ഫ്ലാറ്റ് പിച്ചിലും സ്വിങ് ബോളിങ്ങിലൂടെ കവിത രചിച്ച് ഭുവി; ഇത് വാണ്ടറേഴ്സിലെ വണ്ടർ!

എന്തൊരു അദ്ഭുതമാണിയാൾ! ഒരു പേസ് ബോളർക്ക് വേണ്ട ആകാരമില്ല, ആക്രമണോത്സുകതയില്ല. കളിക്കളങ്ങളിൽ പൊതുവെ സൗമ്യൻ, മിതവാദി. മറ്റു പേസ് ബോളർമാരെപ്പോലെ ബാറ്റ്സ്മാൻമാരെ തുറിച്ചുനോക്കി പേടിപ്പിക്കുന്ന കുറുക്കുവഴിയും ഇയാൾക്കു സ്വീകാര്യമല്ല. എന്നിരിക്കിലും, പന്തു കയ്യിലെടുത്താൻ എതിരാളികൾ പേടിക്കുന്ന ബോളറായുള്ള ഭുവനേശ്വർ കുമാറെന്ന ആരാധകരുടെ സ്വന്തം ഭുവിയുടെ പകർന്നാട്ടം കളിക്കളങ്ങളെ അദ്ഭുദപ്പെടുത്തുന്നൊരു ക്രിക്കറ്റ് കാഴ്ചയാണ്. ഒരുപക്ഷേ സാക്ഷാൽ രാഹുൽ ദ്രാവിഡിനു ശേഷം ഇങ്ങനെയൊരു കളിക്കാരനെ ഇന്ത്യൻ ക്രിക്കറ്റ് കണ്ടിട്ടുണ്ടോ? സംശയമാണ്.

വാണ്ടറേഴ്സിലേക്കു വരിക. പൊതുവെ ബോളർമാർക്ക് കാര്യമായ സഹായമൊന്നും നൽകാത്ത പിച്ചായിരുന്നു വാണ്ടറേഴ്സിലേത്. ഇത്തരം പിച്ചുകളിൽ കളിച്ചുശീലിച്ച ദക്ഷിണാഫ്രിക്കൻ പേസ് ബോളർമാരുടെ ബോളിങ് പ്രകടനം തന്നെ അതിനു തെളിവ്. ഡെയ്‌ൽ പീറ്റേഴ്സൻ നാല് ഓവറിൽ വഴങ്ങിയത് 48 റൺസാണ്. വിക്കറ്റൊന്നും കിട്ടിയുമില്ല. ജൂനിയർ ഡാല രോഹിതിനെയും റെയ്നയെയും മടക്കി ഞെട്ടിച്ചെങ്കിലും നാല് ഓവറിൽ 47 റൺസ് വഴങ്ങി. ക്രിസ് മോറിസെന്ന പരിചയസമ്പന്നനും നാല് ഓവറിൽ വഴങ്ങിയത് 39 റൺസാണ്. ഇന്ത്യൻ ബോളർമാരുടെ കാര്യവും വ്യത്യസ്തമായില്ല. ഭുവനേശ്വർ ഒഴികെ. ഹാർദിക് പാണ്ഡ്യ നാലോവറിൽ വിട്ടുകൊടുത്തത് 45 റൺസ്. ഉനദ്കട് നാലോവറിൽ 33 റൺസ് നൽകിയപ്പോൾ ചാഹൽ നാലോവറിൽ വിട്ടുകൊടുത്തതു 39 റൺസ്.

4–0–24–5

ഇത്തരം ‘ചത്ത’ പിച്ചുകളെയും സുന്ദരമായ സ്വിങ് ബോളിങ്ങിലൂടെ ഉണർത്താമെന്നു  ഭുവി തെളിയിച്ചു. ബാറ്റ്സ്മാന്മാരുടെ പറുദീസയിൽ അഞ്ചു വിക്കറ്റു വേട്ടയുമായി ഭുവി മിന്നിക്കത്തിയതോടെയാണ് കൈവിട്ടു തുടങ്ങിയ മൽസരം ഇന്ത്യ തിരിച്ചുപിടിച്ചത്. ഇന്ത്യൻ നിരയിൽ റൺസ് വഴങ്ങുന്നതിൽ പിശുക്കു കാട്ടിയ ഏക ബോളർ ഭുവിയായിരുന്നു. മൽസരം അവസാനിക്കുമ്പോൾ ഭുവിയുടെ പേരിനുനേരെ കുറിക്കപ്പെട്ട 4–0–24–5 എന്ന അക്കങ്ങൾ ആരാധകർക്ക് അദ്ഭുതമായത് ഇതുകൊണ്ടൊക്കെയായിരുന്നു.

