കോഹ്‍ലി ചെയ്യുന്നത് തെറ്റ് എന്ന് പറയാൻ കെൽപ്പുള്ളവർ ഇപ്പോഴത്തെ ടീമിലില്ല: സേവാഗ്

ന്യൂഡൽഹി ∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി കളത്തിൽ വരുത്തുന്ന പിഴവുകൾ ചൂണ്ടിക്കാട്ടാൻ ശേഷിയുള്ള താരങ്ങൾ ഇപ്പോഴത്തെ ഇന്ത്യൻ ടീമിലില്ലെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗ്. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താൻ കഴിവുള്ള കോഹ്‍ലി, അതേ മികവ് മറ്റു താരങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നതാണ് അദ്ദേഹത്തിന് പറ്റുന്ന പാളിച്ചയെന്നും സേവാഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തുടർച്ചയായി രണ്ട് ടെസ്റ്റുകൾ തോറ്റ് ഇന്ത്യ പരമ്പര അടിയറവു വച്ചതിനു പിന്നാലെയാണ് കോഹ്‍ലിയുടെ ക്യാപ്റ്റൻസിക്കെതിരായ വിമർശനം സേവാഗ് കടുപ്പിച്ചത്.

ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെ തിരഞ്ഞെടുത്തതിൽ കോഹ്‍ലിക്ക് പിഴവു സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി സേവാഗ് മുൻപും രംഗത്തെത്തിയിരുന്നു. രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാൽ കോഹ്‍ലി ടീമിൽനിന്ന് മാറിനിൽക്കണമെന്നു പോലും സേവാഗ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോഹ്‍ലിയുടെ തെറ്റു ചൂണ്ടിക്കാട്ടാൻ ശേഷിയുള്ളവർ ഇപ്പോഴത്തെ ടീമിലില്ലെന്ന വിമർശനം. കോഹ്‍ലിയുടെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന ചില താരങ്ങൾ ടീമിന് ആവശ്യമാണെന്നും ഒരു ടിവി ഷോയിൽ പങ്കെടുക്കവെ സേവാഗ് അഭിപ്രായപ്പെട്ടു.

തീരുമാനങ്ങളെടുക്കുന്നതിൽ ക്യാപ്റ്റനെ സഹായിക്കാനും തെറ്റു പറ്റുമ്പോൾ തിരുത്താനും കഴിവുള്ള മൂന്നോ നാലോ താരങ്ങൾ എല്ലാ ടീമിലും കാണും. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ അത്തരം താരങ്ങളുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഡ്രസിങ് റൂമിൽ കോഹ്‍ലിയുടെ ടീം തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യാൻ  ശേഷിയുള്ള താരളുണ്ടോയെന്നും സംശയമാണ്. കഴിവിന്റെ കാര്യത്തിൽ കോഹ്‍ലിക്കൊപ്പം നിൽക്കാൻ കെൽപ്പുള്ളവർ ടീമിലില്ല എന്നതു തന്നെ കാരണം – സേവാഗ് പറഞ്ഞു.

മറ്റുള്ള താരങ്ങളിൽനിന്ന് തനിക്കൊത്ത പ്രകടനം പ്രതീക്ഷിക്കുന്നതാണ് കോഹ്‍ലിയെ തെറ്റായ തീരുമാനങ്ങളിലേക്കു നയിക്കുന്നതെന്നും സേവാഗ് അഭിപ്രായപ്പെട്ടു. എത്ര മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവു കൈവരിച്ച താരമാണ് കോഹ്‍ലി. അതേ മികവ് മറ്റു താരങ്ങളിൽനിന്നും അദ്ദേഹം പ്രതീക്ഷിക്കുന്നതാണ് പ്രശ്നം. എന്നാൽ, കോഹ്‍ലിയുടെ അത്ര മികവ് കൈവരിക്കാൻ സാധിച്ച താരങ്ങൾ ടീമിലില്ല താനും. ഇതാണ് കോഹ്‍ലിയുടെ ക്യാപ്റ്റൻസിയെ ബാധിക്കുന്നത് – സേവാഗ് പറഞ്ഞു.

തന്നെപ്പോലെ തന്നെ കളിക്കാനാണ് മറ്റു താരങ്ങളോടും കോഹ്‍ലി ആവശ്യപ്പെടുന്നത്. ഇതാണ് അദ്ദേഹം അവരിൽനിന്ന് പ്രതീക്ഷിക്കുന്നതും. അതിൽ തെറ്റൊന്നും പറയാനുമില്ല. സച്ചിൻ ക്യാപ്റ്റനായിരുന്ന സമയത്ത് മറ്റുള്ളവരോട് റൺസ് നേടണമെന്ന് ആവശ്യപ്പെട്ടിരുന്നത് എനിക്ക് ഓർമയുണ്ട്. എനിക്ക് സാധിക്കുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്കു പറ്റുന്നില്ല എന്നാണ് ഈ നിലപാടിന്റെ അർഥം – സേവാഗ് വിശദീകരിച്ചു.

ആവശ്യമായ നിർദ്ദേശങ്ങൾ പരിശീലകനിൽനിന്ന് കോഹ്‍ലിക്കു ലഭിക്കുന്നുണ്ടെന്നാണ് താൻ കരുതുന്നതെന്നും സേവാഗ് പറഞ്ഞു. എന്നാൽ അത് കളത്തിൽ നടപ്പാക്കുന്നുണ്ടോ എന്നാണ് മനസിലാകാത്തത്. ഇപ്പോഴത്തെ തിരിച്ചടിയിൽനിന്ന് പാഠം ഉൾക്കൊണ്ട് അടുത്ത ടെസ്റ്റിനായി ഒന്നിച്ചിരുന്ന് തന്ത്രങ്ങൾ മെനയുകയാണ് ഇനി ചെയ്യേണ്ടത്. ഒരാൾക്കും ഒറ്റയാൾ പ്രകടനത്തിലൂടെ ടീമിന് വിജയം സമ്മാനിക്കാനാകില്ല. ടെസ്റ്റിൽ ടീമിന്റെ പ്രകടനമാണ് പ്രധാനം. ഇത്തരം സാഹചര്യങ്ങളിൽ ഓരോ താരവും സ്വന്തം നിലയ്ക്ക് ടീമിനായി കാര്യമായ സംഭാവന നൽകിയേ തീരൂ – സേവാഗ് പറഞ്ഞു.