തണമെന്ന് അഭിപ്രായപ്പെട്ട രോഹിത്, തൊട്ടടുത്ത മൽസരത്തിലാണ് തന്റെ മുൻ ക്യാപ്റ്റനെ മൂന്നാം നമ്പറിലേക്ക് പ്രമോട്ട് ചെയ്തത്. രോഹിതിന്റെ തുടക്കക്കാലത്ത് അന്ന് ക്യാപ്റ്റനായിരുന്ന ധോണിയാണ് താരത്തെ ഓപ്പണറായി പരീക്ഷിച്ചത്. ധോണിയുടെ പിന്തുണയോടെ ടീമിൽ സ്ഥാനമുറപ്പിച്ച രോഹിത് പിന്നീടിതാ ക്യാപ്റ്റൻ വരെയയായി വളർന്നിരിക്കുന്നു. അന്ന് ധോണി നൽകിയ പിന്തുണയ്ക്ക് പകരമായാണ് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഈ നന്ദിപ്രകടനമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

എന്തായാലും കോഹ്‍ലിക്കു കീഴിൽ ടീമിൽ അധികം കണ്ടിട്ടില്ലാത്ത ഈ കാഴ്ച കളത്തിനു പുറത്തും ആരാധകരുടെ കയ്യടി നേടി. ഒരു കാലത്ത് തന്നെ അകമഴിഞ്ഞ് പിന്തുണച്ച ക്യാപ്റ്റന് രോഹിതിന്റെ സ്നേഹോപഹാരം.