അഫ്രീദിയുടെ ആ അതിവേഗ സെഞ്ചുറി പിറന്നത് സച്ചിന്റെ ബാറ്റിൽ!

വിസ്ഫോടനശേഷിയുടെ കാര്യത്തിൽ സാക്ഷാൽ ക്രിസ് ഗെയ്‌ലിനെപ്പോലും അതിശയിക്കുന്ന താരമാണ് പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദി. രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോർഡ് 18 വർഷത്തോളം അഫ്രീദിക്കു സ്വന്തമായിരുന്നു. എന്നാൽ, ഈ സെഞ്ചുറി അഫ്രീദി നേടിയത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ ബാറ്റുകൊണ്ടാണെന്ന് എത്രപേർക്കറിയാം?

1996 ഒക്ടോബർ നാലിനാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ശ്രീലങ്കയ്ക്കെതിരെ 37 പന്തിൽ അഫ്രീദി സെഞ്ചുറി പൂർത്തിയാക്കിയത്. അന്ന് വെറും 16 വയസ്സായിരുന്നു അഫ്രീദിയുടെ പ്രായം. പാക്ക് ടീമിൽ ഇടം നേടിയ കാലത്ത് പാക്ക് താരം വഖാർ യൂനിസാണ് തന്റെ പക്കലിരുന്ന സച്ചിന്റെ ബാറ്റ് അഫ്രീദിക്ക് നൽകിയത്.

‘ഇത് സച്ചിന്റെ ബാറ്റാണ്. നാളെ ഇതുപയോഗിച്ചു കളിച്ചുനോക്കൂ’ എന്നു പറഞ്ഞാണ് യൂനിസ് ബാറ്റ് തന്നതെന്ന് അഫ്രീദി പിന്നീട് വെളിപ്പെടുത്തിയിരുന്നു. സിയാൽകോട്ടിൽനിന്ന് സമാനമായ ബാറ്റ് വാങ്ങാൻ നിർദ്ദേശിച്ചാണ് അന്ന് സച്ചിൻ തന്റെ ബാറ്റ് വഖാർ യൂനിസിന് നൽകിയതത്രേ.

എന്തായാലും അഫ്രീദിയുടെ റെക്കോർഡ് പിന്നീട് 2014ൽ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സനാണ് തകർത്തത്. വെസ്റ്റ് ഇൻഡീസിനെതിരെ ഒരു ബോൾ കുറച്ച് 36 പന്തിൽ ആൻഡേഴ്സൻ സെഞ്ചുറിയിലെത്തി. എന്നാൽ, അഫ്രീദി 18 വർഷത്തോളം കയ്യിൽവച്ച റെക്കോർഡ് ആൻഡേഴ്സന്റെ പേരിലുണ്ടായിരുന്നത് ഒരു വർഷം മാത്രം. അപ്പോഴേക്കും 31 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി എ.ബി. ഡിവില്ലിയേഴ്സ് ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ചു. ആ നേട്ടവും വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു.