Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗ്ലദേശിന്റെ നെഞ്ചുതകർത്ത ഫീൽഡിങ് പ്രകടനം; അഫ്ഗാന് ജയം! – വിഡിയോ

afghanistan-vs-bangladesh അവസാന പന്തിൽ ബൗണ്ടറി തടയുന്ന അഫ്ഗാൻ താരം ഷഫീഖുല്ല. (വിഡിയോ ചിത്രം)

ഡെറാഡൂൺ∙ തുടർച്ചയായ മൂന്നാം മൽസരത്തിലും ബംഗ്ലദേശിനെ തോൽപ്പിച്ച് താരതമ്യേന പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാൻ ട്വന്റി20 പരമ്പര തൂത്തുവാരി. ആവേശം അവസാന പന്തോളമെത്തിയ മൽസരത്തിൽ ഒരു റണ്ണിനാണ് അഫ്ഗാന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തപ്പോൾ, ബംഗ്ലദേശിന്റെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 144ൽ അവസാനിച്ചു. ഇതോടെ മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ അഫ്ഗാന് സമ്പൂർണ ജയം. മൽസരത്തിന് ആവേശമുഖം സമ്മാനിച്ച ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹിമാണ് കളിയിലെ കേമൻ. അഫ്ഗാൻ താരം റാഷിദ് ഖാൻ പരമ്പരയുടെ താരവുമായി.

അവസാന ഓവറിൽ ബംഗ്ലദേശിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് ഒൻപതു റൺസ് മാത്രം. രണ്ട് ഓവറിൽ 30 റൺസ് എന്ന നിലയിൽ നിൽക്കെ കരിം ജാനത്ത് എറിഞ്ഞ 19–ാം ഓവറിൽ തുടർച്ചയായി അഞ്ച് ബൗണ്ടറി കണ്ടെത്തിയ മുഷ്ഫിഖുർ റഹിമാണ് മൽസരം ആവേശകരമാക്കിയത്. അവസാന പന്തിലെ സിംഗിൾ ഉൾപ്പെടെ 21 റണ്‍സാണ് ഈ ഓവറിൽ ബംഗ്ലദേശ് അടിച്ചെടുത്തത്.

ഇതോടെയാണ് അവസാന ഓവറിൽ ബംഗ്ലദേശിന്റെ വിജയലക്ഷ്യം ഒൻപതു റൺസായി ചുരുങ്ങിയത്. അവസാന ഓവർ എറിയാനെത്തിയത് അവരുടെ സൂപ്പർതാരം റാഷിദ് ഖാൻ. അതുവരെ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയ റാഷിദ് വിക്കറ്റൊന്നും വീഴ്ത്തിയിരുന്നില്ല. ക്രീസിൽ നിൽക്കുന്നത് മുഷ്ഫിഖുർ റഹിം. 19–ാം ഓവറിൽ നേടിയ അഞ്ചു തുടർ ബൗണ്ടറികൾ ഉൾപ്പെടെ 36 പന്തിൽ 46 റൺസെന്ന നിലയിലായിരുന്നു റഹിം.

എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽത്തന്നെ റാഷിദ് ഖാൻ ബംഗ്ലദേശിന്റെ നടുവൊടിച്ചു. ബംഗ്ലദേശിനെ വിജയത്തിന്റെ വക്കിലെത്തിച്ച മുഷ്ഫിഖുർ റഹിം പുറത്ത്. റാഷിദിന്റെ പന്തിൽ സ്ലോഗ് സ്വീപ്പിനു ശ്രമിച്ച മുഷ്ഫിഖുർ നജീബുല്ല സദ്രാന്റെ കൈകളിലൊതുങ്ങി. റഹിം മടങ്ങിയെങ്കിലും ബംഗ്ലദേശിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് അഞ്ചു പന്തിൽ ഒൻപതു റൺസ് മാത്രം.

എന്നാൽ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞ റാഷിദ് വിജയത്തിന് ഒരു റൺ അകലെ ബംഗ്ല കടുവകളെ തളച്ചിട്ടു. 1, 2, 1, 1, എന്നിങ്ങനെയായിരുന്നു തുടർന്നുള്ള നാലു പന്തുകളിൽ ബംഗ്ലദേശിന്റെ പ്രകടനം. ഇതോടെ അവസാന പന്തിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് നാലു റൺസ്.

ക്രീസിൽ ആരിഫുൽ ഹഖ്. റാഷിദിന്റെ പന്ത് ആരിഫുൽ ബൗണ്ടറിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ലോങ് ഓണിൽ ബൗണ്ടറിക്കു സമീപം ഷഫീഖുല്ലയുടെ തകർപ്പൻ ഫീല്‍ഡിങ്. പന്തു തടഞ്ഞിട്ട ഷഫീഖുല്ല ബംഗ്ല താരങ്ങൾ മൂന്നാം റൺ പൂർത്തിയാക്കും മുൻപ് പന്ത് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിച്ചു. മൂന്നാം റണ്ണിനുള്ള ശ്രമത്തിനിടെ മഹ്മൂദുല്ല റണ്ണൗട്ട്. അഫ്ഗാനിസ്ഥാന് ഒരു റണ്ണിന്റെ ആവേശ ജയം, ട്വന്റി20 പരമ്പരിയൽ 3–0ന്റെ സമ്പൂർണ വിജയം.

നേരത്തെ, ഓപ്പണർ മുഹമ്മദ് ഷഹ്സാദ് (22 പന്തിൽ 26), ഉസ്മാൻ ഗനി (26 പന്തിൽ 19), സമീയുല്ല ഷെൻവാരി (28 പന്തിൽ പുറത്താകാതെ 33), നജീബുല്ല സദ്രാൻ (16 പന്തിൽ 15) എന്നിവരുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിരയിൽ തിളങ്ങിയത് മുഷ്ഫിഖുർ റഹിം (37 പന്തിൽ 46), മഹ്മുദുല്ല (38 പന്തിൽ 45) എന്നിവർ മാത്രം. ഓപ്പണർ ലിട്ടൺ ദാസ് 14 പന്തിൽ 12 റൺസെടുത്തും സൗമ്യ സർക്കാർ 13 പന്തിൽ 15 റൺസെടുത്തും പുറത്തായി. അഫ്ഗാനിസ്ഥാനായി റാഷിദ് ഖാൻ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും മുജീബുർ റഹ്മാൻ നാല് ഓവറിൽ 25 റൺസ് വഴങ്ങിയു ഓരോ വിക്കറ്റ് വീഴ്ത്തി.

related stories