ദക്ഷിണാഫ്രിക്കയും മെരുങ്ങി, കോഹ്‍ലിക്കു മുന്നിൽ; ഇനിയുള്ളത് ഒരേയൊരു രാജ്യം

ഡർബൻ ∙ റൺ ചേസുകളിൽ ഇന്ത്യയുടെ രാജകുമാരനാണ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. റൺമലകൾ തീർക്കുന്നതിനേക്കാൾ കീഴടക്കുന്നത് ഇഷ്ടപ്പെടുന്ന പോരാളി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ കരിയറിലെ 33–ാം സെഞ്ചുറി കുറിച്ച കോഹ്‍ലി സച്ചിന്റെ റെക്കോർഡ് സെഞ്ചുറി നേട്ടത്തോട് ഒരു പടികൂടി അടുത്തു.

ഏകദിന കരിയറിൽ കോഹ്‍ലി കുറിച്ച സെഞ്ചുറികളുടെ എണ്ണവുമായി ബന്ധപ്പെട്ട് മറ്റു ചില വിശേഷങ്ങൾ കൂടിയുണ്ട്. ഇതുവരെ നേടിയ 33 ഏകദിന സെഞ്ചുറികളിൽ 20ഉം കോഹ്‍ലി നേടിയത് സ്കോർ പിന്തുടരുമ്പോഴാണ്. ഇന്നലെ ഉൾപ്പെടെ ഇതിൽ 18 മൽസരങ്ങളും ഇന്ത്യ ജയിക്കുകയും ചെയ്തു.

ഇതിനു പുറമെ, കളിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും സെഞ്ചുറി നേടിയ താരമെന്നും കോഹ്‍ലിക്കു സ്വന്തം. ഇതുവരെ ഒൻപത് ഏകദിനങ്ങൾ കളിച്ചിട്ടും ‘മെരുങ്ങാതെ’ നിന്ന ദക്ഷിണാഫ്രിക്കൻ മണ്ണിൽ കോഹ്‍ലിയുടെ ആദ്യ സെഞ്ചുറിയാണ് ഡർബനിൽ പിറന്നത്. കോഹ്‍ലിക്കു മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറും മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യയും മാത്രമാണ്.

അതായത് ഐസിസിയിലെ 10 മുഴുവൻ സമയ  അംഗരാജ്യങ്ങളിൽ ഒൻപതിടത്തും ഇവർ സെഞ്ചുറി നേടിയിട്ടുണ്ട്. സച്ചിൻ തെൻഡുൽക്കറിന് വെസ്റ്റ് ഇൻഡീസിലും ജയസൂര്യയ്ക്ക് സിംബാബ്‌വെയിലുമാണ് സെഞ്ചുറി നേടാനാകാതെ പോയത്. കോഹ്‍ലി ഇതുവരെ സെഞ്ചുറി നേടിയിട്ടില്ലാത്തത് പാക്കിസ്ഥാനിൽ മാത്രമാണ്. അവിടെ ഇതുവരെ ഒരു ഏകദിന മൽസരം കളിക്കാൻ കോഹ്‍ലിക്കു സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.

കോഹ്‍ലിയുടെ സെഞ്ചുറി നേട്ടങ്ങൾ രാജ്യം തിരിച്ച് ഇങ്ങനെ

ഇന്ത്യ – 76 ഇന്നിങ്സ് – 14 സെഞ്ചുറി

ബംഗ്ലദേശ് – 15 ഇന്നിങ്സ് – അഞ്ച് സെഞ്ചുറി

ഓസ്ട്രേലിയ – 23 ഇന്നിങ്സ് – നാലു സെഞ്ചുറി

ശ്രീലങ്ക – 23 ഇന്നിങ്സ് – നാലു സെഞ്ചുറി

വെസ്റ്റ് ഇൻഡീസ് – 15 ഇന്നിങ്സ് – രണ്ടു സെഞ്ചുറി

ഇംഗ്ലണ്ട് – 19 ഇന്നിങ്സ് – ഒരു സെ‍ഞ്ചുറി

ന്യൂസീലൻഡ് – ഏഴ് ഇന്നിങ്സ് – ഒരു സെ‍ഞ്ചുറി

ദക്ഷിണാഫ്രിക്ക – 10 ഇന്നിങ്സ് – ഒരു സെഞ്ചുറി

സിംബാബ്‍വെ – ഏഴ് ഇന്നിങ്സ് – ഒരു സെഞ്ചുറി