സച്ചിൻ, കോഹ്‍ലി ...; ഇനി നാണക്കേടിന്റെ ആ ‘റെക്കോർഡ്’ രാഹുലിനും സ്വന്തം

കൊളംബോ ∙ ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ ടീമിലെടുക്കാനായി ആരാധകർ മുറവിളി കൂട്ടിയത് ഒരേയൊരു താരത്തിനു വേണ്ടി മാത്രമാണ്. കർണാടകക്കാരൻ ലോകേഷ് രാഹുലിനു വേണ്ടി. ടൂർണമെന്റിലെ ആദ്യ മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയോടു ദയനീയമായി തോറ്റതോടെയാണ് ആരാധകർ ‘രാഹുൽ എവിടെ?’ എന്ന് അന്വേഷിച്ചു തുടങ്ങിയത്. പിന്നീട് രണ്ടാം മൽസരത്തിലും റിഷഭ് പന്ത് ഉൾപ്പെടെയുള്ള താരങ്ങൾ പരാജയപ്പെട്ടതോടെ, ട്വന്റി20യിൽ മികച്ച റെക്കോർഡുള്ള രാഹുലിനു വേണ്ടിയുള്ള മുറവിളി സമൂഹമാധ്യമങ്ങളിൽ ശക്തമായി.

ഇതോടെ മൂന്നാം മൽസരത്തിൽ ശ്രീലങ്കയെ നേരിട്ട ഇന്ത്യൻ ടീമിൽ രാഹുലിന് ഇടം ലഭിച്ചു. റിഷഭ് പന്തിനു പകരക്കാരനായിട്ടായിരുന്നു രാഹുലിന്റെ വരവ്. സുരേഷ് റെയ്നയ്ക്കു പകരം മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ രാഹുലിനു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. 17 പന്തുകൾ നേരിട്ട രാഹുൽ ഒരു ബൗണ്ടറി മാത്രം ഉൾപ്പെടെ 18 റൺസെടുത്തു പുറത്തായി.

രാഹുൽ പുറത്തായ രീതിയാണ് ഈ മൽസരത്തെ ശ്രദ്ധേയമാക്കിയത്. ജീവൻ മെൻഡിസിന്റെ പന്തു നേരിടാനുള്ള ശ്രമത്തിനിടെ ഹിറ്റ് വിക്കറ്റ് ആയിട്ടായിരുന്നു രാഹുലിന്റെ പുറത്താകൽ. പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ രാഹുലിന്റെ പിൻ‌കാൽ വിക്കറ്റിൽ തട്ടി ബെയിൽസ് താഴെ വീണു. ട്വന്റി20 ക്രിക്കറ്റിൽ ഈ രീതിയിൽ പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമാണ് രാഹുൽ. എല്ലാ രാജ്യങ്ങളും പരിഗണിച്ചാലും രാജ്യാന്തര ട്വന്റി20യിൽ ഈ രീതിയിൽ പുറത്താകുന്ന പത്താമത്തെ മാത്രം താരമാണ് രാഹുൽ.

ഏകദിനത്തിൽ സച്ചിൻ, കോഹ്‍ലി...

ഏകദിനത്തിൽ ഇതുവരെ നാല് ഇന്ത്യൻ താരങ്ങളാണ് ഹിറ്റ് വിക്കറ്റായി പുറത്തായിട്ടുള്ളത്. ആകെയുള്ള എണ്ണമെടുത്താൽ രാജ്യാന്തര ഏകദിനത്തിൽ ഇതുവരെ 65 തവണയാണ് ഹിറ്റ് വിക്കറ്റ് രീതിയിലുള്ള പുറത്താകൽ സംഭവിച്ചിട്ടുള്ളത്.

മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നയൻ മോംഗിയയാണ് ഹിറ്റ് വിക്കറ്റായി പുറത്തായ ആദ്യ ഇന്ത്യൻ താരം. 1995ൽ പാക്കിസ്ഥാനെതിരെ ആയിരുന്നു ഇത്. 2003ൽ അനിൽ കുംബ്ലെയും ഇതേ രീതിയിൽ പുറത്തായിട്ടുണ്ട്. ന്യൂസീലൻഡിനെതിരെ ആയിരുന്നു ഇത്. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറും ഒരിക്കൽ ഹിറ്റ് വിക്കറ്റായി പുറ്തതായി. 2008ൽ ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു സച്ചിന്റെ പുറത്താകൽ. ഈ പട്ടികയിലെ നാലാമൻ സാക്ഷാൽ വിരാട് കോഹ്‍ലിയാണ്. 2011ൽ ഇംഗ്ലണ്ടിനെതിരെയാണ് കോഹ്‍ലി ഹിറ്റ് വിക്കറ്റായത്.

ടെസ്റ്റിൽ മൊഹീന്ദർ മൂന്നു തവണ

ടെസ്റ്റ് ക്രിക്കറ്റിൽ 158 തവണയാണ് താരങ്ങൾ ഹിറ്റ് വിക്കറ്റായി പുറത്തായത്. ടെസ്റ്റിൽ ഹിറ്റ് വിക്കറ്റായ ആദ്യ ഇന്ത്യൻ താരം മുൻ ക്യാപ്റ്റൻ ലാലാ അമർനാഥാണ്. വെസ്റ്റ് ഇൻഡീസ് താരം ജിം ട്രിമ്മിന്റെ പന്തിൽ 1949ൽ ചെന്നൈയിലാണ് അമർനാഥ് ഈ വിധത്തിൽ പുറത്തായത്.

69 മൽസരങ്ങൾ നീണ്ട ടെസ്റ്റ് കരിയറിൽ മൂന്നു തവണ ഹിറ്റ് വിക്കറ്റായ ഇന്ത്യൻ താരവുമുണ്ട്. മൊഹീന്ദർ അമർനാഥാണ് മൂന്നു തവണ ഹിറ്റ് വിക്കറ്റായി റെക്കോർഡിട്ടത്. ടെസ്റ്റിലും ഏകദിനത്തിലും ഹിറ്റ് വിക്കറ്റായ ഏക ഇന്ത്യൻ താരം സാക്ഷാൽ വിരാട് കോഹ്‍ലിയാണെന്ന കൗതുകവുമുണ്ട്.