Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടേക്കു വരുമ്പോൾ സെഞ്ചുറിയില്ലെന്ന പേരുദോഷം; മടങ്ങുമ്പോഴോ, സെഞ്ചുറിനേട്ടത്തിന്റെ നെറുകയിലും!

Kohli-Commando

സർജിക്കൽ സ്ട്രൈക്കും നേരിട്ടുള്ള യുദ്ധവും പോലുള്ള വ്യത്യാസമുണ്ടു വിരാട് കോഹ്‌ലിയുടെയും മറ്റു താരങ്ങളുടെയും സെഞ്ചുറി പ്രകടനങ്ങൾ തമ്മിൽ. എന്തും അതിജീവിക്കാൻ പ്രാപ്തനായൊരു കമാൻഡോ അനായാസം തന്റെ മിഷൻ പൂർത്തിയാക്കിപ്പോകും പോലെ ലളിതമാണു ക്രീസിൽ കോഹ്‌ലി തീർക്കുന്ന ശതകങ്ങൾ. കൊണ്ടും കൊടുത്തും മുന്നേറുന്നൊരു യുദ്ധമുഖത്തെ തന്ത്രങ്ങളിൽ നിന്നു വിഭിന്നമായി, ഏകപക്ഷീയമെന്നു പ്രതിയോഗികൾക്കു പോലും തോന്നിപ്പോകുന്ന, പഴുതടച്ച ‘ബാറ്റിങ് ഓപ്പറേഷൻ’. എതിരാളികൾക്കു ഞെട്ടലുണ്ടാക്കുന്ന, ഒരെത്തും പിടിയും കൊടുക്കാത്ത ആ മിന്നൽ പ്രഹരത്തിൽ അയാൾ സ്വന്തം ടീമിന്റെ വിജയവും ഉറപ്പാക്കിയിരിക്കും.

ഏകദിനത്തിന്റെ യുദ്ധക്കളത്തിൽ‌ വിരാട് കോഹ്‌ലിയുടെ ‘സെഞ്ചൂറിയൻ സ്ട്രൈക്കിനെ’ പുതിയ തലത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് ഈ ദക്ഷിണാഫ്രിക്കൻ പര്യടനം. ഇന്ത്യൻ ബാറ്റിങ് കരുത്തിന്റെ പരീക്ഷണവേദിയായ ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഒരു ഏകദിന ശതകം പോലുമില്ലെന്ന പഴിയും കേട്ടാണ് ഇന്ത്യൻ നായകൻ പര്യടനത്തിനു തിരിച്ചത്. തിരിച്ചെത്തുന്നതാവട്ടെ, ദക്ഷിണാഫ്രിക്കൻ മണ്ണിൽ നടക്കുന്ന ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വിദേശതാരമെന്ന റെക്കോർഡിനൊപ്പവും.

ഇനിയും പൂർത്തിയാകാത്ത സന്ദർശനത്തിൽ കൈനിറയെ റൺസും സമാനതകളില്ലാത്ത റെക്കോർഡുകളുമായി ചരിത്രമെഴുതുകയാണ് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്തെത്തിയ വിരാട് കോഹ്‌ലി. 

 കോഹ്‌ലി ‘മൊമന്റം’ സീരീസ്

ഡർബനിലെ കിങ്സ്മീഡ് – വേഗക്കെണിയുള്ള ഈ മൈതാനം കാട്ടിയാണു ദക്ഷിണാഫ്രിക്ക സന്ദർശക ടീമുകളെ,  പ്രത്യേകിച്ചും ഇന്ത്യയെപോലെ പേസിനെ പേടിയുള്ള ടീമുകളെ ഭീഷണിപ്പെടുത്താറുള്ളത്. എന്നാൽ ഇക്കുറി ഡർബനിലെ പിച്ചു വേദിയായതു ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ കീഴടങ്ങലിനായിരുന്നില്ല, വിരാട് കോഹ്‌ലിയുടെ പ്രതികാരത്തിനാണ്. ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടെത്തുന്ന ഇന്ത്യയ്ക്കെതിരെ വിജയം സുനിശ്ചിതമെന്നു കമന്റേറ്റർമാർ പലവട്ടം പറഞ്ഞുറപ്പിച്ച ടോട്ടൽ ഉയർത്തിയാണ് ആദ്യ ഏകദിനത്തിൽ ആതിഥേയർ ഇന്നിങ്സ് പൂർത്തിയാക്കിയത്.

