Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ‘വിടവു’ നികത്താൻ റെയ്നയ്ക്കാകുമോ?; ആരാധകർ പ്രതീക്ഷയിലാണ്!

Suresh-Raina

സുരേഷ് കുമാർ റെയ്നയെന്ന സുരേഷ് റെയ്നയുടെ യോഗമാണ് യോഗം! രണ്ടു മാസം മുൻപുവരെ ഇന്ത്യൻ ദേശീയ ടീമിന്റെ പോയിട്ട്, ടീമിന്റെ സാധ്യതാ പട്ടികയുടെ പോലും ഏഴയലത്തു പേരില്ലാതിരുന്ന ഈ ഉത്തർപ്രദേശുകാരനിതാ, ഒരിക്കൽക്കൂടി ടീം ഇന്ത്യയുടെ നട്ടെല്ലായി മാറുന്നു. ഏതാണ്ട് ‘തീർന്നു’ എന്നു കരുതിയിടത്തുനിന്നുള്ള റെയ്നയുടെ ഈ തിരിച്ചുവരവിന് കായികരംഗത്ത് എന്നും ആവേശം വിതറിയിട്ടുള്ള ‘അതിജീവന’ത്തിന്റെ ഭംഗിയുണ്ട്. ക്രിക്കറ്റ് കളങ്ങളിൽ, പ്രത്യേകിച്ചും ഇന്ത്യൻ ക്രിക്കറ്റിൽ ഇത്തരം അതിജീവനങ്ങൾക്ക് വംശനാശം നേരിടുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

പ്രായം അധികമൊന്നുമില്ല ഈ മധ്യനിര താരത്തിന്. ഇക്കഴിഞ്ഞ നവംബറിലാണ് റെയ്നയ്ക്ക് 31 വയസ്സു പൂർത്തിയായത്. ക്രിക്കറ്റിൽ ഇത് വലിയ പ്രായമാണെന്നു പറഞ്ഞാൽ കുറഞ്ഞപക്ഷം കടുത്ത ധോണി ആരാധകരെങ്കിലും എതിർക്കും (ചുമ്മാ!). എന്തായാലും, പൂർണമായും കെട്ടടങ്ങിയെന്നു കരുതിയിടത്തുനിന്ന് കനൽ ഊതിയൂതി നെരിപ്പോടു തീർക്കുന്ന കാഴ്ചവട്ടം സമ്മാനിച്ച് ആ ഇടംകയ്യൻ മാന്ത്രികത ഇന്ത്യൻ ക്രിക്കറ്റിനു തിരികെ ലഭിച്ചിരിക്കുന്നുവെന്നത് പുതുവർഷത്തിലെ നല്ലൊരു വിശേഷം തന്നെ.

ഭാഗ്യവർഷമാകുമോ 2018?

2017 അവസാനം വരെ ടീമുമായി ബന്ധപ്പെട്ട ചർച്ചകളിൽപ്പോലും ഉണ്ടായിരുന്നില്ല റെയ്ന. അല്ലെങ്കിലും ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കുന്ന നിർണായക സമയത്ത് ആഭ്യന്തര ക്രിക്കറ്റിൽ പോലും സാന്നിധ്യമറിയിക്കാൻ സാധിക്കാത്ത താരത്തെ പരിഗണിക്കുന്നതെങ്ങനെ! കഴിഞ്ഞ വർഷം അവസാനം കളിച്ച അഞ്ച് രഞ്ജി ട്രോഫി മൽസരങ്ങളിൽനിന്ന് 11.06 റൺസ് ശരാശരിയിൽ 105 റൺസായിരുന്നു റെയ്നുടെ സമ്പാദ്യം. ഉത്തർപ്രദേശിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന റെയ്നയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച ഏഴു താരങ്ങൾ ടീമിലുണ്ടായിരുന്നു. ഫോമില്ലായ്മയ്ക്കു പുറമെ ശാരീരികക്ഷമത തെളിയിക്കുന്നതിനുള്ള യോ–യോ ടെസ്റ്റിൽ പരാജയപ്പെടുക കൂടി ചെയ്തതോടെ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച അവസ്ഥയിലായി റെയ്ന.

