ജഡേജയ്ക്കും അശ്വിനും ‘ചെറിയൊരു ഉപദേശ’വുമായി അജിങ്ക്യ രഹാനെ

ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തിൽ ടീമിലെ സീനിയർ സ്പിൻ ബോളര്‍മാരായ ആർ. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ചെറിയൊരു ഉപദേശവുമായി അജിങ്ക്യ രഹാനെ. ഇരുവരും ബോളിങ് സ്റ്റൈൽ അൽപമൊന്ന് മാറ്റണമെന്നാണ് രഹാനെയുടെ ഉപദേശം. ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങൾക്കനുസരിച്ച് ഇരുതാരങ്ങളും ബോളിങ് സ്റ്റൈൽ മാറ്റാൻ തയാറാകണം. നാട്ടിലും വിദേശത്തും രണ്ടു രീതികൾ നടപ്പാക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. മോയിൻ അലി, നാഥൻ ലയൻ എന്നിവരുടെ പ്രകടനം ഇക്കാര്യത്തിൽ മാതൃകയാണ്. അവർ സ്വന്തം നാട്ടിലും വിദേശത്തും വ്യത്യസ്ത രീതികളാണ് അവലംബിക്കുന്നതെന്നും രഹാനെ പറഞ്ഞു. 

ഈ രീതിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഇന്ത്യയിലെന്ന പോലെ വിദേശത്തും ഇരുതാരങ്ങൾക്കും തിളങ്ങാനാകുമെന്ന് ഉറപ്പാണെന്നും രഹാനെ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ ചിലപ്പോള്‍ ഒരു മൽസരത്തിൽ ഇവരിൽ ഒരാള്‍ മാത്രമായിരിക്കും ഇറങ്ങുക. ചിലപ്പോൾ അശ്വിനും ജഡേജയും ഒരുമിച്ച് ഇറങ്ങിയേക്കാം. എന്നാൽ രീതികളില്‍ മാറ്റം വരുത്തിയാൽ മികച്ച പ്രകടനം സാധ്യമാകുമെന്നും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഉറപ്പിക്കുന്നു. 

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റു പരമ്പരയ്ക്കുള്ള ടീമിലേക്കാണ് രവീന്ദ്ര ജഡേജയെയും ആർ. അശ്വിനേയും പരിഗണിച്ചിട്ടുള്ളത്. ടെസ്റ്റില്‍ 35 മൽസരങ്ങളിൽ നിന്ന് 165 വിക്കറ്റുകളാണ് രവീന്ദ്ര ജഡേജ ഇന്ത്യയ്ക്കു വേണ്ടി വീഴ്ത്തിയിട്ടുള്ളത്. ഒമ്പത് തവണ അഞ്ചു വിക്കറ്റ് പ്രകടനവും ഒരു പ്രാവശ്യം പത്തു വിക്കറ്റും സ്വന്തമാക്കാൻ ജഡേജയ്ക്കായി. 31 വയസുകാരനായ ആർ. അശ്വിനാകട്ടെ 55 കളികളില്‍ നിന്ന് 304 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ശാസ്ത്രി ടീം ഇന്ത്യയുടെ കരുത്ത്

ടീം ഇന്ത്യയെ ഒരുമിച്ച് കൊണ്ടുപോകുന്നതിൽ പരിശീലകൻ രവി ശാസ്ത്രി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും രഹാനെ പറഞ്ഞു. രവി ശാസ്ത്രി കൂടെയുണ്ടെങ്കിൽ ടീമിലെ എല്ലാവരും പോസീറ്റീവായിരിക്കും. ഏതു സാഹചര്യത്തിലും ക്രിക്കറ്റ് ആസ്വദിച്ച് കളിക്കാനാണ് അദ്ദേഹം പറയുക. ടീമിൽ ആരെങ്കിലും പ്രകടനത്തിന്റെ കാര്യത്തിൽ പിന്നോട്ടുപോകുകയാണെങ്കിൽ അയാൾക്കുള്ള നിർദേശങ്ങളുമായി ശാസ്ത്രി കൂടെയുണ്ടാകും. ടീമിന്റെ എല്ലാ നേട്ടങ്ങൾക്കു പിന്നിലും കോഹ്‍ലിയുടെ പങ്കും നിർണായകമാണെന്നും രഹാനെ അഭിപ്രായപ്പെട്ടു.