ആക്രമണോത്സുകത കോഹ്‌ലിക്കു ഗുണമാണ്, ടീമംഗങ്ങൾക്കോ?: കാലിസ്

പോർട്ട് എലിസബത്ത്∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി മൈതാനത്ത് കാട്ടുന്ന ആക്രമണോത്സുകത വീണ്ടും ചർച്ചയാകുന്നു. കോഹ്‍ലിയുെട ആക്രമണോത്സുകത അദ്ദേഹത്തിന് ഗുണകരമാണെങ്കിലും ടീമംഗങ്ങൾക്ക് എല്ലായ്പ്പോഴും അങ്ങനെയാകണമെന്ന് നിർബന്ധമില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ മുൻ താരം ജാക്വസ് കാലിസ് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ആക്രമണോത്സുകത അൽപം കുറയ്ക്കുന്നതാണ് നല്ലതെന്നും കാലിസ് പറഞ്ഞു.

കോഹ്‍ലി മൈതാനത്ത് വലിയ ആക്രമണോത്സുകതയാണ് പുറത്തെടുക്കാറുള്ളത്. അത് അദ്ദേഹത്തിന്റെ പ്രകടനത്തെ സഹായിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ, മറ്റ് താരങ്ങളെ അത് എങ്ങനെ ബാധിക്കുന്നു എന്നതുകൂടി പരിഗണിക്കേണ്ടതുണ്ട്. ആക്രമണോത്സുകത തെല്ലു കുറയ്ക്കുന്നതാണ് നല്ലതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇത് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്ന് ഉറപ്പാണ്. എങ്കിലും തന്റെ സ്വാഭാവികമായ രീതികളിൽനിന്ന് തീർത്തും അദ്ദേഹം പിൻവലിയേണ്ടതുമില്ല – കാലിസ് പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയിൽ കോഹ്‍ലി തീരെ ചെറുപ്പമാണെന്നും വളരുന്തോറും അദ്ദേഹം കൂടുതൽ ശാന്തനാകുമെന്നും കാലിസ് അഭിപ്രായപ്പെട്ടു. ക്യാപ്റ്റനെന്ന നിലയിൽ നമുക്ക് എല്ലായ്പ്പോഴും വളരെയധികം ആക്രമണോത്സുകതയോടെ കളിക്കാനാകില്ല. കോഹ്‍ലി ഇപ്പോഴും ചെറുപ്പമാണ്. പ്രായമാകുമ്പോൾ അദ്ദേഹം കൂടുതൽ പക്വതയാർജിക്കും. എങ്കിൽക്കൂടി ക്രിക്കറ്റ് എന്ന കളിയോട് അദ്ദേഹം പുലർത്തുന്ന അഭിനിവേശം അഭിനന്ദനാർഹമാണ് – കാലിസ് പറഞ്ഞു.