ട്വന്റി20യെ വെല്ലാൻ ‘പുതിയ ക്രിക്കറ്റ്’; ഒരു ഇന്നിങ്സിൽ 100 പന്ത്

കളിക്കളത്തിലോ പുറത്തോ സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാതെ പെരുമാറുന്നവരോട് ഇംഗ്ലിഷുകാർ പറയുന്നൊരു പ്രയോഗമുണ്ട്: ഇറ്റ്സ് നോട്ട് ക്രിക്കറ്റ്. ക്രിക്കറ്റിന്റെ തലതൊട്ടപ്പൻമാരുടെ നാടായ ഇംഗ്ലണ്ടിൽ ഈ കളിയുടെ നടത്തിപ്പുകാരായ ഇസിബി(ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്) മുന്നോട്ടുവയ്ക്കുന്ന ആശയത്തോട് പലരും ഒറ്റയടിക്കു പറഞ്ഞു: ഇറ്റ്സ് നോട്ട് ക്രിക്കറ്റ്! 

സംഗതി ക്രിക്കറ്റിനെക്കുറിച്ചു തന്നെയാണ്. അഞ്ചു ദിവസം നീളുന്ന പകൽയുദ്ധത്തിൽനിന്നു കളിയുടെ നിയോഗം തന്നെ തിരുത്തിയെഴുതിയ ഏകദിന പോരാട്ടങ്ങളിലേക്കും പിന്നീട് മൂന്നര മണിക്കൂറിനകം തീരുന്ന ട്വന്റി20 വെടിക്കെട്ടിലേക്കും എത്തിയ ജെന്റിൽമാൻസ് ഗെയിമിനെ ഒന്നു കൂടി ആറ്റിക്കുറുക്കിയെടുക്കാനാണ് ഇസിബിയുടെ നീക്കം. 120 പന്തുകളിൽ ഒരു ഇന്നിങ്സ് തീരുന്ന ട്വന്റി20യെക്കാൾ കളി ആവേശകരമാക്കാൻ പുത്തൻ ഫോർമാറ്റാണ് ആശയം. ഒരു ഇന്നിങ്സിൽ 100 പന്തുകൾ മാത്രമുള്ള, മൂന്നു മണിക്കൂറിനകം പൂർത്തിയാകുന്ന കുഞ്ഞു ക്രിക്കറ്റ്. ഇനിയും പേരിട്ടിട്ടില്ലാത്ത ഫോർമാറ്റിനെ, സൗകര്യത്തിന് ടി100 എന്നോ പന്തുകളുടെ എണ്ണം നോക്കി ബി 100 എന്നൊക്കെ വിളിക്കുന്നുണ്ട്. 

പുതിയ ഫോർമാറ്റ്

ട്വന്റി20ക്കു പകരമല്ല പുതിയ മൽസരം. ലോകമെങ്ങും ഒട്ടേറെ ആരാധകരുള്ള ഐപിഎല്ലും ബിഗ് ബാഷ് ലീഗും പോലുമുള്ള ലീഗുകളുടെ അടിസ്ഥാനമായ ട്വന്റി20 ഫോർമാറ്റ് നിലനിർത്തി, പുതിയ മേഖലയിലേക്കു കാൽവയ്ക്കാമെന്നാണ് ഇസിബി പറയുന്നത്. 2020ൽ ഇത്തരം ടൂർണമെന്റ് ആരംഭിക്കാനും തീരുമാനമായി. ഐപിഎൽ മാതൃകയിൽ എട്ടു നഗരകേന്ദ്രീകൃത ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.

2020ലെ വേനൽക്കാലത്ത് അഞ്ചാഴ്ച നീളുന്ന ടൂർണമെന്റിൽ ലണ്ടൻ, മാഞ്ചസ്റ്റർ, ലീഡ്സ്, സതാംപ്ടൺ, ബർമിങ്ങാം, കാർഡിഫ്, നോട്ടിങ്ങാം എന്നീ നഗരങ്ങളിൽനിന്നുള്ള ടീമുകളാണു പങ്കെടുക്കുക. ലണ്ടനിൽ ലോർഡ്സും ഓവലും കേന്ദ്രീകരിച്ച് രണ്ടു ടീമുകളുണ്ടാകും. മൂന്നു വിദേശതാരങ്ങളടക്കം 15 അംഗങ്ങളാണ് ഓരോ ടീമിലുമുണ്ടാവുക. 

മാറ്റം എങ്ങനെ? എന്തിന്? 

ഒരു ഇന്നിങ്സിൽ ആറു പന്തുകൾ വീതമുള്ള 15 പരമ്പരാഗത ഓവറുകളും 10 പന്തുള്ള ഒരു ഓവറുമാണ് ഉണ്ടാവുക. ഒരു ഓവറിൽ ആറു പന്തുകളാണ് നിലവിലുള്ള നിയമപ്രകാരം അനുവദനീയം. 10 പന്തുകളുള്ള ഓവർ മൽസരത്തിൽ ഉൾപ്പെടുത്താൻ നിയമത്തിൽ പുതിയ വകുപ്പു നിർമിക്കേണ്ടി വരും. മറ്റു കാര്യങ്ങളെല്ലാം ട്വന്റി20 മൽസരത്തിലേതു പോലെ തന്നെയാകും. എന്നാൽ, രണ്ട് ഇന്നിങ്സുകളിലുമായി 40 പന്തുകൾ കുറവുള്ളതിനാൽ മൂന്നു മണിക്കൂറിനകം പൂർത്തിയാകുമെന്നതാണ് കാര്യമായ വ്യത്യാസം.

