Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയുടെ ആവേശം വർധിപ്പിക്കുന്ന 10 കാരണങ്ങൾ

kohli-india

ജൊഹാനസ്ബർഗ് ടെസ്റ്റിലെ വിജയം സമ്മാനിക്കുന്ന ആത്മവിശ്വാസവുമായി ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഏകദിന റാങ്കിങ്ങിലെ ഒന്നാമൻമാരായ ദക്ഷിണാഫ്രിക്കയും രണ്ടാമൻമാരായ ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ കടുത്ത പോരാട്ടം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ വേദന മറക്കാൻ ഏകദിന പരമ്പര നേടിയേ തീരൂവെന്ന് കോഹ്‍ലിയും സംഘവും മനസ്സിലുറപ്പിച്ചാൽ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പ്.

ഈ പരമ്പരയെ പ്രധാനപ്പെട്ടതാക്കുന്ന മറ്റു ചില ഘടകങ്ങളുമുണ്ട്. അടുത്ത ഏകദിന ലോകകപ്പിലേക്ക് 14 മാസം മാത്രം സമയം അവശേഷിക്കെ മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഏതാണ്ട് ഇതേ സാഹചര്യങ്ങളുള്ള ഇംഗ്ലണ്ടിലാണ് ലോകകപ്പ് നടക്കുന്നതെന്നതും ഈ പരമ്പരയെ ഗൗരവത്തോടെ സമീപിക്കാൻ ഇരു കൂട്ടരെയും പ്രേരിപ്പിക്കുന്നുണ്ട്, വിശേഷിച്ചും ഇന്ത്യയെ.

ഇംഗ്ലണ്ടിനെതിരെ ഈ വർഷം ഓഗസ്റ്റിൽ മാത്രമേ ഇന്ത്യയ്ക്കിനി ടെസ്റ്റ് പരമ്പരയുള്ളൂ. അതുവരെ ഒട്ടേറെ ഏകദിന പരമ്പരകളിലാണ് ടീം ഇന്ത്യ പങ്കെടുക്കുക. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ആറ് ഏകദിന മൽസരങ്ങളും മൂന്നു ട്വന്റി20 മൽസരങ്ങളും കഴിഞ്ഞാൽ ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഇന്ത്യ ശ്രീലങ്കയിലേക്കു പോകും. അതിനുശേഷം ഇംഗ്ലണ്ടിൽ മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി20 മൽസരങ്ങളും. പിന്നീട് അയർലൻഡിലും നിയന്ത്രിത ഓവർ മൽസരങ്ങൾ കളിച്ച ശേഷമേ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങു. അതിനിടെ ഏപ്രിൽ, മേയ് മാസങ്ങളിലായി ഇന്ത്യൻ പ്രീമിയർ ലീഗുമുണ്ട്.

എന്തുകൊണ്ട് ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കാണണം? ഇതാ 10 കാരണങ്ങൾ:

1. ഏകദിനത്തിൽ 50 വിക്കറ്റുകളെന്ന നാഴികക്കല്ലു പിന്നിടാൻ അക്ഷർ പട്ടേലിന് അഞ്ചു വിക്കറ്റു കൂടി മതി.

2. ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാകാൻ അവരുടെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്കിന് 55 റൺസ് കൂടി മതി.

3. ഏകദിനത്തിൽ 300 ക്യാച്ചുകൾ പൂർത്തിയാക്കാൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിങ് ധോണിക്ക് 10 ക്യാച്ചുകൾ മതി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെന്ന റെക്കോർഡ് നിലവിൽ ധോണിയുടെ പേരിലാണ്.

4. കുറഞ്ഞത് 500 റൺസെങ്കിലും നേടിയിട്ടുള്ള താരങ്ങളിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ ശരാശരിയുള്ള ഓപ്പണിങ് ബാറ്റ്സ്മാനാണ് ക്വിന്റൺ ഡികോക്ക്. ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന പതിവ് ഡികോക്ക് ആവർത്തിക്കുമോ എന്ന് കാത്തിരിക്കാം.

5. ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചുറി നേടിയാൽ അത് സെഞ്ചുറിയിലെത്തിച്ചേ ഡികോക്ക് അടങ്ങൂ. ഇന്ത്യയ്ക്കെതിരെ ഏറ്റവും കുറഞ്ഞത് അഞ്ച് അർധസെഞ്ചുറിയെങ്കിലും നേടിയിട്ടുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ കൺവേർഷൻ നിരക്കുള്ളത് ഡികോക്കിനാണ്, 83.33 ശതമാനം.

6. ഇന്ത്യയ്ക്കെതിരെ അത്ര മികച്ച റെക്കോർഡല്ല ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറിനുള്ളത്. രാജ്യാന്തര ക്രിക്കറ്റിൽ താഹിറിന്റെ ശരാശരി 23.72 ആണ്. ഇന്ത്യയ്ക്കെതിരെ താരത്തിന്റെ ബോളിങ് ശരാശരി 38.11 ഉം.

7. ദക്ഷിണാഫ്രിക്കയിൽ നടന്ന കഴിഞ്ഞ 14 മൽസരങ്ങളിലും കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും താഹിർ പോക്കറ്റിലാക്കിയിട്ടുണ്ട്. 2016ൽ ഇംഗ്ലണ്ടിനെതിരെയാണ് താഹിർ അവസാനമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ വിക്കറ്റെടുക്കുന്നതിൽ പരാജയപ്പെട്ടത്. വിക്കറ്റ് നേട്ടം ഇന്നും ആവർത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

8. ദക്ഷിണാഫ്രിക്കയിൽ വിരാട് കോഹ്‍ലിയുടെ സ്ട്രൈക്ക് റേറ്റ് 77.61 ആണ്. കുറഞ്ഞത് 10 മൽസരങ്ങളെങ്കിലും കളിച്ചിട്ടുള്ള രാജ്യങ്ങളിൽ കോഹ്‍ലിയുെട ഏറ്റവും കുറ‍ഞ്ഞ റൺ ശരാശരിയാണിത്.

9. രോഹിത് ശര്‍മയുടെ കാര്യവും വ്യത്യസ്തമല്ല. കുറഞ്ഞത് 10 മൽസരങ്ങളെങ്കിലും കളിച്ചിട്ടുള്ള രാജ്യങ്ങളിൽ രോഹിതിന്റെ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റും റൺ ശരാശരിയും ദക്ഷിണാഫ്രിക്കയിലാണ്. (റൺ ശരാശരി – 12.28, സ്ട്രൈക്ക് റേറ്റ് –50.88

10. മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണിക്ക് 102 റൺസ് കൂടി നേടിയാൽ ഏകദിനത്തിൽ 10,000 റൺസ് എന്ന നാഴികക്കല്ലു സ്വന്തമാക്കാം.

related stories