വമ്പനടിക്കാർ ഏറെയുള്ള ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയ്ക്ക് 204 റൺസെന്നത് അപ്രാപ്യമായ വിജയലക്ഷ്യമൊന്നുമായിരുന്നില്ല. ഡിവില്ലിയേഴ്സ് ഉൾപ്പെടെയുള്ളവർ പരുക്കുമൂലം പുറത്തിരുന്നത് മറക്കുന്നില്ല. അപ്പോഴും രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി സ്വന്തം പേരിലുള്ള ഡേവിഡ് മില്ലർ ഉൾപ്പെടെയുള്ളവർ അവരുടെ നിരയിലുണ്ടായിരുന്നു. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്തപ്പോൾ, എത്ര വലിയ സ്കോറും ചേസ് ചെയ്തു ജയിക്കാമെന്ന പ്രതീക്ഷയും അവർക്കുണ്ടായിരിക്കണമല്ലോ. എന്നാൽ, ട്വന്റി20 കരിയറിലാദ്യമായി അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഭുവി വാണ്ടറേഴ്സിൽ ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി. ഏകദിന പരമ്പരയിൽ കാര്യമായി തിളങ്ങാനാകാതെ പോയത് അയാളെ അലട്ടിയതേയില്ല. ദക്ഷിണാഫ്രിക്കൻ നിരയിലെ ആദ്യ മൂന്നുപേരും വീണതു ഭുവിക്കു മുന്നിൽത്തന്നെ.

ആദ്യ ഇരകൾ സ്മട്സ്, ഡുമിനി

ആദ്യ ഓവറിന്റെ ആദ്യ പന്തിൽത്തന്നെ ബൗണ്ടറി കണ്ടെത്തിയാണ് സ്മട്സിന്റെ നേതൃത്വത്തിൽ ദക്ഷണാഫ്രിക്ക ഭുവിയെ വരവേറ്റത്. ഐപിഎല്ലിലെ ഏറ്റവും വില കൂടിയ പേസ് ബോളറായതിന്റെ ആവേശമടങ്ങും മുൻപേ ദക്ഷിണാഫ്രിക്കയെ നേരിടാനെത്തിയ ഉനദ്ഘടിന്റെ അടുത്ത ഓവറിൽ തുടർച്ചയായി രണ്ടു ബൗണ്ടറി നേടി കരുത്തുകാട്ടിയ സ്മട്സിനെ ഒടുവിൽ ഭുവി തന്നെ മടക്കി. ഒൻപതു പന്തിൽ മൂന്നു ബൗണ്ടറി ഉൾപ്പെടെ 14 റൺസുമായി മികച്ച തുടക്കമിട്ട സ്മട്സിനെ തന്റെ രണ്ടാം ഓവറിലാണ് ഭുവി കൂടാരം കയറ്റിയത്. വേഗം കുറച്ചെത്തിയ ഭുവിയുടെ പന്ത് മിഡ്‌വിക്കറ്റിലേക്കു കളിക്കാനുള്ള സ്മട്സിന്റെ ശ്രമം പിഴച്ചു. വേഗം കുറച്ചെത്തിയ പന്ത് സ്ക്വയർ ലെഗിൽ ധവാന്റെ കൈകളിലേക്ക് അടിച്ചുകൊടുത്ത് സ്മട്സ് മടങ്ങി.

നിലയുറപ്പിച്ചു കളിക്കാൻ ശ്രമിച്ച ക്യാപ്റ്റൻ ജീൻപോൾ ഡുമിനിയായിരുന്നു ഭുവിയുടെ അടുത്ത ഇര. ഏഴു പന്തിൽ മൂന്നു റൺസുമായി ട്രാക്കിലാകാൻ പാടുപെട്ട ഡുമിനിയെ ഭുവി റെയ്നയുടെ കൈകളിലെത്തിച്ചു. ഇക്കുറിയും ഭുവി ആയുധമാക്കിയത വേഗം കുറഞ്ഞ പന്തുതന്നെ. വെറും മൂന്നു റൺസ് മാത്രം വഴങ്ങിയാണ് ഈ ഓവറിൽ ഭുവി ഡുമിനിയെ മടക്കിയത്. മൂന്ന് ഓവർ ബോൾ ചെയ്ത ഭുവി 19 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.

ഒരു വശത്ത് റീസ ഹെൻഡ്രിക്കസിന്റെ മുന്നേറ്റം കണ്ട ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി പതുക്കെ അടുവു മാറ്റി. ഡെത്ത് ഓവറുകളിൽ ഭുവനേശ്വറിന്റെ ഓവർ വേണ്ടിവരുമെന്ന് മുൻകൂട്ടി കണ്ട കോഹ്‍ലി, താരത്തെ പിൻവലിച്ചു. മധ്യ ഓവറുകളിൽ റൺനിരക്ക് നിയന്ത്രിക്കാനുള്ള ചുമതല പാണ്ഡ്യയ്ക്കും ചാഹലിനുമായിരുന്നു. നാലാം വിക്കറ്റിൽ 81 റൺസ് കൂട്ടുകെട്ടു തീർത്ത ഹെൻഡ്രിക്കസ്–ബെഹാർദീൻ സഖ്യം ഇന്ത്യയെ വെല്ലുവിളിച്ചതോടെ കളിയുടെ ഗതി മാറി. ഇടയ്ക്ക് ബെഹാർദീനെ മടക്കി ചാഹൽ അപകടമൊഴിവാക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് ഹെൻഡ്രിക്കസ് മിന്നിക്കത്തി.