ഏകദിന മൽസരങ്ങൾ ബോറടിച്ചു തുടങ്ങിയ കാലത്താണ് 2003ൽ ഇസിബി ട്വന്റി20 അവതരിപ്പിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. അന്ന് ഇംഗ്ലണ്ടിൽ ആരംഭിച്ച് ‘ട്വന്റി20 ബ്ല്ലാസ്റ്റ്’ എന്ന ടൂർണമെന്റ് ഇപ്പോഴും നടന്നു വരുന്നുണ്ടെങ്കിലും ഐപിഎല്ലിന്റെയോ ഓസ്ട്രേലിയയിലെ ബിഗ് ബാഷിന്റെയോ അത്ര ജനപ്രീതി ഈ ടൂർണമെന്റിനില്ല. നഷ്ടപ്പെട്ടു പോയ മേൽക്കൈ തിരിച്ചു പിടിക്കാനാണ് ഇസിബി പുതിയ ഫോർമാറ്റുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് വിമർശകർ പറയുന്നു. കളി സംപ്രേഷണം ചെയ്യുന്ന ടിവി കമ്പനികളിൽനിന്നുള്ള സമ്മർദവും പുതിയ ആശയവുമായി രംഗത്തെത്താൻ ഇസിബിയെ നിർബന്ധിതമാക്കിയെന്നു പറയുന്നു.

ട്വന്റി20 മൽസരങ്ങൾ പലപ്പോഴും നാലു മണിക്കൂറോളം നീളുന്നത് ടിവി സംപ്രേഷണത്തിൽ പ്രശ്നങ്ങളുണ്ടാക്കാറുണ്ടത്രെ. പുതിയ ഫോർമാറ്റിൽ വൈകിട്ട് ആറിനു തുടങ്ങുന്ന കളി ഒൻപതു മണിയോടെ തീരുമെന്നതാണ് പ്രധാന ആകർഷണം. കുട്ടികളെയും യുവാക്കളെയും അമ്മമാരെയും ക്രിക്കറ്റിലേക്കു കൂടുതൽ ആകർഷിക്കാൻ പുതിയ ഫോർമാറ്റിനു കഴിയുമെന്ന പ്രതീക്ഷയും ഇസിബിക്കുണ്ട്. 

വെല്ലുവിളി ബാക്കി 

പുതിയ ആശയത്തോട് ക്രിക്കറ്റ് ലോകം ഒരുമയോടെയല്ല പ്രതികരിച്ചത്. ട്വന്റി20 ലീഗ് നിലനിൽക്കുമ്പോൾ, പുതിയ ടൂർണമെന്റിന്റെ ആവശ്യമെന്തെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ബിഗ് ബാഷ് ലീഗിൽ പുതിയ പരീക്ഷണം നടപ്പാക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണും മറ്റും പുതിയ ആശയത്തെ അനുകൂലിക്കുന്നു.

കൂടുതൽ സാമ്പത്തിക നേട്ടം ലഭിക്കുമെന്നതിനാൽ ഇംഗ്ലണ്ടിലെ താരങ്ങള്‍ക്കും ഏറെക്കുറെ അനുകൂല നിലപാടാണ്. അതേസമയം, ട്വന്റി20യില്‍നിന്നു പുതിയ ടൂര്‍ണമെന്റിനെ വ്യത്യസ്തമാക്കുകയെന്നതാകും ഇസിബി നേരിടുന്ന പ്രധാന വെല്ലുവിളി. വന്‍കിട താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുമോ എന്നും കണ്ടറിയണം. അല്ലാത്ത പക്ഷം, പിഴച്ചു പോയൊരു എടുത്തുചാട്ടമെന്ന നിലയിലാകും കാലം ഇസിബിയുടെ കാല്‍വയ്പിനെ വിലയിരുത്തുക. 

ക്രിക്കറ്റിലെ വിപ്ലവങ്ങൾ 

1971: ആദ്യ ഏകദിന മൽസരം ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ മെൽബണിൽ 

1979: ഡേനൈറ്റ് ക്രിക്കറ്റിനു പ്രചാരം നൽകിയ വിമത ടൂർണമെന്റ് വേൾഡ് സീരീസ് ക്രിക്കറ്റ് 

1992: താരങ്ങൾ നിറമുള്ള ജഴ്സിയണിഞ്ഞ ആദ്യത്തെ ലോകകപ്പ് ടൂർണമെന്റ് 

1992: ടിവി റിപ്ലേയുടെ സഹായത്തോടെ മൂന്നാം അംപയർ സംവിധാനം നിലവിൽ 

2003: ആദ്യത്തെ ട്വന്റി20 ക്രിക്കറ്റ് ലീഗ് ഇസിബി ആരംഭിച്ചു 

2008: അംപയറങ്ങിൽ വിപ്ലവം സൃഷ്ടിച്ച ഡിആർഎസ് സംവിധാനത്തിനു തുടക്കം 

2015: പിങ്ക് പന്തുമായി ആദ്യത്തെ പകലിരവ് ക്രിക്കറ്റ് ടെസ്റ്റ്