Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഹാനെയ്ക്കു പകരം രോഹിതിനെ കളിപ്പിച്ചത് ഫോം പരിഗണിച്ച്: കോഹ്‍ലി

kohli-rahane

കേപ്ടൗൺ ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ തോൽവി വഴങ്ങിയതിനു പിന്നാലെ, ഉപനായകൻ രഹാനെയ്ക്കു പകരം രോഹിത് ശർമയെ കളിപ്പിച്ചതിനെ ന്യായീകരിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലി രംഗത്ത്. ഇപ്പോഴത്തെ ഫോം പരിഗണിച്ചാണ് രഹാനെയ്ക്കു പകരം രോഹിത്തിനെ കളിപ്പിച്ചതെന്ന് കോഹ്‍ലി വ്യക്തമാക്കി. മൽസരശേഷമുള്ള പത്രസമ്മേളനത്തിലാണ് കോഹ്‍ലിയുടെ പ്രതികരണം.

കേപ്ടൗണിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ആതിഥേയരോട് 72 റൺസിന് തോറ്റിരുന്നു. വിദേശ പിച്ചുകളിലും പേസ് ബോളർമാർക്കെതിരെയം മികച്ച റെക്കോർഡുള്ള രഹാനയെ ഈ മൽസരത്തിൽ കളിപ്പിക്കാതിരുന്നത് കടുത്ത വിമർശനം വരുത്തിവച്ചിരുന്നു. രഹാനെയ്ക്കു പകരം ടീമിൽ ഇടം നേടിയ രോഹിത് ശർമയ്ക്ക് ഫോമിലേക്കുയരാൻ കഴിഞ്ഞതുമില്ല. ഈ പശ്ചാത്തലത്തിലാണ് കോഹ്‍ലിയുടെ വിശദീകരണം.

ഇപ്പോഴത്തെ ഫോം പരിഗണിച്ച് ടീമിനെ ഇറക്കാനായിരുന്നു തന്റെ തീരുമാനമെന്ന് കോഹ്‍ലി പറഞ്ഞു. അവസാനം കളിച്ച മൂന്നു ടെസ്റ്റുകളിലും രോഹിത് മികച്ച പ്രകടനമാണ് നടത്തിയത്. മാത്രമല്ല, അടുത്തിടെയായി മികച്ച ബാറ്റിങ്ങാണ് രോഹിത് കാഴ്ചവയ്ക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും അതു കണ്ടതല്ലേ? – കോഹ്‍ലി ചോദിച്ചു.

ഇതുപോലുള്ള കാര്യങ്ങളിലെല്ലാം രണ്ട് അഭിപ്രായങ്ങൾ സാധാരണയാണെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ഇതിനു പകരം അതു പോരായിരുന്നോ എന്ന ചോദ്യം സാധാരണമാണ്. ഇപ്പോഴത്തെ ഫോമും കൂട്ടുകെട്ടും പരിഗണിക്കാനായിരുന്നു തീരുമാനം. അതുതന്നെയായിരുന്നു ടീം തിരഞ്ഞെടുപ്പിലെ മാനദണ്ഡവും – കോഹ്‍ലി പറഞ്ഞു.

അതേസമയം, നാലു വർഷം മുൻപ് നടത്തിയ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് രഹാനെയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് 280 റൺസ് നേടിയ ചേതേശ്വർ പൂജാരയ്ക്കും 272 റൺസ് നേടിയ വിരാട് കോഹ്‍ലിക്കും പിന്നിൽ 209 റൺസുമായി മൂന്നാം സ്ഥാനത്തായിരുന്നു രഹാനെ.

related stories