കോഹ്‍ലിയുടെ വിക്കറ്റു കിട്ടിയതും ഷംസി ഓടിയ ഓട്ടമാണ് ഓട്ടം; വൈറലായി വിഡിയോ

ജൊഹാനസ്ബർഗ് ∙ ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി20 മൽസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നേടിയ ശേഷമുള്ള ദക്ഷിണാഫ്രിക്കൻ താരം ടെബ്രായിസ് ഷംസിയുടെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായി.  പന്ത് കോഹ്‍ലിയുടെ പാഡിൽത്തട്ടിയതോടെ വിക്കറ്റിനായി അപ്പീൽ ചെയ്തുകൊണ്ട് ഷംസി ഓടിയ ഓട്ടമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

ദക്ഷിണാഫ്രിക്കയുടെ തന്നെ ഇമ്രാൻ താഹിറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഷംസിയുടെ ആഹ്ലാദം. ഇന്ത്യൻ ഇന്നിങ്സിന്റെ 10–ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. പന്ത് പാഡില്‍ തട്ടിയ ഉടനെ ഓടി ബാറ്റ്സ്മാന്റെ എൻഡുവരെയെത്തിയ ഷംസി അവിടെ നിന്നും അപ്പീൽ ചെയ്യുകയായിരുന്നു. കോഹ്‍ലി പുറത്തായെന്നു കാട്ടി അംപയറിന്റെ വിരൽ വായുവിൽ ഉയർന്നതോടെ ഷംസി വീണ്ടും ഓടി.

അംപയറിന്റെ തീരുമാനം കോഹ്‍ലി റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 26 റൺസെടുത്താണ് കോഹ്‍ലി പുറത്തായത്.