Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഓസ്ട്രേലിയയ്ക്കായി കളിക്കാനാകുമെന്ന് പ്രതീക്ഷയില്ല, മാധ്യമങ്ങൾക്കു മുന്നിൽ വിങ്ങിപ്പൊട്ടി ഡേവിഡ് വാർണർ

david-warner ഡേവിഡ് വാർണര്‍ വാർത്താ സമ്മേളനത്തിനിടെ

സിഡ്നി∙ വീണ്ടും രാജ്യത്തിനു വേണ്ടി കളിക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് പന്തു ചുരണ്ടൽ വിവാദത്തിൽ വിലക്ക് നേരിടുന്ന ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണര്‍. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ‌ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും വിലക്കിന്റെ കാലം കഴിഞ്ഞാലും രാജ്യത്തിനായി കളിക്കാന്‍ സാധിക്കില്ലെന്ന് കരുതുന്നതായും വാർണർ അറിയിച്ചത്. മൂന്നു ദിവസത്തിനിടയിലെ നാലാം വാർത്താ സമ്മേളനത്തിലും വിങ്ങിപ്പൊട്ടിയാണ് ഓസീസ് മുൻ ഉപനായകൻ ചോദ്യങ്ങളെ നേരിട്ടത്. 

രാജ്യത്തിനായി വീണ്ടും കളിക്കാൻ അവസരം ലഭിക്കുമെന്നതു ഒരു പ്രതീക്ഷയാണ്. എന്നാൽ അതിന് ഞാൻ തയ്യാറല്ല. അക്കാര്യം ഇനിയില്ല. ഇനിയുള്ള ആഴ്ചകളിലും മാസങ്ങളിലും തെറ്റ് എങ്ങനെ സംഭവിച്ചെന്ന കാര്യമാണ് പരിശോധിക്കുക. മാറ്റങ്ങൾ കൊണ്ടുവരുന്നതിനു വിദഗ്ധാഭിപ്രായം തേടും. ഓസ്ട്രേലിയയെ വലിച്ചു താഴെയിടുന്ന നിലപാടാണ് ഞങ്ങളിൽ നിന്നുണ്ടായത്. അതൊരു തെറ്റായ തീരുമാനമായിരുന്നു. ടീമംഗങ്ങൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കുമ്പോള്‍ അവരെ വിട്ട് ഇവിടെ വന്നിരിക്കുന്നതിൽ ദുഃഖമുണ്ട്. വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ആവർത്തിക്കുന്നു. – വാർണർ‌ പറഞ്ഞു.

നടപടി നേരിടുന്ന സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരും നേരത്തെ തെറ്റുകള്‍ ഏറ്റുപറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്ക പര്യടനത്തോടെ പരിശീലക സ്ഥാനത്തു നിന്ന് ഒഴിയുകയാണെന്ന് ഡാരൻ ലേമാനും അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് താൽപര്യമെന്ന് വാർണർ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ഓസീസ് താരങ്ങള്‍ക്കെതിരായ നടപടിയിൽ അമിതാവേശമുണ്ടായെന്ന വികാരമാണ് ക്രിക്കറ്റ് ലോകത്തുനിന്നും ഉയരുന്നത്. സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ഒരു വർഷത്തേക്കും കാമറൺ ബാൻക്രോഫ്റ്റിനെ ഒൻപതു മാസത്തേക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്. ഇതു കൂടാതെ സ്മിത്തിന് ഒരു വർഷം കൂടിയും ഡേവിഡ് വാർണർക്ക് ആജീവനാന്തവും ഓസീസ് ക്യാപ്റ്റൻസി വിലക്കുമുണ്ട്.