നാലാം നമ്പരിൽ രഹാനെ കൊള്ളാമെന്ന് കോഹ്‍ലി; എന്നാലും...

ഡർബൻ ∙ ഇംഗ്ലണ്ടിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങൾ ടീം ഇന്ത്യ തുടരുമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഇന്ത്യ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന നാലാം നമ്പരിലേക്ക് അജിങ്ക്യ രഹാനെ യോഗ്യത തെളിയിച്ചു കഴിഞ്ഞെങ്കിലും കൂടുതൽ പരീക്ഷണങ്ങൾക്ക് ടീം മാനേജ്മെന്റ് മുതിരുമെന്ന് കോഹ്‍ലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോരിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോഹ്‍ലി.

ടീമിലെ എല്ലാ സ്ഥാനങ്ങളിലേക്കും കൃത്യമായി താരങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നു പറഞ്ഞ കോഹ്‍ലി, നാലാം നമ്പരിനെക്കുറിച്ചു മാത്രമാണ് ചെറിയ സംശയങ്ങളുള്ളതെന്നും വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങളിൽ രഹാനെയെ കളിപ്പിക്കാത്തതിന്റെ പേരിൽ കോഹ്‍ലി ഏറെ പഴി കേട്ടിരുന്നു. തുടർന്ന് മൂന്നാം ടെസ്റ്റിൽ അവസരം ലഭിച്ച രഹാനെ തകർപ്പൻ പ്രകടനത്തിലൂടെ ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ടീമിൽ നാം ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അടുത്ത ലോകകപ്പിന് മുന്നോടിയായി അധികം സമയം ഇനി കിട്ടാനില്ല. കിട്ടുന്ന അവസരങ്ങളിൽ പരമാവധി സാധ്യതകൾ പരീക്ഷിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം – കോഹ്‍ലി പറഞ്ഞു.

രഹാനെയെ ടീമിലെ മൂന്നാം ഓപ്പണറായാണ് പരിഗണിക്കുന്നതെന്ന് ഞാൻ മുൻപു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികളിൽ വ്യത്യാസം വന്നിട്ടുണ്ട്. 2015ലെ ലോകകപ്പിൽ നാലാം നമ്പരിൽ ബാറ്റു ചെയ്തതിന്റെ അനുഭവമുള്ള താരമാണ് അയാൾ. അടുത്ത ലോകകപ്പിലും മധ്യ ഓവറുകളിൽ പേസ് ബോളർമാരെ ചെറുത്തുനിൽക്കുന്ന ഒരാളെയാണ് നമുക്ക് ആവശ്യം. അതുകൊണ്ടുതന്നെ നാലാം നമ്പരിലേക്ക് പരിഗണിക്കുന്ന താരങ്ങളിൽ ഒന്നാമൻ രഹാനെ തന്നെ – കോഹ്‍ലി പറഞ്ഞു.

രഹാനെയ്ക്കു പുറമെ നിലവിൽ നമുക്കു മുന്നിലുള്ള ഓപ്ഷൻ മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരുമാണ്. ഇക്കാര്യത്തിൽ ഒരാളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കാര്യമില്ല. ലോകകപ്പ് നടക്കുന്ന രാജ്യത്തെ സാഹചര്യങ്ങൾക്ക് അനുയോജ്യമായി ഓരോ സ്ഥാനത്തും ആരാണ് കൂടുതൽ യോഗ്യൻ എന്നതാണ് ടീം പരിഗണിക്കുന്ന ഘടകമെന്നും കോഹ്‍ലി വ്യക്തമാക്കി.

നാലാം നമ്പരൊഴികെയുള്ള എല്ലാ ബാറ്റിങ് പൊസിഷനുകളിലും ഏതാണ്ട് സ്ഥിരം മുഖങ്ങളെ ലഭിച്ചു കഴിഞ്ഞതാണെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. മധ്യനിരയുടെ അവസാന ഭാഗം ഏതാണ്ട് ഉറപ്പിച്ച മട്ടാണെന്നും കോഹ്‍ലി പറഞ്ഞു. ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ്, എം.എസ്. ധോണി എന്നിവർ ചേരുന്ന കൂട്ടുകെട്ട് മികച്ചതാണ്. നാലാം നമ്പരിൽ പല താരങ്ങളെയും മാറിമാറി പരീക്ഷിച്ചു. ഈ സ്ഥാനത്ത് കൃത്യമായി ഒരാളെ കണ്ടെത്താൻ സാധിച്ചാൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നും കോഹ്‍ലി പറഞ്ഞു.

മിക്ക പൊസിഷനുകളിലും കളിക്കാൻ ആളുണ്ടെങ്കിലും ആരും ഏതു നിമിഷവും ഫോം ഔട്ട് ആകാമെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ഇത് വലിയൊരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ നാലാം നമ്പരിനു പുറമെ മറ്റു സ്ഥാനങ്ങളിലേക്കും പകരക്കാരെ കണ്ടുവയ്ക്കേണ്ടതുണ്ടെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. നമ്മുടെ ലെഗ് സ്പിന്നർമാർ ഇതുപോലുള്ള വെല്ലുവിളി നേരിടുന്നത് ഇതാദ്യമാണ്. രണ്ടു കൈക്കുഴ സ്പിന്നർമാരാൽ അനുഗ്രഹിക്കപ്പെട്ട ലോകത്തിലെ അപൂർവം ടീമുകളിലൊന്നാണ് നാം. ഇവർക്കൊപ്പം കേദാർ ജാദവു കൂടി ചേരുന്നതോടെ നമ്മുടെ സ്പിൻ ഡിപ്പാർട്മെന്റ് വളരെ ശക്തമാണ്. ഏതുതരം സാഹചര്യങ്ങളിലും കൈക്കുഴ സ്പിന്നർമാരുടെ സേവനം ടീമിനു മുതൽക്കൂട്ടാണെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

കൈക്കുഴ സ്പിന്നർമാരെ ബൗണ്ടറി കടത്താനുള്ള സാധ്യത കൂടുതലാണെങ്കിലും അതേ ഓവറിൽ അവർ മൂന്നു വിക്കറ്റ് സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ടെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. ഇത്തരം പ്രകടനങ്ങൾ കളിയുടെ ഗതി മാറ്റുന്നതിൽ നിർണായകമാകുകയും ചെയ്യും – കോഹ്‍ലി പറഞ്ഞു.