എന്നാൽ, 2018ൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനെതിരെ കൊൽക്കത്തയിൽ 56 പന്തിൽ 126 റൺസ് നേടിയ പ്രകടനം സുരേഷ് റെയ്നയെ വീണ്ടും ആരാധകരുടെ ശ്രദ്ധയിലെത്തിച്ചു. സിലക്ടർമാരുടെയും. അടുത്ത രണ്ടു മൽസരങ്ങളിലും അർധസെഞ്ചുറിയും (തമിഴ്നാടിനെതിരെ 61, ബറോഡയ്ക്കെതിരെ 56) നേടിയതോടെ റെയ്നയുടെ ആത്മവിശ്വാസവും താരത്തിൽ ആരാധകർക്കും സിലക്ടർമാർക്കുമുള്ള വിശ്വാസവും കുതിച്ചുയർന്നു.

ഇതിനിടെ, ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്സ് ധോണിക്കും ജഡേജയ്ക്കുമൊപ്പം റെയ്നയെ ടീമിൽ നിലനിർത്തിയതും താരത്തിന്റെ ആത്മവിശ്വാസം കൂട്ടി. ഇതിനെല്ലാം പിന്നാലെയാണ് റെയ്ന‌യ്ക്കു ടീമിലേക്കു വിളിയെത്തിയത്.

മടങ്ങിവന്ന സമയം കൊള്ളാം!

മടങ്ങിവരവിന്റെ രീതിയേക്കാൾ ആ വരവിന്റെ സമയമാണ് റെയ്നയ്ക്ക് ഏറ്റവും ഗുണകരമായത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഏകദിന, ട്വന്റി20 പരമ്പരകളിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും ടീമിന്റെ, പ്രത്യേകിച്ചും മധ്യനിരയുടെ കെട്ടുറപ്പു സംശയത്തിലായ സമയത്താണ് മുറുക്കമുള്ളൊരു ബാറ്റും അതിൽനിന്നൊഴുകുന്ന റണ്ണുമായി റെയ്നയുടെ അവതാരം. ഇന്ത്യൻ ബാറ്റിങ്ങിന്റെ മധ്യനിരയിലെ തകർച്ചയ്ക്കുള്ള മരുന്ന് ആ ബാറ്റിലുണ്ടെന്ന് ആരാധകർ കരുതിയാൽ കുറ്റം പറയാനൊക്കുമോ?

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ 5–1ന്റെ മിന്നും ജയം നേടിയെങ്കിലും അത് വിരാട് കോഹ്‍ലിയെന്ന ക്യാപ്റ്റന്റെ അതുല്യ പ്രകടനത്തിന്റെ മാത്രം പിൻബലത്തിലായിരുന്നുവെന്നത് ക്രിക്കറ്റ് ശ്രദ്ധിക്കുന്നവർക്കറിയാം. അല്ലെങ്കിലും, ആറ് മൽസരങ്ങളിൽനിന്ന് 558 റൺസ് അടിച്ചുകൂട്ടിയ ഒരു റൺമെഷീൻ കോഹ്‍ലിയുടെ രൂപത്തിൽ ടീമിലുള്ളപ്പോൾ എങ്ങനെ തോൽക്കാനാണ്! മികച്ച പിന്തുണയുമായി കളം നിറഞ്ഞ ശിഖർ ധവാൻ, ഒറ്റപ്പെട്ടതെങ്കിലും വിലപ്പെട്ട ഇന്നിങ്സുകൾ കളിച്ച അജിങ്ക്യ രഹാനെ, രോഹിത് ശർമ എന്നിവരുടെ സംഭാവനകളും മറക്കാവുന്നതല്ല.

