Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലങ്കയെ വീഴ്ത്തി ഇംഗ്ലണ്ടിന് ജയം, പരമ്പര; 38 വിക്കറ്റുമായി സ്പിന്നർമാർ റെക്കോർഡ് ബുക്കിൽ

jack-leach-5-wicket-haul അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ജാക്ക് ലീച്ചിന് സഹതാരങ്ങളുടെ അഭിനന്ദനം.

കാൻഡി∙ വെറും 30 മിനിറ്റ്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ടിനും വിജയത്തിനുമിടയിലുണ്ടായിരുന്ന സമയദൂരം ഇത്രമാത്രം. വിജയലക്ഷ്യമായ 303 റൺസ് ഉന്നമിട്ട് ഏഴിന് 226 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ആതിഥേയരുടെ ശേഷിച്ച മൂന്നു വിക്കറ്റുകൾ വെറും 16 റൺസിനിടെ പിഴുതെടുത്ത ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ 57 റൺസ് വിജയവും 17 വർഷത്തിനിടെ ശ്രീലങ്കയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയവും സ്വന്തമാക്കി. വിദേശത്ത് ഇംഗ്ലണ്ട് പരമ്പര ജയിക്കന്നത് രണ്ടു വർഷത്തിനു ശേഷമാണ്. പരമ്പരയിലെ മൂന്നാം മൽസരം 23ന് ആരംഭിക്കും.

സ്കോർ: ഇംഗ്ലണ്ട് – 290 & 346. ശ്രീലങ്ക – 336 & 243

രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ച്, നാലു വിക്കറ്റ് വീഴ്ത്തിയ മോയിൻ അലി എന്നിവരാണ് ലങ്കയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. രണ്ടാം ഇന്നിങ്സിൽ നിർണായക സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ് കളിയിലെ കേമൻ. ഈ മൽസരത്തിൽ ആകെ നിലംപൊത്തിയ 40 വിക്കറ്റുകളിൽ 38 എണ്ണം സ്വന്തമാക്കി സ്പിന്നർമാർ റെക്കോർഡിട്ടു. ടെസ്റ്റ് ചരിത്രത്തിലെ ആദ്യ സംഭവമാണിത്.

ഉജ്വല അർധസെഞ്ചുറികളുമായി ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിനെ ‘വിരട്ടിയ’ ഓപ്പണർ ദിമുത് കരുണരത്‌നെ (57), ഏഞ്ചലോ മാത്യൂസ് (88) എന്നിവരുടെ പോരാട്ടം മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ലങ്കയ്ക്ക് ഓർമിക്കാനുള്ളത്. ഇവർക്കു പുറമെ റോഷൻ സിൽവ (37), നിരോഷൻ ഡിക്ക്‌വല്ല (35) എന്നിവർക്കു മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ലങ്കൻ നിരയിൽ രണ്ടക്കം കടക്കാനായത്. കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ജാക്കി ലീച്ച്, മൽസരത്തിലാകെ എട്ടു വിക്കറ്റ് സ്വന്തമാക്കി.