ഏകദിനത്തിൽ മാത്രം തിളങ്ങുന്നവരെ മാറ്റൂ; ഭുവനേശ്വറിനും രഹാനെയ്ക്കും വേണ്ടി മുൻ ഇന്ത്യൻ താരം

അജിൻക്യ രഹാനെ, ഭുവനേശ്വർ കുമാർ

കൊൽക്കത്ത∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഭുവനേശ്വർ കുമാറിനെയും അജിൻക്യ രഹാനെയും തഴയുന്നതിനെതിരെ മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകർ. ഏകദിന, ട്വന്റി20 ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ് ടീമിനെ നിർണയിക്കുന്നതു നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നു മനോജ് പ്രഭാകർ കൊൽക്കത്തയിൽ പറഞ്ഞു. 

ചെറിയ ഫോർമാറ്റിൽ തിളങ്ങുന്നതിനനുസരിച്ചാണു താരങ്ങളെ തിരഞ്ഞെടുക്കുന്നതെങ്കിൽ ഇതായിരിക്കും ഇന്ത്യയുടെ ടെസ്റ്റ് പ്രകടനം. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂബോളുകളെ സമ്മർദമില്ലാതെ നേരിടുകയെന്നതു വിദഗ്ദമായ ജോലിയാണ്. ഇന്ത്യൻ താരമായ ഋഷഭ് പന്തിനു 25–30 പന്തുകളിൽ സെഞ്ചുറി നേടാൻ സാധിക്കും. ഋഷഭിനെ ടെസ്റ്റ് ടീമിലെടുക്കാൻ തയാറുണ്ടോ? അവിടെയാണു വ്യത്യസ്തമായ രീതി അവലംബിക്കേണ്ടത്. ഏകദിനത്തിൽ ഒരാൾ ഇരട്ടസെഞ്ചുറി നേടിയാൽ ടെസ്റ്റു ടീമിലും അയാൾക്കു സ്ഥിരമായി അവസരം നൽകുന്നതിൽ യുക്തിയുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടു ടെസ്റ്റ് ടീമില്‍ രഹാനെയ്ക്ക് അവസരം നൽകാൻ ടീം ശ്രദ്ധിച്ചേ പറ്റൂ.

മൂന്നാം ടെസ്റ്റിൽ പേസ് ബോളർ ഭുവനേശ്വർ കുമാറിനും അവസരം നൽകണം. കളിയിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരാനാകുന്ന താരമാണു ഭുവനേശ്വർ. സ്വിങ് ബോളുകൾ നേരിടാൻ ദക്ഷിണാഫ്രിക്ക ബുദ്ധിമുട്ടുന്നതു മുതലെടുക്കാൻ ഇന്ത്യ തയാറാകണം. ഐപിഎലിലും മികച്ച താരമാണു ഭുവനേശ്വർ. അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുന്നതിനായി ആരെ ഒഴിവാക്കിയാലും തെറ്റില്ല. ഇന്ത്യയുടെ ബാറ്റിങ് നിര നിലവിൽ ഐപിഎൽ രീതിയിലാണു കളിക്കുന്നത്. പന്തുകൾ അടിച്ചുകളിക്കുന്നതിനു പകരം ഒഴിവാക്കുന്നതും ടെസ്റ്റിൽ നിർണായകമാണ്. പക്ഷെ പല താരങ്ങളും അതു മറന്നുപോകുന്നതായാണു തോന്നുന്നത്. ആഭ്യന്തര ക്രിക്കറ്റ് മൽസരങ്ങളിലും താരങ്ങൾ ഷോർട്ട് ബോളുകൾ നേരിടാൻ ബുദ്ധിമുട്ടുകയാണ്. വസീം ജാഫറിനെപ്പോലെ വളരെ ചുരുക്കം പേർക്കു മാത്രമാണു ഷോർട്ട് ബോളുകൾ നല്ല രീതിയിൽ നേരിടാനാകുന്നത്.

തുടക്കത്തിൽ തന്നെ വിരാട് കോഹ്‍ലിയെ നഷ്ടമായാൽ പിടിച്ചു നിൽക്കാനാകാതെ ഇന്ത്യ തകരുന്നതാണ് ഇപ്പോഴത്തെ കാഴ്ച. മധ്യനിരയ്ക്കു പിടിച്ചു നില്‍ക്കാനുള്ള ശേഷി പോലും ഇല്ലാതായിരിക്കുന്നു. ആദ്യ 20 ഓവറുകൾ പുറത്താകാതെ പിടിച്ചുനിൽക്കാൻ ഓപ്പണർമാര്‍ക്കു സാധിച്ചാൽ പിന്നെ ദക്ഷിണാഫ്രിക്കയ്ക്കുമേൽ സമ്മര്‍ദം ചെലുത്താനാകും. ഇന്ത്യയുടെ ബോളിങ് നിര ശക്തമാണ്. പക്ഷെ 300 മുതൽ 350 വരെ സ്കോർ കണ്ടെത്തിയാൽ ദക്ഷിണാഫ്രിക്കയ്ക്കു കളി സ്വന്തമാക്കാമെന്ന അവസ്ഥയ്ക്കാണു മാറ്റം വേണ്ടതെന്നും മുൻ ഓൾറൗണ്ടർ മനോജ് പ്രഭാകർ അഭിപ്രായപ്പെട്ടു.

ദക്ഷിണാഫ്രിക്കൻ‌ പര്യടനത്തിൽ ആദ്യ രണ്ടു ടെസ്റ്റുകളിലും അജിൻക്യ രഹാനെയ്ക്കു ടീമിൽ ഇടമുണ്ടായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഭുവനേശ്വർ കുമാറിനെ രണ്ടാം ടെസ്റ്റിൽ കളിപ്പിച്ചുമില്ല. രണ്ടു മൽസരങ്ങളും ഇന്ത്യ ദയനീയമായി തോറ്റതോടെയാണു വിമർശനങ്ങളുമായി മുതിർന്ന താരങ്ങൾ രംഗത്തെത്തിയത്.