അട്ടപ്പാടിയിൽ മരിച്ച മധുവിന്റെ അമ്മയ്ക്ക് വീരു വക 1.5 ലക്ഷം രൂപ സഹായം

കൊച്ചി∙ അട്ടപ്പാടിയിൽ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സഹായവുമായി സാക്ഷാൽ വീരേന്ദർ സേവാഗ് രംഗത്ത്. വീരേന്ദർ സേവാഗ് ഫൗണ്ടേഷനാണ് 1.5 ലക്ഷം രൂപ മധുവിന്റെ അമ്മയ്ക്ക് സഹായമായി എത്തിക്കുക. മാധ്യമപ്രവർത്തകനായ അമൃതാന്‍ഷു ഗുപ്തയ്ക്കു വീരേന്ദർ സേവാഗ് ഫൗണ്ടേഷൻ കൈമാറിയ പണം, രാഹുൽ ഈശ്വർ വഴിയാണ് മധുവിന്റെ അമ്മ മല്ലിയുടെ കൈകളിലെത്തുക.

മധുവിന്റെ അമ്മയ്ക്ക് കൈമാറാൻ 1.5 ലക്ഷം രൂപ വീരേന്ദർ സേവാഗ് ഫൗണ്ടേഷനിൽനിന്ന് അമൃതാൻഷു ഗുപ്ത വഴി ലഭിച്ച വിവരം രാഹുൽ ഈശ്വർ സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 11 ബുധനാഴ്ച അഗളി പൊലീസിന്റെ സാന്നിധ്യത്തിൽ പൊതുസമൂഹത്തിന്റെ സഹകരണത്തോടെ മധുവിന്റെ അമ്മയ്ക്ക് ചെക്കു കൈമാറുമെന്ന് രാഹുൽ ഈശ്വർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.