ആദ്യ ഏകദിനത്തിലെ രഹാനെയുടെ പ്രകടനമൊഴികെ അവിടുന്നങ്ങോട്ട് മധ്യനിര താരങ്ങളുടെ പ്രകടനം തീർത്തും ‘ദരിദ്ര’മായിരുന്നു. രഹാനെയ്ക്കു ശേഷം ഹാർദിക് പാണ്ഡ്യ, എം.എസ്. ധോണി, ശ്രേയസ് അയ്യർ, കേദാർ ജാദവ് തുടങ്ങിയവർക്കൊന്നും കാര്യമായി സാന്നിധ്യമറിയിക്കാനായില്ലെന്നതാണ് വാസ്തവം. കോഹ്‍ലിയുടെ മിന്നും പ്രകടനത്തിൽ ഈ ബലഹീനത അത്രകണ്ടു വെളിപ്പെട്ടില്ലെങ്കിലും കളിയെ കാര്യമായി ശ്രദ്ധിക്കുന്നവർക്ക് ആശങ്ക സമ്മാനിച്ച പ്രകടനമായിരുന്നു ഇന്ത്യൻ മധ്യനിരയുടേതെന്നു പറയാതെ വയ്യ.

ആതിഥേയരെ മുക്കി ‘റൺ റെയിൻ(അ)’!

നേടിയ റൺസിന്റെ വലുപ്പത്തേക്കാൾ അതു നേടിയ രീതികൊണ്ടു കൂടിയാണ് ട്വന്റി20 പരമ്പരയിൽ റെയ്ന ആരാധകരുടെ ഇഷ്ടം സ്വന്തമാക്കിയത്. ഏതാണ്ട് ഒരു വർഷത്തിനുശേഷമാണ് റെയ്ന ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തിയതെന്നും ഓർക്കണം. ആദ്യ മൽസരത്തിൽ നേരിട്ട മൂന്നാം പന്തു തന്നെ റെയ്ന ഗാലറിയിലെത്തിച്ചു. തൊട്ടടുത്ത പന്ത് നിലം പറ്റെയും ബൗണ്ടറി കടന്നു.

രണ്ടാം മൽസരത്തിലും ആ പതിവു മാറിയില്ല. നേരിട്ട മൂന്നാം പന്തു തന്നെ ബൗണ്ടറിലൈനെ ചുംബിച്ചു. മൂന്നാം മൽസരത്തിൽ നേരിട്ട രണ്ടാം പന്തുതന്നെ സ്ക്വയർ ലെഗ്ഗിലൂടെ ഗാലറിയിലെത്തി. മൂന്നു മൽസരങ്ങളിൽനിന്ന് 88 റൺസേ നേടിയുള്ളൂവെങ്കിലും അത്രതന്നെ മൽസരങ്ങളിൽനിന്ന് 143 റൺസ് സ്വന്തമാക്കിയ ശിഖർ ധവാനേക്കാൾ ഇന്നിങ്സിൽ സാന്നിധ്യമറിയിക്കാനും സ്വാധീനം ചെലുത്താനും റെയ്നയ്ക്കായി. റെയ്ന ക്രീസിൽ നിൽക്കുമ്പോൾ ആ പഴയ റെയ്നയെത്തന്നെയാണ് ആരാധകർ കളത്തിൽ കണ്ടതെന്നതും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് മറ്റൊരു സുവിശേഷം തന്നെ!

ഏഴു പന്തിൽ 15

വാണ്ടറേഴ്സിൽ നടന്ന ആദ്യ മൽസരത്തിൽ ഏഴു പന്തു മാത്രമാണ് റെയ്നയുടെ ഇന്നിങ്സ് നീണ്ടത്. ഒരു വർഷത്തിനിപ്പുറവും തന്റെ ബാറ്റിന് മൂർച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാൻ മുപ്പത്തിയൊന്നുകാരൻ റെയ്നയ്ക്ക് ഏഴു പന്തുകൾ ധാരാളമായിരുന്നു. രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ നേടിയത് 15 റൺസ്. േനരിട്ട മൂന്നാം പന്ത് മിഡ്‌വിക്കറ്റിലൂടെ ഗാലറിയിലേക്കു പറക്കുമ്പോൾ ആ ‘പഴയ റെയ്ന’യെ കാണാൻ സാധിച്ച സന്തോഷത്തിലായിരുന്നു ആരാധകർ.

മണിക്കൂറിൽ 147 കിലോമീറ്റർ വേഗത്തിലെത്തിയ ജൂനിയർ ഡാലയുടെ പന്ത് ആകാശത്തേക്കുയർത്തിയടിച്ച് മടങ്ങുമ്പോഴേക്കും ‘റെയ്ന കൊള്ളാം’ എന്നു പറയിക്കാൻ താരത്തിനായി.