ഡുപ്ലെസിയും സംഘവും ചേർന്നൊരുക്കിയ റൺ കൂമ്പാരം സാക്ഷിയാക്കി റബാഡയും സംഘവും അതിഥികളെ തകർക്കുമെന്ന കണക്കുകൂട്ടലുകൾക്കു കോഹ്‌ലി ക്രീസിലെത്തുംവരെ മാത്രമേ ബലമുണ്ടായിരുന്നുള്ളൂ. അപ്രാപ്യമെന്നു തോന്നിപ്പിച്ച റൺചേസിൽ നായകനായി കോഹ്‌ലി സന്ദർശകരെ വിജയത്തിലെത്തിച്ചു. കരുതലും ലക്ഷ്യവും സമ്മേളിച്ച തനതു കോഹ്‌ലി ചേസിങ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ കോഹ്‌ലിയുടെ ആദ്യ ഏകദിന ശതകം കൂടിയായിരുന്നു അത്.

ഗ്രൗണ്ടിനു നേർക്കു പലവട്ടം ചൂണ്ടിക്കാട്ടി ആ സെഞ്ചുറി ആഘോഷിച്ച ഇന്ത്യൻ ക്യാപ്റ്റന്റെ ശരീരഭാഷ ഒരു കാര്യം കൂടി വിളിച്ചോതുന്നുണ്ടായിരുന്നു – എകദിന പരമ്പര തങ്ങൾ ജയിക്കാൻ‍ വേണ്ടി കളിക്കുന്നതാണെന്ന്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു ശതകം കൂടി അടിച്ചുകൂട്ടി കോഹ്‌ലി ആ വെല്ലുവിളി പൂർത്തിയാക്കുക തന്നെ ചെയ്തു. ദക്ഷിണാഫ്രിക്കയിൽ ടീം ഇന്ത്യയുടെ ആദ്യ പരമ്പര വിജയം. അസ്ഹറിനും ഗാംഗുലിക്കും ധോണിക്കും സാധിക്കാൻ കഴിയാത്ത നേട്ടം സ്വന്തം ബാറ്റിങ് കരുത്തിലൂടെ സ്വന്തമാക്കുകയായിരുന്നു ക്യാപ്റ്റൻ കോഹ്‌ലി.

വെറും എണ്ണം കൊണ്ട് അളക്കേണ്ടവയല്ല ഈ ശതകങ്ങൾ. ഒരു ബാറ്റ്സ്മാന്റെ നിശ്ചയദാർഢ്യം നിറഞ്ഞുനിൽക്കുന്ന ഇന്നിങ്സുകൾ എന്നുതന്നെ പറഞ്ഞേ മതിയാകൂ. ഡർബനിലെ ആദ്യശതകം മുതൽ അനായാസമെന്നു പറയാവുന്ന സെഞ്ചൂറിയനിലെ ശതകം വരെ ഒന്നിനൊന്നു വ്യത്യസ്തമായ കോഹ്‌ലി പകർന്നാട്ടങ്ങൾക്കാണ് ഏകദിന പരമ്പര സാക്ഷിയായത്. കഠിനാധ്വാനം ചെയ്ത് ഓടിക്കൂട്ടിയ റൺസുകളും മോശം പന്തുകൾക്കായി കാത്തുനിന്നു സ്വന്തമാക്കിയ ബൗണ്ടറികളും അലങ്കരിച്ചതാണു ഡർബനിലെ 112 റൺസിന്റെ ഇന്നിങ്സ്. ന്യൂലാൻഡ്സിലെ 160 റൺസ് വാരിക്കൂട്ടിയ ഇന്നിങ്സിലും തെളിയുന്നുണ്ടൊരു എക്സ്ട്രാ മാസ്റ്റർ ക്ലാസ്. മറ്റു ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടിടത്തായിരുന്നു ക്യാപ്റ്റന്റെ ജാഗ്രതയും കൂടി നിറഞ്ഞ ആ ഇന്നിങ്സിന്റെ പിറവി.

