Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേസ് ബോളിങ്ങിൽ ഇന്ത്യയ്ക്ക് ഫാബുലസ് ഫോർ; പരമ്പര നഷ്ടത്തിലും ആശ്വാസം ഇവരുടെ പ്രകടനം

Shami-Ishanth-Bhuvi-Bhumrah മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര

എതിരാളികളെ എറി​ഞ്ഞിടുന്ന പേസർമാരെക്കാൾ, കറക്കിവീഴ്ത്തുന്ന സ്പിന്നർമാരായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ ഇന്ത്യയുടെ ബലം. അയൽപക്കത്തെ പേസർമാരെ കണ്ട് അന്തംവിട്ടിരുന്ന ആരാധകർക്കു ലോകത്തെ ഒന്നാംനിര സ്പിൻനിരയിലായിരുന്നു ആശ്വാസം. അശ്വിനും ജഡേജയുമില്ലാതെ ഇന്ത്യ ഒരു ടെസ്റ്റ് ജയിക്കുമോ എന്ന ആ വലിയ ചോദ്യത്തിന് മറുപടി നൽകിയ പേസർമാരുടെ മികവാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഇന്ത്യയുടെ വലിയ നേട്ടം. ബാറ്റിങ്ങിലെ ഫാബുലസ് ഫോർ കളമൊഴിഞ്ഞതിനുശേഷം പേസ് ബോളിങ്ങിൽ ഇന്ത്യയ്ക്ക് നാൽവർ സംഘമുണ്ടാകുന്നതിന്റെ സൂചനകളാണ് ജൊഹാനസ്ബർഗിൽ കണ്ടത്. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഭുവനേശ്വർ കുമാർ, ഇഷാന്ത് ശർമ എന്നിവർ ഇന്ത്യയുടെ വജ്രായുധങ്ങളാകുന്നു, പകരക്കാരനാകാൻ റിസർവ് ബെഞ്ചിൽ ഉമേഷ് യാദവും.

കേപ്ടൗണിലെ ഒന്നാം ടെസ്റ്റിലെ തോൽവിക്കും ജൊഹാനസ്ബർഗിലെ മൂന്നാം ടെസ്റ്റ് വിജയത്തിനും ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോ‌ഹ്‍ലി പറഞ്ഞത് ഒരേ കാര്യം; ഇന്ത്യൻ പേസർമാർ ലോകോത്തര മികവ് കാട്ടി. മൂന്നു ടെസ്റ്റുകളിലുമായി ഇന്ത്യ വീഴ്ത്തിയ 60 വിക്കറ്റുകളിൽ അൻപതും ഫാസ്റ്റ് ബോളർമാരുടെ സംഭാവനയായിരുന്നു. 15 വിക്കറ്റുകളുമായി മുഹമ്മദ് ഷമി പരമ്പരയിലെ വിക്കറ്റ് നേട്ടത്തിൽ ഒന്നാമതെത്തി. അരങ്ങേറ്റ പരമ്പര വിക്കറ്റുനേട്ടത്തിൽ ആഘോഷിച്ച ജസ്പ്രിത് ബുമ്രയുടെ പേരിൽ 14 വിക്കറ്റുകൾ. രണ്ടു ടെസ്റ്റു വീതം കളിച്ച ഭുവനേശ്വർ കുമാർ പത്തും ഇഷാന്ത് ശർമ എട്ടും വിക്കറ്റും നേടി. ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇന്ത്യയെ വിജയത്തിനടുത്തുവരെയെത്തിച്ച സംഘം മൂന്നാം ടെസ്റ്റിൽ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചാണ് ആശ്വാസ വിജയം സമ്മാനിച്ചത്. ഭുവനേശ്വർ സ്വിങ്ങിൽ മികച്ചു നിന്നപ്പോൾ ബുമ്രയും ഷമിയും കൃത്യത കൊണ്ട് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ വിറപ്പിച്ചു. തോളൊപ്പം പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കക്കാർക്കുള്ള ഇന്ത്യൻ മറുപടിയായിരുന്നു ഇഷാന്ത് ശർമ.

