ബ‌ട്‌ലറിന്റെ സെഞ്ചുറിയിൽ ഇംഗ്ലണ്ടിന് ജയം; പരമ്പര നേട്ടം

സെഞ്ചുറി നേടിയ ബട്‌ലറിനെ(വലത്ത്) ക്രിസ് വോക്സ് അഭിനന്ദിക്കുന്നു

സിഡ്നി∙ ജോസ് ബട്‌ലറിന്റെ ആവേശ സെ‍ഞ്ചുറിയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 16 റൺസ് വിജയവും ഏകദിന പരമ്പര വിജയവും. 303 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ഇന്നിങ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 286 റൺസിൽ അവസാനിച്ചു. അഞ്ചു മൽസര പരമ്പരയിൽ ഇംഗ്ലണ്ട് 3–0ന് മുന്നിലെത്തി. ആഷസ് പരമ്പരയിൽ 0–4ന് തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. 

83 പന്തുകൾ നേരിട്ട ജോസ് ബട്‌ലർ ആറു ബൗണ്ടറിയും നാലു സിക്സറും നേടി. അവസാന രണ്ടോവറിൽ നിന്ന് ഇംഗ്ലണ്ട് 38 റൺസ് സ്വന്തമാക്കി. 36 പന്തുകളിൽ 53 റൺസുമായി ക്രിസ് വോക്സും നിർണായക സംഭാവന നൽകി. 

ഓസ്ട്രേലിയയ്ക്കു വേണ്ടി ആരോൺ ഫിഞ്ച് 62 റൺസോടെ ടോപ്സ്കോററായി. സ്റ്റീവ് സ്മിത്ത് (45), മിച്ചൽ മാർഷ്(55), മാർക്കസ് സ്റ്റോയ്നിസ്(56) എന്നിവരും തിളങ്ങിയെങ്കിലും നിർണായക സമയങ്ങളിലെ വിക്കറ്റു നഷ്ടം തിരിച്ചടിയായി.