വിക്കറ്റിനു വില കൽപിച്ച്, ബൗണ്ടറിക്കു പിന്നാലെ പായാതെ ശ്രദ്ധയോടെ കെട്ടിപ്പടുത്ത ആ ഇന്നിങ്സ് മൂന്നക്കം പിന്നിട്ടതോടെ തന്റെ വിശ്വരൂപം കാണിക്കാനും കോഹ്‌ലി മറന്നില്ല. സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിലെ ശതകത്തിന് ഒരു സൂപ്പർ സ്റ്റാർ സിനിമയുടെ അമാനുഷികതയുണ്ട്. വെറും 204 റൺസ് ജയിക്കാൻ വേണ്ടിടത്താണു എതിരാളികളെ തെല്ലും ബഹുമാനിക്കാതെ 96 പന്തിൽ 129 റൺസ് അടിച്ചുകൂട്ടിയ ‘കൾട്ട് ഹീറോയിസം’ പിറന്നത്. ഇന്ത്യൻ മധ്യനിരയുടെ പരാജയം മൽസരഫലത്തെ ബാധിക്കാതെ മറച്ചുപിടിക്കാൻ കഴിഞ്ഞു എന്നതു കൂടി ചേർത്തുവായിക്കണം കോഹ്‌ലി കളിച്ച ഇന്നിങ്സുകളുടെ മൂല്യം അറിയാൻ.

റെക്കോർഡുകളിലെ വിരാടവീര്യം

ആറു മൽസരങ്ങളിൽ നിന്ന് 186 റൺസ് ശരാശരിയിൽ 558 റൺസ്, സ്ട്രൈക്ക് റേറ്റ് 99.46 % – വിരാട് വിജയിക്കാത്തയിടം എന്ന മട്ടിൽ വിമർശകർ വിശേഷിപ്പിച്ചു തുടങ്ങിയ വിദേശ മണ്ണിലാണ് ഈ അതിശയക്കണക്കുമായുള്ള കോഹ്‌ലിയുടെ മറുപടി. ആതിഥേയരുടെ ഡിവില്ലിയേഴ്സും ഡുപ്ലസിയും ഹാഷിം അംലയും ഡേവിഡ് മില്ലറും ഒരുമിച്ചു ചേർന്നു നേടിയതിനേക്കാൾ മേലെയാണു കോഹ്‌ലി ഒറ്റയ്ക്കു വാരിക്കൂട്ടിയ റൺശേഖരം. ഏകദിനത്തിലൊരു അവിസ്മരണീയ ജയം കൂടാതെ ഒരു കൂട്ടം വ്യക്തിഗത നേട്ടങ്ങളും കടപുഴകിയിട്ടുണ്ട്  ഈ പടയോട്ടത്തിൽ.

ദക്ഷിണാഫ്രിക്കയിൽ കോഹ്‌ലി അത്ര പോരെന്ന് ഇനിയാരും പറയില്ല. ടെസ്റ്റിലും ഏകദിനത്തിലുമായി എണ്ണൂറിലേറെ റൺസ് കണ്ടെത്തിയ ഈയൊരു പര്യടനം മാത്രം മതിയാകും ഇരുപത്തിയൊൻപതുകാരനായ കോഹ്‌ലിക്കു കരിയറിൽ ഉടനീളം വിമർശനത്തിന്റെ മുനയൊടിക്കാൻ. ദക്ഷിണാഫ്രിക്കയിൽ ഒരു ഏകദിന പരമ്പരയിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ ഇനി ഇന്ത്യൻ നായകനാണ്. തകർന്നതു കെവിൻ പീറ്റേഴ്സന്റെ ഒരു പതിറ്റാണ്ടു മുൻപുള്ള കണക്കുകൾ.

ദക്ഷിണാഫ്രിക്കൻ മണ്ണിൽ മാത്രമൊതുങ്ങുന്നതല്ല ഈ റെക്കോർഡ്. രണ്ടു ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ഏതൊരു ഏകദിനപരമ്പരയിലെയും ഉയർന്ന റൺ സമ്പാദ്യമാണു കോഹ്‌ലി‌യുടെ 558 റൺസ്. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണു പഴങ്കഥയായത്. ഇന്ത്യയിലെ ഫ്ലാറ്റ് വിക്കറ്റുകളിൽ നിന്നു 491 റൺസ് നേടിയ രോഹിതിന്റെ കണക്കുകളെ കോഹ്‌ലി മറികടന്നതു കിങ്സ്മീഡിലെയും സൂപ്പർസ്പോർട് പാർക്കിലെയും പ്രകടനം കൊണ്ടാണെന്നു കൂടി പറയുമ്പോഴേ ചിത്രം പൂർണമാകൂ. ക്യാപ്റ്റനെന്ന നിലയിലും കോഹ്‌ലിക്കു സദ്പേര് സമ്മാനിച്ചിട്ടുണ്ട് ഈ പരമ്പര. ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന ക്യാപ്റ്റൻ എന്ന ബഹുമതി ഓസ്ട്രേലിയയുടെ ജോർജ് ബെയ്‌ലിയിൽ നിന്നു കോഹ്‌ലിയുടെ േപരിലെത്തി.

ഏകദിന പരമ്പരയിൽ 500 കടക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് കോഹ്‌ലിയുടെ പേരിലാകുന്നതോടെ ഏകദിനങ്ങളിലെ റൺവേട്ടയുടെ അളവുകോൽ കൂടി മാറുകയാണ്. എൺപതുകളുടെ തുടക്കത്തിൽ സഹീർ അബാസ് 300 റൺസ് ആയും പിന്നീടു ഡെസ്മണ്ട് ഹെയ്ൻസ് 400 റൺസായും ഉയർത്തിയ മാനദണ്ഡമാണു വർഷങ്ങൾക്കിപ്പുറം വിരാട് കോഹ്‌ലിയിലൂടെ വീണ്ടും തിരുത്തപ്പെടുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ വിരാടിന്റെ റൺസ് ശേഖരം 17000 എന്ന മാന്ത്രികസംഖ്യ പിന്നിടുന്നതിനും ദക്ഷിണാഫ്രിക്കൻ സഫാരി സാക്ഷിയായി. ഏറ്റവും വേഗത്തിൽ 17000 റൺസ് തികയ്ക്കുന്ന ക്രിക്കറ്റർ എന്ന മികവോടെയാണ് ഈ നേട്ടം. 381 ഇന്നിങ്സുകളിൽ നിന്നു ഈ നേട്ടം കൈവരിച്ച ഹാഷിം അംലയുടെ വേഗമാണു ഡൽഹി താരം പിന്നാക്കം തള്ളിയത്.

363 ഇന്നിങ്സിൽ നിന്നാണു കോഹ്‌ലിയുടെ പതിനേഴായിരപ്പിറവി. റൺവേട്ടയിൽ കോഹ്‌ലിയുടെ ബദ്ധവൈരിയായ അംല 16000 റൺസ് തികച്ച സമയത്തു കളിച്ച ഇന്നിങ്സുകളുടെ എണ്ണം കൂടിയാണിത് ! ആറാം ഏകദിനത്തിലെ സെഞ്ചുറി നേട്ടം വിരാട് കോഹ്‌ലിയുടെ കരിയറിലെ 35–ാം ശതകം കൂടിയാണ്. സച്ചിൻ തെൻഡുൽക്കറിനു പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററും കോഹ്‌ലി‌ തന്നെ. സച്ചിന് ഈ സംഖ്യയിലെത്താൻ 309 ഇന്നിങ്സ് വേണ്ടിവന്നു. കോഹ്‌ലിക്കു വേണ്ടി വന്നതാവട്ടെ വെറും 200 ഇന്നിങ്സും. 

related stories