നാലു വിക്കറ്റ് സമ്മാനിച്ച മധുരപ്പതിനെട്ട്!

പാണ്ഡ്യ എറിഞ്ഞ 17–ാം ഓവറിന്റെ അവസാന പന്തുകൾ തുടർച്ചയായി സിക്സും ബൗണ്ടറിയും കടത്തിയ ക്ലാസൻ ഫോമിലായതോടെ ഇന്ത്യൻ ക്യാപ്റ്റൻ തന്റെ വജ്രായുധം വീണ്ടെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 18 പന്തിൽ 50 റൺസ് എന്ന നിലയിൽ നിൽക്കെ ആ തീരുമാനം ഫലിച്ചു.

ഭുവനേശ്വർ എറിഞ്ഞ ഈ ഓവർ മാന്ത്രിക സ്പർശമുള്ളതായിരുന്നു. നാല് വിക്കറ്റുകൾ നിലംപൊത്തിയ ഈ ഓവറിൽ ഇന്ത്യൻ ടീം ഹാട്രിക്കും നേടി. മികച്ച ഫോമിലുള്ള ഹെൻഡ്രിക്കസിനെ പവലിയനിലെത്തിച്ചാണ് ഭുവി ഓവർ തുടങ്ങിയത്. ഭുവിയുടെ ഗുഡ് ലെങ്ത് ബോളിൽ ബാറ്റുവച്ച ഹെൻഡ്രിക്കസ് ധോണിയുടെ കൈകളിൽ ഒതുങ്ങി. രണ്ടാം പന്തിൽ ക്ലാസന്റെ വക രണ്ടു റൺസ്. മൂന്നാം പന്തിലും ക്ലാസൻ വക രണ്ടു റൺ.

പിന്നാലെ ഭുവി യഥാർഥ ഭുവിയായി. ഓവർപിച്ചായെത്തിയ നാലാം പന്തിൽ കൂറ്റനടിക്കു ശ്രമിച്ച ക്ലാസൻ ലോങ് ഓണിൽ റെയ്നയുടെ കൈകളിൽ ഒതുങ്ങി. അടുത്തത് ക്രിസ് മോറിസിന്റെ ഊഴം. ഭുവിയുടെ സ്ലോ ബോള്‍ ബൗണ്ടറി കടത്താനുള്ള മോറിസിന്റെ ശ്രമവും ലോങ് ഓണിൽ റെയ്നയുടെ കൈകളിലേക്ക്. ഭുവിയുടെ വിക്കറ്റ് നേട്ടം അഞ്ചായി ഉയർന്നു. സ്കോർ ബോർഡിനു സമീപം ഭുവനേശ്വർ ഹാട്രിക്കിനരികെ എന്നു തെളിഞ്ഞു.

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കവെ, ആറാം പന്ത് പാറ്റേഴ്സൻ പോയിന്റിലേക്ക് തട്ടിയിട്ടു. ഹാർദിക് പാണ്ഡ്യയുടെ ഫീൽഡിങ് പിഴവിൽ രണ്ടാം റണ്ണിന് ശ്രമിച്ച പാറ്റേഴ്സന് പിഴച്ചു. പാണ്ഡ്യയുടെ ത്രോയിൽ ധോണി വഴി പാറ്റേഴ്സൻ റണ്ണൗട്ട്. ഒൻപതാം വിക്കറ്റും വീണതോടെ ദക്ഷിണാഫ്രിക്കയും മൽസരത്തിൽനിന്ന് ഏതാണ്ട് ഔട്ട്! ഭുവിക്ക് ഹാട്രിക് നഷ്ടമായെങ്കിലും ടീമിന് ഹാട്രിക്ക് നേട്ടവും.

റെക്കോർഡുയരെ ഭുവി

ട്വന്റി20യിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ പേസ് ബോളറാണ് ഭുവനേശ്വർ. യുസ്‌വേന്ദ്ര ചാഹലിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരവും. 25 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതാണ് ചാഹലിന്റെ മികച്ച പ്രകടനം. ഇതിനെല്ലാം പുറമെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായും ഭുവി മാറി.

പാക്കിസ്ഥാന്റെ ഉമർ ഗുൽ (ആറു റൺസിന് അഞ്ച് വിക്കറ്റ്), ബംഗ്ലദേശിന്റെ അഹ്സൻ മാലിക് (19 റൺസിന് അഞ്ചു വിക്കറ്റ്) എന്നിവർക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ബോളറുടെ മികച്ച പ്രകടനം കൂടിയാണ് ഭുവിയുടേത്.