ഇളംവെയിലിൽ വാടാതെ ക്രിസ് ഗെയ്‌ൽ ഇതാ, അഷ്ടമുടിക്കായലിൽ – ചിത്രങ്ങൾ

അഷ്ടമുടിക്കായലിൽ ഹൗസ് ബോട്ട് യാത്രയ്ക്കിടെ ക്രിസ് ഗെയ്‌ലിനൊപ്പം സെൽഫിയെടുക്കുന്ന വഞ്ചിക്കാരൻ.

കൊല്ലം ∙ കായൽക്കാഴ്ച കണ്ട് കരീമീൻ കഴിച്ച് ക്രിസ് ഗെയ്‌ൽ. മകൾ ക്രിസ് അലിനയ്ക്കും ഭാര്യ നതാഷ ബെറിജിനുമൊപ്പം കായൽ സൗന്ദര്യം നുകർന്നു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ കൊല്ലത്ത്. ഞായറാഴ്ച കൊല്ലത്തെത്തിയ ഗെയ്‌ലും കുടുംബവും ഇന്നലെ രാവിലെയാണു കായൽ യാത്ര നടത്തിയത്.

റാവിസ് ഹോട്ടൽ മുതൽ മണ്‍റോതുരുത്ത് വരെ യാത്ര നടത്തിയ ഗെയ്‌ൽ അഞ്ചു മണിക്കൂറോളം കായലിൽ‍ ചിലവഴിച്ചു. അഷ്ടമുടിയുടേയും മണ്‍റോതുരുത്തിന്റെ കാഴ്ചകൾ ഏറെയിഷ്ടപ്പെട്ട ഗെയ്‌ലിനു നാവിനു വിരുന്നൊരുക്കിയതു കേരളത്തിന്റെ കരിമീന്‍. കേരള രീതിയിൽ തന്നെ ഭക്ഷണം തയാറാക്കി നൽകണമെന്നാണ് ഗെയ്ൽ അവശ്യപ്പെട്ടതെന്നു റാവിസ് ഗ്രൂപ്പ് കോർപറേറ്റ് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. പിന്നെ ഗെയ്‌ല്‍ കഴിക്കാൻ ആഗ്രഹിച്ചത് നമ്മുടെ ചക്കപ്പഴവും.

കായൽ യാത്ര ഏറെ ഇഷ്ടപ്പെട്ടെന്നു ഗെയ്‌ലിന്റെ ഭാര്യ നതാഷ ബെറിജും പറഞ്ഞു. കായൽ യാത്രയ്ക്കിടെ തീരത്തു നിന്നവരോടു സംസാരിച്ചും കൈവീശിയുമൊക്കെ ക്രീസിലെ പരുക്കൻ താരം സൗമ്യനായി. കുടുംബത്തോടും പ്രത്യേകിച്ചു രണ്ടു വയസുകാരി മകൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണു ഗെയ്‌ല്‍ കേരളം തിരഞ്ഞെടുത്തത്. മൂന്നു ദിവസം കൂടി ഗെയ്‌ൽ കേരളത്തിലുണ്ടാകുമെന്നാണു വിവരം.

ക്രിസ് ഗെയ്‌ലും കുടുംബവും കൊല്ലത്ത്.
ക്രിസ് ഗെയ്‌ൽ‌ കൊല്ലത്തെ റിസോർട്ടിൽ.
ക്രിസ് ഗെയ്‌ൽ ബോട്ടുസവാരിക്കിടെ.