Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്രാവിഡ് സാർ കാർക്കശ്യക്കാരനായിരുന്നു, ഞങ്ങൾക്കു ചെറിയ പേടിയുമുണ്ടായിരുന്നു: നാഗർകോട്ടി

U-19-Team-Dravid

മുംബൈ ∙ ന്യൂസീലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിലെ അനുഭവങ്ങൾ പങ്കുവച്ച് ഇന്ത്യൻ ടീമംഗം കംലേഷ് നാഗർകോട്ടി. ലോകകപ്പിന്റെ സമയത്ത് എല്ലാ താരങ്ങള്‍ക്കും ചില നിയന്ത്രണങ്ങളും പരിശീലകൻ രാഹുൽ ദ്രാവിഡ് എർപ്പെടുത്തിയിരുന്നെന്ന് നാഗർകോട്ടി വെളിപ്പെടുത്തി. ടീമംഗങ്ങൾക്കുമേൽ അദ്ദേഹം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ലംഘിക്കാൻ എല്ലാവർക്കും മനസ്സിൽ ഭയമായിരുന്നുവെന്നും നാഗർകോട്ടി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മൽസര ദിനങ്ങളുടെ ഇടവേളകളിൽ ആവേശം മൂത്ത് ചില സാഹസിക പ്രകടനങ്ങൾക്ക് ടീം പദ്ധതിയിട്ടെങ്കിലും അത്തരം ശ്രമങ്ങളെല്ലാം ദ്രാവിഡ് വിലക്കിയതായി നാഗർകോട്ടി വെളിപ്പെടുത്തി. ലോകകപ്പ് നടക്കുന്ന സമയത്ത് അനാവശ്യ പരിപാടികൾക്ക് പോകുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

ദ്രാവിഡിന്റെ കാർക്കശ്യ നിലപാട് വിശദീകരിക്കാൻ ഒരു സംഭവവും നാഗർകോട്ടി വെളിപ്പെടുത്തി. സഹതാരങ്ങളായ ശിവം മാവി, കൽറ എന്നിവർക്കൊപ്പം ന്യൂസീലൻഡിലെ ക്യൂൻസ്ടൗണിലുള്ള പർവത പ്രദേശത്ത് ഒരു മാധ്യമത്തിന് അഭിമുഖം നൽകുകയായിരുന്നു നാഗർകോട്ടി. ഇതിനിടെ ഇവിടെ ചില സാഹസിക പരിപാടികൾക്ക് മൂവർസംഘം പദ്ധതിയിട്ടെങ്കിലും ദ്രാവിഡ് ഇത് തടഞ്ഞു. പരുക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നും ലോകകപ്പിന്റെ സമയത്ത് ഇത്തരം സാഹസികതകൾക്ക് പോകേണ്ടതില്ലെന്നുമായിരുന്നു ദ്രാവിഡിന്റെ നിർദ്ദേശം. ഇതോടെ ഇവർ പരിപാടി തന്നെ ഉപേക്ഷിക്കുകയും ചെയ്തു.

മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെ നിയന്ത്രിച്ച് ദ്രാവിഡ് ടീമംഗങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങളും ലോകകപ്പ് വിജയത്തിനു പിന്നാലെ പുറത്തായിരുന്നു. ഫൈനല്‍ കഴിയും വരെ മൊബൈല്‍ ഓഫ് ആക്കി വയ്ക്കുക. വാട്സാപ്പ് സന്ദേശങ്ങള്‍ അയക്കാതെയും നോക്കാതെയും ഇരിക്കുക. മാധ്യമങ്ങളോട് സംസാരിക്കാതെയും മാധ്യമങ്ങളില്‍ വരുന്നത് വായിക്കാതെയും ഇരിക്കുക. എന്തിനും ഏതിനും എടുത്തചാടുന്ന കൗമാരപ്രായക്കാരുടെ മുഴുവന്‍ സമയ ശ്രദ്ധയും ക്രിക്കറ്റില്‍ കേന്ദ്രീകരിക്കുന്നതിനായിരുന്നു ഇത്.

ലോകകപ്പിന്റെ സമയത്ത് നടന്ന ഐപിഎൽ താരലേലത്തിലും ശ്രദ്ധിക്കേണ്ടതില്ലെന്ന് ദ്രാവിഡ് ടീമംഗങ്ങളോട് പറഞ്ഞിരുന്നു. ഐപിഎല്‍ ലേലം എല്ലാ വര്‍ഷവും ഉണ്ട്. എന്നാല്‍ ലോകകപ്പ് വീണ്ടും നിങ്ങള്‍ക്ക് ലഭിക്കുകയില്ല. അതിനാല്‍ ലോകകപ്പിലെ പ്രകടനത്തെക്കുറിച്ച് മാത്രം ചിന്തിക്കുക. ഐപിഎല്ലില്‍ ഇപ്പോള്‍ കളിച്ചില്ലെന്നു കരുതി നിങ്ങളുടെ കരിയറിനെ മോശമായി ബാധിക്കില്ല. എന്നാല്‍ ലോക കിരീടം നിങ്ങളുടെ ഭാവി മാറ്റി മറിക്കും. സ്ഥിരതയുള്ള പ്രകടനം സീനിയര്‍ ടീമിലേക്കും അതുവഴി രാജ്യത്തിന്റെ അഭിമാനമാകുന്നതിനും വഴിവയ്ക്കും എന്നാണ് ദ്രാവിഡ് ടീമിനോട് പറഞ്ഞത്. 

related stories