മഴദൈവങ്ങൾ കനിയട്ടെ; ട്വിറ്ററിലെ സേവാഗിന്റെ ‘ലഗാൻ’ ട്രോൾ വൻ ഹിറ്റ്

ന്യൂഡൽഹി ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ തുടർച്ചയായ രണ്ടാം ടെസ്റ്റിലും തോൽവിയിലേക്കു നീങ്ങുന്ന ഇന്ത്യയെ ‘ട്രോളി’ വീരേന്ദർ സേവാഗ് രംഗത്ത്. 287 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ 35 റൺസിനിടെ നഷ്ടമായതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ സേവാഗിന്റെ ട്രോളെത്തിയത്.

ആമിർ ഖാന്റെ ക്രിക്കറ്റ് ഇതിവൃത്തമായുള്ള പ്രശസ്ത ചലച്ചിത്രം ‘ലഗാനി’ലെ ഒരു ദൃഷ്യം ‘ജിഫ് ഇമേജി’ന്റെ രൂപത്തിൽ നൽകിയാണ് സേവാഗ് ട്വിറ്ററിലൂടെ ആരാധകരെ രസിപ്പിച്ചത്.

ഇന്ത്യയെ രക്ഷിക്കാൻ ഇനി മഴയ്ക്കു മാത്രമേ സാധിക്കൂ എന്നു ദ്യോതിപ്പിക്കുന്നതാണ് സേവാഗിന്റെ ട്രോൾ. കടുത്ത വരൾച്ച ബാധിച്ച തന്റെ ഗ്രാമത്തെ മഴദൈവങ്ങൾ അനുഗ്രഹിക്കുന്നത് കാത്തു നിൽക്കുന്ന ആമിറിന്റെ ദൃശ്യമാണ് സേവാഗ് പോസ്റ്റ് ചെയ്തത്. സെഞ്ചൂറിയനിൽ ഇനി ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാൻ ഇതേയുള്ളൂ എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.