24 പന്തിൽ 30

സെഞ്ചൂറിയനിൽ നടന്ന രണ്ടാം ട്വന്റി20യിലും റെയ്ന മോശമാക്കിയില്ല. 24 പന്തിൽ 30 റൺസെടുത്തായിരുന്നു ഇക്കുറി താരത്തിന്റെ മടക്കം. അ‍ഞ്ചു ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു ആ ഇന്നിങ്സ്. കഴിഞ്ഞ മൽസരത്തിൽ തന്നെ പുറത്താക്കിയ ജൂനിയർ ഡാലയെ ബൗണ്ടറി കടത്തിയായിരുന്നു ഇക്കുറി താരത്തിന്റെ തുടക്കം.

പാറ്റേഴ്സൻ എറിഞ്ഞ നാലാം ഓവറിൽ മൂന്നു ബൗണ്ടറികൾ കണ്ടെത്തി റെയ്ന വീണ്ടും ക്ലാസ് തെളിയിച്ചു. ധവാനും കോഹ്‍ലിയും പെട്ടെന്നു മടങ്ങിയെങ്കിലും മനീഷ് പാണ്ഡെയ്ക്കൊപ്പം ഇന്ത്യയെ 90 കടത്തിയശേഷമാണ് ഇക്കുറി റെയ്ന മടങ്ങിയത്.

27 പന്തിൽ 43

പരമ്പരയിലെ ഓരോ മൽസരം കഴിയുന്തോറും പുരോഗമിച്ചുവന്ന സുരേഷ് റെയ്നയുടെ മികവ് അതിന്റെ ഔന്നത്യത്തിലെത്തിയ മൽസരമായിരുന്നു കേപ് ടൗണിൽ നടന്ന മൂന്നാം ട്വന്റി20. പതിവുപോലെ രോഹിത് ശർമ പെട്ടെന്നു മടങ്ങിയെങ്കിലും 27 പന്തിൽ‌ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 43 റൺസെടുത്ത റെയ്ന മികവു തുടർന്നു. രണ്ടാം വിക്കറ്റിൽ ധവാനൊപ്പം അർധസെഞ്ചുറി (65) കൂട്ടുകെട്ടു തീർത്ത റെയ്നയുടെ പ്രകടനം അദ്ദേഹത്തിനു കളിയിലെ കേമൻ പട്ടവും സമ്മാനിച്ചു.

പരമ്പരയിലാദ്യമായി ബോൾ ചെയ്യാനും താൽക്കാലിക നായകൻ രോഹിത് ശർമ റെയ്നയ്ക്ക് അവസരം നൽകി. മൂന്ന് ഓവറിൽ 27 റൺസ് വഴങ്ങിയെങ്കിലും ഡേവിഡ് മില്ലറിന്റെ നിർണായക വിക്കറ്റ് വീഴ്ത്താൻ റെയ്നയ്ക്കായി. മധ്യനിരയെക്കുറിച്ചുള്ള ടീമിന്റെ ആശങ്കകൾക്ക് തൽക്കാലത്തേക്കുള്ള ‘മറുമരുന്ന്’ തന്റെ പക്കലുണ്ടെന്ന് വെളിവാക്കിയാണ് റെയ്ന ബാറ്റു താഴെവച്ചത്.

ഇനി ശ്രീലങ്കയിൽ

മാർച്ചിൽ ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വീണ്ടും റെയ്നയെ കാണാം. ഇന്ത്യൻ നായകന്‍ കോഹ്‍ലിക്കു വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിച്ച സാഹചര്യത്തിൽ രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്. കോഹ്‍ലിക്കു പുറമെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, പേസർമാരായ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര എന്നിവരും ടീമിലില്ലാത്തത് റെയ്ന ഉൾപ്പെടെയുള്ള താരങ്ങളുടെ ഉത്തരവാദിത്തമേറ്റും. മാർച്ച് ആറിന് കൊളംബോയിലാണ് പരമ്പരയ്ക്കു തുടക്കമാകുക. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകളാണ് പരമ്പരയിലുള്ളത്.

related stories