ആരാധക പിന്തുണ വീണ്ടെടുക്കും: ഓസീസ് ക്യാപ്റ്റൻ

ടിം പെയ്ൻ

സിഡ്നി ∙ കളിയിൽ കൂടുതൽ മാന്യതയും സത്യസന്ധതയും കാട്ടി ആരാധക പിന്തുണ തിരിച്ചുപിടിക്കുകയാണ് ഓസീസ് ക്രിക്കറ്റ് ടീമിനു മുൻപിലുള്ള വെല്ലുവിളിയെന്ന് നായകൻ ടിം പെയ്ൻ. പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തെത്തുടർന്നുണ്ടായ വേദനകളും തിരിച്ചടികളും ടീമിനു പാഠമായി. കളത്തിനകത്തും പുറത്തും മാന്യമായ പ്രതികരണങ്ങളേ നടത്തൂവെന്ന് ടീമംഗങ്ങൾ ഉറപ്പുനൽകിയിട്ടുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് ഇതു പുതിയ അധ്യായമാണ്–പെയ്ൻ പറഞ്ഞു.

ആക്രമണോത്സുകത ആധുനിക ക്രിക്കറ്റിന്റെ മുഖമുദ്രയാണ്. എതു വിധേനയും എതിരാളികളെ സമ്മർദത്തിലാക്കാനാണ് ടീമുകൾ ശ്രമിക്കുന്നത്. പക്ഷേ അവിടെയും മാന്യത പുലർത്തേണ്ടതുണ്ടെന്ന് കൃത്രിമ വിവാദം ഞങ്ങളെ പഠിപ്പിച്ചു. ആരാധകരുടെ വിശ്വാസം വീണ്ടെടുക്കുകയാണ് ടീമിന്റെ പ്രഥമ ലക്ഷ്യം. അതിനു പിന്നാലെ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കുമെല്ലാം ടീമിലേക്കു മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പെയ്ൻ പറഞ്ഞു.