കേപ്ടൗണിലെ ഒന്നാം ടെസ്റ്റിൽ നാലു ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റ്സ്മാൻ‌മാരെ മടക്കി ഭുവനേശ്വർ തുടങ്ങിയ ബോളിങ് പ്രഹരം ജൊഹാനസ്ബർഗിലെ നാലാം ഇന്നിങ്സിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ മുഹമ്മദ് ഷമി അവസാനിപ്പിച്ചു. വിക്കറ്റുനേട്ടത്തിൽ മുൻപിലല്ലെങ്കിലും 2.17 ഇക്കോണമി നിരക്കിൽ പന്തെറിഞ്ഞ ഇഷാന്ത് ശർമ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്നിരയ്ക്ക് നിരന്തരം വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരുന്നു. ആദ്യ ടെസ്റ്റിൽ ബുമ്ര, ഷമി, ഭുവനേശ്വർ എന്നിവരെ പന്തേൽപിച്ച കോഹ്‍ലി രണ്ടാം ടെസ്റ്റിൽ ഭുവിയ്ക്കു പകരം ഇഷാന്തിനെ കൊണ്ടുവന്നു. സ്പിന്നറെ ഒഴിവാക്കി അവസാന ടെസ്റ്റിൽ നാലുപേസർമാരെ കളിപ്പിക്കാനുള്ള ക്യാപ്റ്റന്റെ തീരുമാനത്തെ വിജയത്തോടെ ന്യായീകരിക്കാനും ഇന്ത്യയുടെ നാൽ‌വർ സംഘത്തിനായി. 

പരമ്പരയിൽ ഇന്ത്യൻ വിക്കറ്റുനേട്ടം

ഒന്നാം ടെസ്റ്റ്

∙ ഒന്നാം ഇന്നിങ്സ് 

ഭുവനേശ്വർ– 4 

ബുമ്ര– 1 

ഷമി– 1 

മറ്റുള്ളവർ– 3 

റണ്ണൗട്ട്– 1 

∙ രണ്ടാം ഇന്നിങ്സ് 

ഭുവനേശ്വർ– 2 

ബുമ്ര– 3 

ഷമി– 3 

മറ്റുള്ളവർ– 2 

രണ്ടാം ടെസ്റ്റ്

∙ ഒന്നാം ഇന്നിങ്സ് 

ഇഷാന്ത്– 3 

ഷമി– 1 

മറ്റുള്ളവർ– 4 

റണ്ണൗട്ട്– 2

∙ രണ്ടാം ഇന്നിങ്സ് 

ഇഷാന്ത്– 2 

ഷമി– 4 

ബുമ്ര– 3 

മറ്റുള്ളവർ– 1 

മൂന്നാം ടെസ്റ്റ്

∙ ഒന്നാം ഇന്നിങ്സ് 

ഭുവനേശ്വർ– 3 

ബുമ്ര– 5 

ഇഷാന്ത്– 1 

ഷമി– 1 

∙ രണ്ടാം ഇന്നിങ്സ് 

ഭുവനേശ്വർ– 1 

ബുമ്ര– 2 

ഇഷാന്ത്– 2 

ഷമി– 5 

ഇന്ത്യൻ പേസർമാരുടെ പ്രകടനം (മൽസരം, വിക്കറ്റ്, മികച്ച പ്രകടനം, ശരാശരി എന്നീ ക്രമത്തിൽ) 

മുഹമ്മദ് ഷമി: 3, 15, 5/28, 15.86 

ജസ്പ്രിത് ബുമ്ര: 3, 14, 5/54, 25.21 

ഭുവനേശ്വർ കുമാർ 2, 10, 4/87, 20.30 

ഇഷാന്ത് ശർമ: 2, 8, 3/46, 18.75

related stories