വിരമിക്കാതെ വിരമിച്ച് ഒരു താരം കൂടി; ഇർഫാൻ കളി നിർത്തേണ്ടത് ഇങ്ങനെയായിരുന്നോ?

ഹാർദിക് പാണ്ഡ്യയെ പുതിയ കപിൽദേവ് എന്നു വിളിക്കുന്നതിനു മുൻപേ നിരൂപകർ ആ പേര് ചാർത്തിക്കൊടുത്തൊരു കളിക്കാരനുണ്ട്. ഇർഫാൻ പഠാൻ. സ്വിങ് ബോളിങ്ങിന്റെ മാന്ത്രിക തരംഗങ്ങളുമായെത്തി വിക്കറ്റിനു മുന്നിലും പിന്നിലും ബാറ്റ്‌സ്മാനെ കബളിപ്പിച്ച പഠാന്റെ പന്തുകളുടെ ദിശ കണ്ടുനിൽക്കുന്നതു തന്നെ ഹരമായിരുന്നു. ഫോമിൽ വിരാചിക്കുമ്പോൾ ഗ്രഗ് ചാപ്പൽ ആ കൈയിലേക്ക് ബാറ്റുവച്ചു കൊടുത്തു. ബാറ്റിങ്ങിലും മോശമല്ലെന്നു തെളിയിച്ചതോടെ ആരാധകർക്കും പ്രതീക്ഷയായി. എന്നാൽ ഇതേ പ്രതീക്ഷകളുടെ ഭാരം തന്നെ ഒടുവിൽ വിനയുമായി. ഏറ്റവും ഒടുവിൽ പഠാന്റെ കരിയർ ടീമിനു പുറത്തേക്ക് സ്വിങ് ചെയ്തു പോകുന്നതും ആരാധകർ കണ്ടു.

പഠാൻ കശ്മീർ ടീമിന്റെ കോച്ചായി ചുമതലയേറ്റെന്ന വർത്തമാനമാണ് പുതിയത്. ഇർഫാൻ പറയാതെ പറയുന്നത് വിരമിച്ചു എന്നുതന്നെയാകണം. പ്ലെയർ കം മെന്റർ എന്ന റോളിലാണെങ്കിലും രഞ്ജിയിൽ താഴെത്തട്ടിലുള്ള ടീമുമായി സഹകരിക്കുന്നത് കളിച്ചു മുന്നേറാനാണെന്നു കരുതിക്കൂടാ. 18 വർഷമായി കളിക്കുന്ന ബറോഡ ടീമിൽനിന്നുള്ള പുറത്താകലും ടീം അധികൃതരുമായുള്ള സ്വരച്ചേർച്ചയില്ലായ്മയുമെല്ലാം തീരുമാനത്തിനു പിന്നിലുണ്ട്. 33 വയസ്സേയുള്ളൂ ഇർഫാന്... സൗരവ് ഗാംഗുലി നയിച്ച ടീം ഇന്ത്യയുടെ കളികണ്ടവർ ഒരിക്കലും മറക്കില്ല ഇർഫാനെ...

മറക്കുമോ ആ ഹാട്രിക്

ക്രിക്കറ്റിൽ നേടുന്ന ഹാട്രിക്കുകളിൽ പലതിലും ഇര വാലറ്റക്കാരായിരിക്കും. എന്നാൽ ഇർഫാൻ പഠാനും നേടി ഒരു ഹാട്രിക്, അതു പക്ഷേ മൽസരത്തിന്റെ ആദ്യ ഓവറിലായിരുന്നു. 2006 ൽ കറാച്ചിയിൽ പാക്കിസ്ഥാനെതിരെയായിരുന്നു ആ ടെസ്റ്റ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയതാണ് പാക്കിസ്ഥാൻ. ആദ്യ മൂന്നു ബോളും ഡോട് ബോൾ. നാലാം പന്തിൽ സൽമാൻ ബട്ട്, അഞ്ചാം പന്തിൽ യൂനിസ് ഖാൻ, അവസാന പന്തിൽ മുഹമ്മദ് യൂസഫ്. പഠാൻ പവലിയനിലേക്കു പറഞ്ഞുവിട്ട മൂന്നു പേരും ലോകനിരവാരമുള്ളവർ. മൂന്നുപേർക്കും പന്ത് ശരിക്കു കാണാൻ പോലും അവസരം നൽകാതെയാണ് പഠാൻ പൂജ്യത്തിന് മൂന്ന് എന്ന സ്‌കോർ ബോർഡ് സൃഷ്ടിച്ചത്.

