Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡുമിനിയുടെയും എബിയുടെയും വിക്കറ്റ്, തകർപ്പൻ റണ്ണൗട്ട്, ഒറ്റക്കൈ ക്യാച്ച്; പാണ്ഡ്യയ്ക്ക് ശുക്രദശ!

Pandya-Kohli

പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിന് തയാറെടുക്കുമ്പോൾ ഇന്ത്യൻ നിരയിൽ പറഞ്ഞുകേട്ടത് ഒരേയൊരു മാറ്റത്തേക്കുറിച്ചായിരുന്നു. പരമ്പരയിൽ ടീമിന് ബാധ്യതയായി മാറിയ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം കേദാർ ജാദവിന് അവസരം നൽകിയേക്കുമെന്നായിരുന്നു സൂചന. ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ബാറ്റിങ്ങിലും ബോളിങ്ങിലും കാര്യമായ സംഭാവനകൾ നൽക്കാത്ത താരത്തെ എന്തിന് ടീമിൽ തുടരാൻ അനുവദിക്കുന്നുവെന്ന് ആരാധകരും ചോദിച്ചു തുടങ്ങിയിരുന്നു.

തുടർച്ചയായി അവസരങ്ങൾ നൽകുന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോട് നീതി പുലർത്താൻ പാണ്ഡ്യയ്ക്കാകുന്നില്ലല്ലോയെന്ന് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ നാലു മൽസരങ്ങളിൽ ബാറ്റിങ്ങിലും ബോളിങ്ങിലും അമ്പേ പരാജയപ്പെട്ടുപോയ പാണ്ഡ്യ, ടൂർണമെന്റിന്റെ താരമാകാനെത്തി ടീമിന് ബാധ്യതയാകുന്ന നിരാശപ്പെടുത്തുന്ന കാഴ്ചയാണ് അഞ്ചാം ഏകദിനം തുടങ്ങുന്നതു വരെ കണ്ടത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 10 ഓവർ പിന്നിടുംവരെ കണ്ടത്.

എന്നാൽ, ഒറ്റ ഇന്നിങ്സുകൊണ്ട് പാണ്ഡ്യ വീണ്ടും ആരാധകരെ കയ്യിലെടുത്തു. പരമ്പര വിജയമെന്ന സ്വപ്നക്കനി വാണ്ടറേഴ്സിൽ കയ്യിൽനിന്ന് വഴുതിയതിന്റെ വിഷമത്തിൽനിന്ന ആരാധകർക്കായി എന്നെന്നും ഓർമിക്കുന്ന പ്രകടനമാണ് പോർട്ട് എലിസബത്തിൽ ഇന്ത്യക്കാരുടെ ‘ബെൻ സ്റ്റോക്സ്’ പുറത്തെടുത്തത്. 

വിശ്വാസമർപ്പിച്ച ക്യാപ്റ്റനെയും പ്രതീക്ഷയോടെ കൊണ്ടുനടന്ന ആരാധകരെയും തീർത്തും നിരാശപ്പെടുത്തിയ പാണ്ഡ്യയായിരുന്നു ആദ്യ നാലു മൽസരങ്ങളിലെ കാഴ്ച. പോർട്ട് എലിസബത്തിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട ഹാർദിക് വീണ്ടും നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽത്തന്നെ ക്യാച്ച് സമ്മാനിച്ച് സംപൂജ്യനായി മടങ്ങിയ പാണ്ഡ്യ, ആരാധകരുടെ മനസ്സിൽ തീകോരിയിട്ടാണ് പുറത്തായത്. കടുത്ത വിമർശനങ്ങളാണ് പാണ്ഡ്യയ്ക്കെതിരെ ഉയർന്നത്.

എന്നാൽ, 275 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 10 ഓവർ പിന്നിട്ടതോടെ പാണ്ഡ്യയുടെ തലയ്ക്കു മുകളിൽ ശുക്രൻ ഉദിച്ചത്. ഒൻപത് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 51 റൺസെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് 10–ാം ഓവറിലായിരുന്നു. ജസ്പ്രീത് ബുംമ്രയുടെ പന്തിൽ വിരാട് കോഹ്‍ലിക്ക് ക്യാച്ച് സമ്മാനിച്ച് ആദ്യം പുറത്തായത് ക്യാപ്റ്റൻ എയ്ഡൻ മര്‍ക്രം. 32 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയ 32 റൺസായിരുന്നു മർക്രത്തിന്റെ സമ്പാദ്യം.

