ആ പരിശീലന മികവിന് ബിസിസിഐയുടെ അരക്കോടി, താരങ്ങൾക്ക് 30 ലക്ഷവും

മുംബൈ∙ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ചരിത്രമെഴുതിയ ടീമിലെ ഓരോ അംഗത്തിനും 30 ലക്ഷം രൂപ വീതം കാഷ് അവാർഡ് പ്രഖ്യാപിച്ചു. ടീമിലെ സപ്പോർട്ടിങ് സ്റ്റാഫിനും ഓരോരുത്തർക്കും 20 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ടീമിന്റെ മുന്നേറ്റത്തിനു പിന്നിലെ നിശബ്ദ സാന്നിധ്യമായ പരിശീലകൻ രാഹുൽ ദ്രാവിഡിന് 50 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചു. ഐപിഎല്‍ ടീമുകളിൽനിന്നുള്ള വാഗ്ദാനങ്ങൾ വേണ്ടെന്നുവച്ചാണ് ഇന്ത്യയുടെ യുവനിരയ്ക്ക് പരിശീലനം നൽകാൻ ദ്രാവിഡ് സമ്മതിച്ചത്.

കിരീടം നേടാൻ കഠിനാധ്വാനം ചെയ്ത യുവനിരയെക്കുറിച്ച് അഭിമാനമുണ്ടെന്ന് കിരീടവിജയത്തിനു പിന്നാലെ ദ്രാവിഡ് പ്രതികരിച്ചു. അവരുടെ സന്തോഷം കാണുമ്പോൾ സന്തോഷിക്കാതിരിക്കാനാകുന്നില്ല. എക്കാലവും അവർ ഓർമിക്കുന്നൊരു വിജയം ആയിരിക്കും ഇത്. അതേസമയം, ഇത് അവസാനത്തെ വിജയമല്ല താനും. ഈ ടീമിനെ കാത്ത് ഇനിയും ഒരുപാട് വിജയങ്ങളുണ്ട്. ഭാവിയിൽ ഇതിലും വലിയ കാര്യങ്ങൾ അവർ നേടും. സപ്പോർട്ട് സ്റ്റാഫും മികച്ച പിന്തുണയാണ് നൽകിയത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. ഈ കുട്ടികൾക്കായി ചെയ്യാവുന്നതിന്റെ പരമാവധി നമ്മൾ ചെയ്തിട്ടുണ്ട്– ദ്രാവിഡ് പറഞ്ഞു.

പാക്കിസ്ഥാനെ തോൽപിച്ച് അണ്ടർ–19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തിയപ്പോൾതന്നെ ഇന്ത്യൻ ടീമിന് കാഷ് അവാർഡ് നൽകുമെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന വ്യക്തമാക്കിയിരുന്നു. അതേസമയം, തുക എത്രയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ‘‘ടീമിനെയും കോച്ച് രാഹുൽ ദ്രാവിഡിനെയും ഞാൻ അഭിനന്ദിക്കുന്നു. അടുത്ത തലമുറ ക്രിക്കറ്റർമാരെ വാർത്തെടുക്കുന്നതിൽ രാഹുലിന്റെ പങ്ക് വലുതാണ്. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായി പ്രതിഭാമികവുള്ള ഒട്ടേറെ അണ്ടർ–19 താരങ്ങളെ നമുക്കു ലഭിച്ചു.’’ – ഇതായിരുന്നു ഖന്നയുടെ വാക്കുകൾ. ഇന്ന് ടീം കിരീടം നേടിയതിനു പിന്നാലെയാണ് പരിശീലകനും ടീമംഗങ്ങള്‍ക്കും സപ്പോർട്ട് സ്റ്റാഫിനുമുള്ള കാഷ് അവാർഡ് പ്രഖ്യാപിച്ചത്.

ടീമംഗങ്ങൾക്ക് പ്രചോദനമായി നിലയുറപ്പിച്ച ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിലേക്ക് താരങ്ങളെ കണ്ടെത്തി നൽകുന്നതിലും അതുല്യ സേവനമാണ് പ്രദാനം ചെയ്യുന്നത്. ദ്രാവിഡിനെപ്പോലുള്ള താരങ്ങളെയാണ് യുവ ക്രിക്കറ്റർമാരെ വളർത്തിയെടുക്കാൻ ഏൽപ്പിക്കേണ്ടതെന്ന് മുൻ പാക്കിസ്ഥാൻ താരം റമീസ് രാജ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.