ഫോമിലുള്ള കാലത്ത് ബാറ്റ്‌സ്മാൻമാരുടെ തലവേദനയായിരുന്നു ഇദ്ദേഹം. വിക്കറ്റ് നേടാത്ത കളികളും അപൂർവം. ഇർഫാന്റെ പന്ത് കാലിൽ കൊള്ളാതിരിക്കാനാണ് ബാറ്റ്‌സ്മാൻമാർ കൂടുതൽ ശ്രദ്ധിച്ചത്, കൊണ്ടാൽ എൽബിഡബ്ല്യുവിൽ കുരുങ്ങും. ഭുവനേശ്വർ കുമാറിനെ സ്വിങ്ങിന്റെ പേരിൽ വാഴ്ത്തുന്നവർ പഠാന്റെ പഴയ വിഡിയോകൾകൂടി കാണുന്നതു നന്നാകും. ഇന്ത്യയ്ക്ക് പ്രഥമ ട്വന്റി 20 കിരീടം നേടിത്തരുന്നതിൽ പ്രധാന പങ്കുവഹിച്ച പഠാൻ ഫൈനലിൽ മാൻ ഓഫ് ദ മാച്ചായിരുന്നു. തുടർന്നിങ്ങോട്ടാണ് കാലം മോശമായത്.

തലമാറി തലവര മാറി

ഗാംഗുലിയുടെയും ദ്രാവിഡിന്റെയും ക്യാപ്റ്റൻസിയിലായിരുന്നു പഠാന്റെ സുവർണകാലം. 2007 കാലമാകുമ്പോഴേക്കും ഇരുവരും കളം വിടാനൊരുങ്ങുകയായിരുന്നു. പിന്നീട് എം.എസ്. ധോണിയുടെ സമയമായി. അപ്പോഴേക്കും ഇർഫാന്റെ വജ്രായുധമായ സ്വിങ് തേഞ്ഞു തുടങ്ങിയിരുന്നു. ബാറ്റും ശബ്ദിക്കാതായതോടെ ടീമിൽനിന്നും ഇറങ്ങേണ്ടിവന്നു. 2008 ൽ ആണ് അവസാനം ടെസ്റ്റ് കളിച്ചത്. ക്യാപ്റ്റൻ ധോണിക്കെന്തോ ഇർഫാനോട് അത്ര താൽപര്യം പോരായിരുന്നു. ഇന്ത്യയെ ഒട്ടേറെ വിജയതീരങ്ങളിലേക്ക് അടുപ്പിച്ച ആ പടക്കുതിര പിന്നീട് അപമാനിക്കപ്പെടുന്നതും ആരാധകർക്കു കാണേണ്ടി വന്നു. ഐപിഎല്ലിൽ ശോഭിക്കാതെ പോയതാണ് കരിയറിനു തീരെ രക്ഷയില്ലാതാക്കിയത്. ഒറ്റ ഫ്രാഞ്ചൈസികളും എടുക്കാത്ത ഘട്ടം വരെയെത്തി.

ഒടുവിൽ രക്ഷയ്‌ക്കെത്തിയത് ധോണിയുടെ പുണെ ടീം. ആദ്യ മൽസരങ്ങളിലൊന്നുമിറക്കാതെ അവസാനത്തെ രണ്ടു മൽസരങ്ങളിൽ മാത്രം അവസരം നൽകിയത് ആരാധകർ അരിശത്തോടെയാണ് സഹിച്ചത്. ഇത്തവണയാണെങ്കിൽ താരം ഐപിഎൽ ലേലത്തിലുമില്ലായിരുന്നു. ബറോഡയുടെ ക്യാപ്റ്റനായാണ് കഴിഞ്ഞ രഞ്ജി സീസൺ തുടങ്ങിയത്. കളി മോശമായതോടെ ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവും പോയി.

അങ്ങനെയാണ് കശ്മീർ ടീം മാനേജ്‌മെന്റുമായി സംസാരിക്കുന്നത്. എന്തൊക്കെയായാലും പാതിയിൽ നിലച്ചൊരു മനോഹരഗാനമായി ക്രിക്കറ്റ് പ്രേമികൾ എന്നും ഓർക്കും ഇർഫാനെ. ഇങ്ങനെയായിരുന്നില്ല അദ്ദേഹം കളിനിർത്തേണ്ടിയിരുന്നത്...