വിരാട് കോഹ്‌ലിക്ക് ബോർഡിന്റെ ‘ബെസ്റ്റ് ക്രിക്കറ്റർ’ പുരസ്കാരം

ന്യൂഡൽഹി∙ മികച്ച താരത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ രണ്ടു സീസണുകളിലെ അവാർഡുകളും നായകൻ വിരാട് കോഹ്‌ലി സ്വന്തമാക്കി. 2016–17, 2017–18 സീസണുകളിലെ മികച്ച വനിതാ താരത്തിനുള്ള അവാർഡ് യഥാക്രമം ഹർമൻപ്രീത് കൗറും സ്മൃതി മന്ഥനയും സ്വന്തമാക്കി. പോളി ഉമ്രിഗർ അവാർഡാണ് കോഹ്‌ലിക്കു ലഭിക്കുന്നത്. 12ന് ബെംഗളൂരുവിലാണ് അവാർഡ്ദാന ചടങ്ങ്. 

2016–17 സീസണിൽ കോഹ്‌ലി 13 ടെസ്റ്റുകളിൽ നിന്ന് 74 റൺസ് ശരാശരിയിൽ 1332 റൺസ് നേടി. 27 ഏകദിനങ്ങളിൽ 1516 റൺസ് സ്വന്തമാക്കി. 84.22 റൺസ് ആയിരുന്നു ശരാശരി. 2017–18 സീസണിൽ ആറു ടെസ്റ്റുകളിൽ നിന്ന് 89.6 റൺസ് ശരാശരിയിൽ കോഹ്‌ലി 896 റൺസെടുത്തു. ഏകദിനത്തിൽ 75.50 ആയിരുന്നു ശരാശരി. കോഹ്‌ലിക്ക് രണ്ടു സീസണുകളിലെയും കൂടി അവാർഡ് തുകയായി 30 ലക്ഷം രൂപ ലഭിക്കും.

ആജീവനാന്ത മികവിനുള്ള സി.കെ. നായിഡു ട്രോഫി 2016–17 സീസണിൽ പങ്കജ് റോയിക്ക് ലഭിക്കും. മരണാനന്തര ബഹുമതിയാണിത്. 2017–18 സീസണിൽ ഈ അവാർഡ് അൻശുമാൻ ഗെയ്ക്‌വാദിനാണ്. 2017 –18 സീസണിൽ രഞ്ജിയിലെ മികച്ച ഓൾറൗണ്ടർക്കും ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരത്തിനുമുള്ള അവാർഡ് കേരളത്തിനു വേണ്ടി കളിച്ച ജലജ് സക്സേനയ്ക്കാണ്.