വിവാദത്തിൽ ‘ട്വിസ്റ്റു’മായി ഹെൻറിക്വസ്; സ്മിത്തിന്റെ ശ്രമം ബാൻക്രോഫ്റ്റിനെ രക്ഷിക്കാൻ

സിഡ്നി∙ പന്തു ചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഓസീസ് താരം മോയിസസ് ഹെൻറിക്വസ് രംഗത്ത്. പന്തിൽ കൃത്രിമം കാട്ടി മൽസരം രക്ഷിക്കാനുള്ള തീരുമാനം ക്യാപ്റ്റനെന്ന നിലയിൽ താനും ടീമിലെ സീനിയർ താരങ്ങളുടെ സംഘവും ചർച്ച ചെയ്ത് കൈക്കൊണ്ടതാണെന്ന സ്റ്റീവ് സ്മിത്തിന്റെ വെളിപ്പെടുത്തൽ കള്ളമാണെന്ന് ഹെൻറിക്വസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

പന്തിൽ കൃത്രിമം കാട്ടിയതിന്റെ പേരിൽ ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും ആജീവനാന്ത വിലക്കിന്റെ നിഴലിൽ നിൽക്കെയാണ് വ്യത്യസ്തമായ വെളിപ്പെടുത്തലുമായി ഹെൻറിക്വസ് രംഗത്തെത്തിയത്.

എന്റെ അവിദഗ്ധമായ അഭിപ്രായത്തിൽ, പന്തിൽ കൃത്രിമം കാണിക്കുന്ന കാര്യം ചർച്ച ചെയ്യാൻ ടീമിലെ സീനിയർ താരങ്ങൾ തമ്മിൽ കൂടിക്കാഴ്ച നടന്നിട്ടില്ല. ചെയ്യുന്ന പ്രവർത്തിയുടെ അനന്തരഫലം മനസ്സിലാക്കാതെ പന്തു ചുരണ്ടി യുവതാരം കാമറൺ ബാൻക്രോഫ്റ്റിനെ വിവാദത്തിൽനിന്ന് രക്ഷിക്കാനാണ് സ്മിത്ത് ഉത്തരവാദിത്തമേൽക്കുന്നത് – ഹെൻറിക്വസ് കുറിച്ചു.

കാമറൺ പന്തിൽ കൃത്രിമം കാട്ടുന്ന കാര്യം മറ്റാർക്കും അറിയാമായിരുന്നില്ലെന്ന് ഇതിന് അർഥമില്ലെന്നും ഹെൻറിക്വസ് വ്യക്തമാക്കി. ഇതേക്കുറിച്ച് സംസാരിക്കാൻ മുതിർന്ന താരങ്ങൾ സമ്മേളിച്ചിട്ടില്ലെന്നു മാത്രമേ ഈ പറഞ്ഞതിന് അർഥമുള്ളൂ. ടീമിലെ യുവതാരത്തെ സംരക്ഷിക്കാനാണ് ക്യാപ്റ്റന്റെ ശ്രമമെന്ന് ഞാൻ സംശയിക്കുന്നു. സംഭവം നടന്ന ദിവസം കളി കഴിഞ്ഞ് വാർത്താ സമ്മേളനം നടക്കുന്നതിനിടയ്ക്കുള്ള സമയത്താണ് ഇപ്പോഴത്തെ രീതിയിൽ സംഭവങ്ങൾ വ്യാഖ്യാനിക്കപ്പെട്ടതെന്നും ഹെൻറിക്വസ് കുറിച്ചു.

അതേസമയം, ഓസ്ട്രേലിയയ്ക്കായി നാലു ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള ഹെൻറിക്വസ്, ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഓസീസ് ടീമിൽ അംഗമല്ല. അതുകൊണ്ടുതന്നെ ടീമിന്റെ ഡ്രസിങ് റൂമിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ഹെൻറിക്വസ് പറയുന്ന കാര്യങ്ങളിൽ എത്രമാത്രം ആധികാരികതയുണ്ടെന്നും വ്യക്തമല്ല. നാലു ടെസ്റ്റുകൾക്കു പുറമെ 11 ഏകദിനങ്ങളിലും 11 ട്വന്റി20 കളിലും ഹെൻറിക്വസ് ഓസീസിനായി കളിച്ചിട്ടുണ്ട്.

പന്തിൽ കൃത്രിമം കാട്ടാൻ ഡ്രസിങ് റൂമിൽ വച്ചുതന്നെ തീരുമാനമെടുത്തിരുന്നുവെന്ന് ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് വ്യക്തമാക്കിയിരുന്നു. കളത്തിൽ അതു നടപ്പാക്കേണ്ട ചുമതലയായിരുന്നു ബാൻക്രോഫ്റ്റിന്. ടീമിലെ പുതുമുഖമെന്നതും അധികമൊന്നും അറിയപ്പെടാത്ത താരമെന്ന പരിഗണനയുമാണ് ബാൻക്രോഫ്റ്റിനെ തിരഞ്ഞെടുക്കാൻ കാരണമെന്നായിരുന്നു സ്മിത്തിന്റെ ന്യായം.

ഓസ്ട്രേലിയൻ ജഴ്സിയിൽ എട്ടാം ടെസ്റ്റുമാത്രം കളിക്കുന്ന ഇരുപത്തിനാലുകാരൻ ബാൻക്രോഫ്റ്റിനെ ദൗത്യം ഏൽപിക്കാൻ ഇതൊക്കെയായിരുന്നു കാരണങ്ങൾ. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 43–ാം ഓവറിനിടെ വിക്കറ്റ് കീപ്പറിൽനിന്നു പന്തു സ്വീകരിച്ച ബാൻക്രോഫ്റ്റ് വലതു പോക്കറ്റിൽനിന്നു മഞ്ഞ ടേപ്പ് എടുത്ത്, അതിൽ മണ്ണ് തേച്ചു. സഹതാരങ്ങളിൽനിന്നു മാറിനടന്ന് കൈക്കുമ്പിളിൽ മണ്ണും പന്തും കൂട്ടിത്തിരുമ്മുകയായിരുന്നു. ഈ ദൃശ്യം മൽസരം സംപ്രേഷണം ചെയ്ത ചാനൽ ക്യാമറകളിൽ കുടുങ്ങിയതോടെയാണ് സംഭവം പുറത്തായത്.