Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യയുടെ ആദ്യ എതിരാളികൾ ദക്ഷിണാഫ്രിക്ക, മൽസരം ജൂൺ അഞ്ചിന്

Indian-Cricket-Team-21 ഇന്ത്യൻ ക്രിക്കറ്റ് ടീം

കൊൽക്കത്ത ∙ അടുത്തവർഷം ബ്രിട്ടനിൽ നടക്കുന്ന ഐസിസി ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യമത്സരം ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായി. പാക്കിസ്ഥാനുമായുള്ള മത്സരം 16ന് മാഞ്ചസ്റ്ററിൽ നടക്കും. 1992ലെ പോലെ എല്ലാ ടീമുകളും പരസ്പരം കളിക്കുന്ന റൗണ്ട് റോബിൻ രീതിയിലാണ് ഇക്കുറി ടൂർണമെന്റ്. 

ഐപിഎൽ ഫൈനലും ലോകകപ്പ് മത്സരവും തമ്മിൽ 15 ദിവസത്തെ ഇടവേള വേണമെന്ന് ലോധ സമിതി നിർദേശമുള്ളതിനാൽ അടുത്തവർഷം ഐപിഎൽ മാർച്ച് 29ന് തുടങ്ങി മേയ് 19ന് അവസാനിക്കുന്ന രീതിയിൽ ക്രമപ്പെടുത്തും. ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ രണ്ടിനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. ഇന്ത്യയുടെ ആവശ്യം ഐസിസി ചീഫ് എക്സിക്യുട്ടീവ് സമിതി യോഗം അംഗീകരിക്കുകയായിരുന്നു. 

എല്ലാ പ്രമുഖ ടൂർണമെന്റുകളുടെയും തുടക്കത്തിലെ ആകർഷണമായിരുന്ന ഇന്ത്യ – പാക്ക്  മത്സരം ഇക്കുറി അൽപം വൈകിയാണ്. ടൂർണമെന്റ് തുടങ്ങി രണ്ടാഴ്ചയ്ക്കു ശേഷം ജൂൺ 16നാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുക. ലോകകപ്പിൽ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ തോൽപിക്കാനായിട്ടില്ല. 

2019–23 കാലയളവിലെ ഇന്ത്യയുടെ മത്സരങ്ങളുടെ പട്ടിക സമിതി അംഗീകരിച്ചു. ഈ കാലയളവിൽ ഇന്ത്യ 309 ദിവസം രാജ്യാന്തര മത്സരങ്ങൾ കളിക്കും. മുൻ കാലത്തേതിനേക്കാൾ 92 ദിവസം കുറവാണിത്. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം 15ൽ നിന്ന് 19 ആയി വർധിപ്പിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമല്ലാത്തതിനാൽ ഇന്ത്യ പകൽ–രാത്രി ടെസ്റ്റ് കളിക്കില്ല.

related stories