Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ സൂപ്പർ ലീഗിലേക്ക് ഇന്ത്യൻ താരങ്ങളും വരണം: അഫ്രീദി

sachin-afridi അഫ്രീദി മുൻ ഇന്ത്യൻ താരം സച്ചിൻ തെൻഡുൽക്കറിനൊപ്പം.

കറാച്ചി∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ ഇന്ത്യൻ താരങ്ങളെയും ക്ഷണിക്കണമെന്ന അഭിപ്രായവുമായി മുൻ പാക്ക് താരവും പിസിഎല്ലിലെ വെടിക്കെട്ടു ബാറ്റ്സ്മാനുമായ ഷാഹിദ് അഫ്രീദി രംഗത്ത്. അതേസമയം, മറ്റ് വിദേശ ലീഗുകളിൽ കളിക്കുന്നതിൽനിന്ന് ഇന്ത്യൻ താരങ്ങളെ വിലക്കുന്ന കരാർ നിലവിലുള്ള കാര്യം തനിക്കറിയാമെന്നും ലഹോറിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവെ അഫ്രീദി വ്യക്തമാക്കി. എന്നിരുന്നാലും, ഇന്ത്യൻ താരങ്ങളെ പിഎസ്എല്ലിൽ പങ്കെടുപ്പിക്കാൻ കാര്യമായി ശ്രമിക്കണമെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ താരങ്ങളെ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിപ്പിക്കാൻ നാം പരമാവധി ശ്രമിക്കണം. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനെ അവർക്ക് അനുവാദമുള്ളൂ എന്നെനിക്കറിയാം. എങ്കിലും പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ അടുത്ത പതിപ്പിലേക്ക് ഇന്ത്യൻ താരങ്ങളെയും ക്ഷണിക്കണം – അഫ്രീദി പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ മുടങ്ങിയിട്ട് പത്തു വർഷം പൂർത്തിയാകുമ്പോഴാണ് പാക്കിസ്ഥാൻ സൂപ്പർ‌ ലീഗിലേക്ക് ഇന്ത്യൻ ഇന്ത്യൻ താരങ്ങളെയും ക്ഷണിക്കണമെന്ന അഭിപ്രായവുമായുള്ള അഫ്രീദിയുടെ രംഗപ്രവേശം. പിഎസ്എല്ലിൽ കളിക്കാനായി കൂടുതൽ വിദേശതാരങ്ങൾ വരുന്നത് ആവേശകരമാണെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.

പിഎസ്എല്ലിനായി കൂടുതൽ താരങ്ങൾ പാക്കിസ്ഥാനിലെത്തുന്നത്, കൂടുതൽ രാജ്യാന്തര ടീമുകൾ ഇവിടേക്കെത്താനും വഴിയൊരുക്കുമെന്ന് അഫ്രീദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആവശ്യമുള്ളപ്പോൾ പാക്കിസ്ഥാനിൽ വന്നു കളിക്കുന്ന താരങ്ങളെ മാത്രമേ ഭാവിയിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ഭാഗമാക്കാവൂ എന്നും അഫ്രീദി ആവശ്യപ്പെട്ടു.

പാക്കിസ്ഥാനിൽ കളിക്കാൻ വിദേശ താരങ്ങൾ വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ നിലവിൽ പിഎസ്എൽ മൽസരങ്ങൾ ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ഇതിനു പിന്നാലെ സെമി, ഫൈനൽ മൽസരങ്ങൾ ഇക്കുറി പാക്കിസ്ഥാനിൽ നടത്താനുള്ള തീരുമാനം വിദേശ താരങ്ങൾക്ക് പാക്കിസ്ഥാനോടുള്ള വിമുഖത നീക്കാനുദ്ദേശിച്ചുള്ളതാണ്. ഞായറാഴ്ച കറാച്ചിയിലാണ് പിഎസ്എൽ ഫൈനൽ അരങ്ങേറുക.

2009ൽ പാക്കിസ്ഥാനിൽ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെയാണ് വിദേശ രാജ്യങ്ങൾ പാക്കിസ്ഥാനിൽ പര്യടനം നടത്താൻ വിസമ്മതിക്കുന്നത്. ഇതോടെ പാക്കിസ്ഥാന്റെ മൽസരങ്ങളെല്ലാം ദുബായ് ഉൾപ്പെടെയുള്ള ന്യൂട്രൽ വേദികളിലേക്കു മാറ്റുകയായിരുന്നു. ഇതിനുശേഷം ക്രിക്കറ്റ് ബന്ധം പഴയപടിയാക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിൽ നീക്കങ്ങളൊന്നും ഇതുവരെ പൂർണ വിജയത്തിലെത്തിയിട്ടില്ല.

ഇതിനു പിന്നാലെയാണ് വിദേശ താരങ്ങളുടെ ‘പാക്ക് പേടി’ മാറ്റാൻ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ പ്രധാന മൽസരങ്ങൾ പാക്കിസ്ഥാനിൽ നടത്തുന്ന പതിവിനു തുടക്കമായത്. കഴിഞ്ഞ വർഷം പിഎസ്എൽ ഫൈനലിനു വേദിയായത് ലഹോറായിരുന്നു. ഇക്കുറി സെമി പോരാട്ടങ്ങൾ കൂടി പാക്കിസ്ഥാനിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ലോക ഇലവനും ശ്രീലങ്കൻ ക്രിക്കറ്റ് ടീമും ഇവിടെ ലഘു പര്യടനങ്ങൾക്കെത്തുകയും ചെയ്തു.

related stories