വിജയത്തിന്റെ ‘കറക്കു’വഴി

സിജോമോൻ ജോസഫ്

കോട്ടയം ∙ കേരള ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന രവിയച്ചന്റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിന്റെ നവതി ആഘോഷ വർഷത്തിൽ തന്നെ നേടിയതിന്റെ സന്തോഷത്തിലാണ് കോട്ടയം കിടങ്ങൂർ സ്വദേശി സിജോമോൻ ജോസഫ്. മികച്ച സ്പിന്നർക്കുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുരസ്കാരവും അണ്ടർ 19 ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള അംഗീകാരവും സിജോമോനെ തേടിയെത്തിയ വേളയിൽ നേട്ടങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും താരം സംസാരിക്കുന്നു.. 

ആദ്യ രഞ്ജി സീസൺ അവസാനിച്ചപ്പോൾ എത്തിപ്പിടിച്ചത് ഒട്ടനവധി അംഗീകാരങ്ങളാണ്. കരിയറിൽ പ്രതീക്ഷകളുടെ ഭാരം വീണുതുടങ്ങിയോ?

രവിയച്ചന്റെ പേരിലുള്ള മികച്ച സ്പിന്നർക്കുള്ള പുരസ്കാരം നേടിയത് ഒരു വലിയ അംഗീകാരമായി കാണുന്നു. ദൈവത്തിന് നന്ദി പറയാതെ പറ്റില്ല. ആദ്യ രഞ്ജി സീസണിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായത് സന്തോഷം നൽകുന്നു. നാഗ്പൂരിൽ നടന്ന യൂത്ത് ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ടിനെതിരെ ആറു വിക്കറ്റുകൾ നേടാനായി. രഞ്ജിയി‍ൽ രാജസ്ഥാനെതിരെ നേടിയ അഞ്ച് വിക്കറ്റ് നേട്ട‌വും കരിയറിൽ വഴിത്തിരിവായി. അംഗീകാരങ്ങളും നേട്ടങ്ങളും കൂടുതൽ മെച്ചപ്പെട്ട പ്രകടനങ്ങൾക്ക് പ്രചോദനം നൽകുന്നുണ്ട്. 

ഇടംകൈ സ്പിന്നർമാരുടെ തള്ളിക്കയറ്റം ഇന്ത്യൻ ടീമിൽ പലപ്പോഴും ദൃശ്യമാണ്. ഒരു കോട്ടയംകാരൻ ഇടംകയ്യൻ സ്പിന്നറെ ഉടൻ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലും ഐപിഎല്ലിലും പ്രതീക്ഷിക്കാമോ?

ഉടൻതന്നെ ഇന്ത്യൻ ടീമിൽ ഇടംനേടണമെന്ന ചിന്തയൊന്നുമില്ല. അത് വലിയ ലക്ഷ്യമാണ്. അതിനു മുൻപ് ഐപിഎൽ, രഞ്ജി, ദുലീപ് ട്രോഫി എന്നിങ്ങനെ കടമ്പകളും അവസരങ്ങളുമുണ്ട്. മികച്ച പ്രകടനങ്ങളും അനുഭവസമ്പത്തും ക്രമേണ ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നുതരുമെന്നാണ് പ്രതീക്ഷ. ഐപിഎല്ലിനു മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ സ‌ിലക്ഷൻ ക്യാംപിൽ പങ്കെടുത്തിരുന്നു. കിരൺ മോറെ അടക്കമുള്ള വിദഗ്ധരുടെ ഉപദേശം അന്നു ലഭിച്ചു. ബോളിങ്, ബാറ്റിങ്, ഫീൽഡിങ് ഡിപ്പാ‍ർട്മെന്റുകളിൽ ഒരുപോലെ ശോഭിച്ചാലെ ഐപിഎൽ പോലൊരു ടൂർണമെന്റിന്റെ ഭാഗമാകാൻ കഴിയൂ. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

പരിശീലകരിൽ ദ്രാവിഡാണോ രഞ്ജി ടീം കോച്ചായിരുന്ന ഡേവിഡ് വാട്മോറാണോ കൂടുതൽ പ്രചോദനം നൽകിയത്.

ദ്രാവിഡും വാട്മോറും ഒരേ ശൈലിക്കാരാണ്. രണ്ടുപേരും താരങ്ങളോട് അധികം ദേഷ്യപ്പെടില്ല. അവർ പൊതുവേ ‘കൂളാണ്’. പരമാവധി കളിക്കാരുടെ പ്രകടനങ്ങൾ പുറത്തെടുക്കാൻ രണ്ടുപേരും ശ്രദ്ധിക്കും. തുടക്കക്കാർക്ക് കൂടുതൽ പരിഗണന നൽകും. മാനസികമായ പിന്തുണ നമ്മുടെ സമ്മർദം കുറയ്ക്കും. എന്റെ മികച്ച പ്രകടനങ്ങളിൽ ഇരുവരുടെയും പ്രോത്സാഹനങ്ങൾക്ക് വലിയ പങ്കുണ്ട്. 

കേരളത്തിന്റെ അണ്ടർ 14, 16, 19 ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രഞ്ജി ട്രോഫിയിൽ സച്ചിൻ ബേബിയുടെ കീഴിൽ കളിച്ചപ്പോൾ ക്യാപ്റ്റൻസിയിൽ എന്തെങ്കിലും മെച്ചപ്പെടുത്താമെന്നു സ്വയം തോന്നിയിരുന്നോ?

മുന്നിൽനിന്നു നയിക്കുന്നവനാണ് നായകനെന്ന പാഠം ഫീൽഡിൽ അക്ഷരംപ്രതി നടപ്പാക്കുന്നയാളാണ് സച്ചിൻ ബേബി. മികച്ച പ്രകടനങ്ങളിലൂടെ ടീമംഗങ്ങൾക്ക് മാതൃക നൽകാൻ സച്ചിൻ ശ്രദ്ധിച്ചിരുന്നു. സീനിയർ ലെവലിൽ മറ്റു പ്ലെയേഴ്സിനെ മാനേജ് ചെയ്യുകയാണ് പ്രധാനം. ക്യാപ്റ്റനെന്ന നിലയിൽ അനുകരിക്കേണ്ടുന്ന ഒരുപാട് ഗുണങ്ങൾ സച്ചിനിലുണ്ട്. 

അടുത്ത സീസണിലേക്കുള്ള തയാറെടുപ്പുകൾ എങ്ങനെ?

ബിസ്സി ട്രോഫിയിൽ (സർവകലാശാല ടൂർണമെന്റ്) ഇന്ത്യൻ സൗത്ത് സോണിന്റെ നായകനായിരുന്നു. ഉടൻതന്നെ ഇന്ത്യൻ യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിക്കും. ആ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തും. യൂണിവേഴ്സിറ്റി ടീമിൽ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷ.