Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യയെ 27 റൺസിന് എറിഞ്ഞിട്ട് ഇന്ത്യൻ വനിതകൾ; കൂറ്റൻ ജയം

indian-women-cricket-team വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ വനിതകൾ. (ട്വിറ്റർ ചിത്രം)

ക്വലാലംപുർ∙ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റിൽ മലേഷ്യയെ നാണം കെടുത്തി ഇന്ത്യൻ വനിതകൾ. വനിതകളുടെ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോറിന് ആതിഥേയരായ മലേഷ്യയെ പുറത്താക്കിയാണ് ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. 170 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ മലേഷ്യ, 13.4 ഓവറിൽ 27 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 142 റൺസിന്റെ കൂറ്റൻ വിജയവുമായി ഇന്ത്യ ടൂർണമെന്റിന് തുടക്കമിട്ടു. പാക്കിസ്ഥാനെതിരെ 44 റൺസിന് പുറത്തായ ബംഗ്ലദേശ് വനിതകളുടെ ‘റെക്കോർഡാ’ണ് മലേഷ്യൻ വനിതകൾ തിരുത്തിയത്.

സൂപ്പർതാരം മിതാലി രാജിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിലെ ഹൈലൈറ്റ്. ഓപ്പണറായിറങ്ങിയ മിതാലിക്ക് സെഞ്ചുറി നഷ്ടമായത് വെറും മൂന്നു റൺസിന്. 69 പന്തിൽ 13 ബൗണ്ടറിയും ഒരു സിക്സും സഹിതം 97 റൺസെടുത്ത മിതാലി ഇന്നിങ്സ് അവസാനിക്കുമ്പോഴും പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം മിതാലി മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 86 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. പിരിയാത്ത നാലാം വിക്കറ്റിൽ മിതാലി–ദീപ്തി ശർമ സഖ്യം 48 റൺസും കൂട്ടിച്ചേർത്തു. ഹർമൻപ്രീത് 23 പന്തിൽ നാലു ബൗണ്ടറികളോടെ 32 റൺസെടുത്തു പുറത്തായി. ദീപ്തി ശർമ 12 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 18 റൺസെടുത്ത് മിതാലിക്കൊപ്പം പുറത്താകാതെ നിന്നു.

സ്മൃതി മന്ഥന (നാലു പന്തിൽ രണ്ട്), പൂജ വസ്ത്രാകർ (13 പന്തിൽ മൂന്നു ബൗണ്ടറികളോടെ 16) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. മലേഷ്യയ്ക്കായി അയ്ന ഹാഷിം, നൂർ സഖറിയ എന്നിവർ ഓരോ വിക്കറഅറ് വീഴ്ത്തി. ഇന്ത്യയെ ‘മെരുക്കാൻ’ ഏഴു പേരാണ് മലേഷ്യൻ നിരയിൽ പന്തെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലേഷ്യയെ ഇന്ത്യ അക്ഷരാർഥത്തിൽ വരിഞ്ഞുമുറുക്കുകയായിരുന്നു. ആതിഥേയ താരങ്ങളിൽ ആർക്കും രണ്ടക്കം കടക്കാൻ പോലുമായില്ല. 10 പന്തിൽ രണ്ടു ബൗണ്ടറികളോടെ ഒൻപതു റൺസെടുത്ത സാഷ ആസ്മിയാണ് അവരുടെ ടോപ് സ്കോറർ. സാഷയ്ക്കു പുറമെ മലേഷ്യൻ നിരയിൽ ഒരേയൊരു ബൗണ്ടറി നേടിയത് സുമിക ആസ്മി മാത്രം.

ഇവർക്കു പുറമെ വിനിഫ്രഡ് ദുരൈസിംഗം (അഞ്ച്), മെയ്സ് എലീസ (രണ്ട്), നദീറ നസ്റുദിൻ (ഒന്ന്) എന്നവർക്കു മാത്രമേ മലേഷ്യൻ നിരയിൽ അക്കൗണ്ട് തുറക്കാനായുള്ളൂ. ആറു പേർ ‘സംപൂജ്യ’രായി. ഇന്ത്യയ്ക്കായി പൂജ വസ്ത്രാകർ മൂന്ന് ഓവറിൽ ആറു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. അനൂജ പാട്ടീൽ 2.2 ഓവറിൽ ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റു വീഴ്ത്തി. പൂനം യാദവ് രണ്ട് ഓവറിൽ റണ്ണൊന്നും വിട്ടുകൊടുക്കാതെ രണ്ടു വിക്കറ്റ് സ്വന്തമാക്കി.

related stories