ദക്ഷിണാഫ്രിക്ക പക്ഷേ, അപ്പോഴും ആശ്വാസത്തിലായിരുന്നു. ഡുമിനി, ഡിവില്ലിയേഴ്സ്, മില്ലർ ഉൾപ്പെടെയുള്ളവരൊന്നും അപ്പോഴും ക്രീസിലെത്തിയിരുന്നില്ല. എക്കാലത്തെയും വിശ്വസ്ത താരം ഹാഷിം അംലയാകട്ടെ മറുവശത്ത് മികച്ച ഫോമിലുമായിരുന്നു. എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്. ആദ്യ ബോളിങ് മാറ്റവുമായി 11–ാം ഓവർ ബോൾ ചെയ്യാനെത്തിയ ഹാർദിക് പാണ്ഡ്യ, നിമിഷനേരം കൊണ്ട് ഒരിക്കൽക്കൂടി ആരാധകർക്കിടയിൽ താരമായി.

ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ അപകടകാരിയായ ഡുമിനിയെ സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ച പാണ്ഡ്യ, തന്റെ അടുത്ത ഓവറിൽ ഏറ്റവും അപകടകാരിയായ ഡിവില്ലിയേഴ്സിനെയും മടക്കി. ഏഴു പന്തിൽ ആറു റൺസുമായി അപകടകാരിയായി വളരുകയായിരുന്ന ഡിവില്ലിയേഴ്സിനെ ധോണിയുടെ കൈകളിലെത്തിച്ചാണ് പാണ്ഡ്യ വരവറിയിച്ചത്.

140 കിലോമീറ്ററിനു മുകളിൽ വേഗം കണ്ടെത്തിയ പാണ്ഡ്യ പരമ്പരയിലാദ്യമായി ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിക്കുന്നതും സെന്റ് ജോർജ് പാർക്കിൽ കണ്ടു. ഷോർട്ട് പിച്ച് പന്തുകളെറിഞ്ഞും വേഗം കൂട്ടിയും കുറച്ചും പാണ്ഡ്യ ദക്ഷിണാഫ്രിക്കക്കാരെ വലച്ചു. ആദ്യ നാല് ഏകദിനങ്ങളിൽ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ പാണ്ഡ്യ, പോർട്ട് എലിസബത്തിൽ രണ്ടു വിക്കറ്റ് പോക്കറ്റിലാക്കി. അതും ഡുമിനി, ഡിവില്ലിയേഴ്സ് എന്നിവരുടെ. പാണ്ഡ്യ ഉഴുതുമറിച്ച ഈ മണ്ണിലാണ് കുൽദീപ്–ചാഹൽ സഖ്യം വിളവെടുത്തതെന്നതാണ് വസ്തുത.

അവിടം കൊണ്ടും നിർത്തിയില്ല പാണ്ഡ്യ. ഇന്ത്യൻ ഫീൽഡർമാർ രണ്ടു വട്ടം കൈവിട്ടു സഹായിച്ചതിനു പിന്നാലെ അർധസെഞ്ചുറിയുമായി കുതിക്കുകയായിരുന്നു ഹാഷിം അംലയെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടുമാക്കി അദ്ദേഹം. 92 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 71 റൺസെടുത്ത അംലയെ പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോ പുറത്താക്കുന്ന കാഴ്ച ഈ മൽസരത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നുമായിരുന്നു.

ഇതിനു പിന്നാലെ വീണ്ടും പിറന്നു മറ്റൊരു പാണ്ഡ്യ നിമിഷം. കുൽദീപ് യാദവിന്റെ പന്തിൽ ടെബ്രായിസ് ഷംസിയെ ഒറ്റക്കൈ കൊണ്ട് പിടികൂടിയ പാണ്ഡ്യയുടെ ഹീറോയിസം ആരാധകരെ വീണ്ടും അയാളോട് അടുപ്പിച്ചു. എന്തുകൊണ്ടും, ഇത് പാണ്ഡ്യയുടെ ദിനം തന്നെ എന്ന് ആരാധകരെ കൊണ്ട് പറയിച്ച പ്രകടനം! പാണ്ഡ്യയുടെ സ്ഥിരത ഇപ്പോഴും ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും, കഠിനാധ്വാനം കൊണ്ട് കീഴടക്കാനാകാത്തതൊന്നുമില്ലെന്ന് ആശ്വസിക്കുകയാണ് ആരാധകർ.

related stories