ആൺപട തോറ്റ ഇംഗ്ലണ്ടിൽ, ഇംഗ്ലിഷ് ആരാധകരുടെ ഹൃദയം കവർന്ന പെൺകൊടി, മന്ഥാന!

വെസ്റ്റേൺ സ്റ്റോമിനായുള്ള സ്മൃതിയുടെ പ്രകടനം.

ലണ്ടൻ∙ ഇംഗ്ലിഷ് മണ്ണിൽ ഇന്ത്യൻ പുരുഷ ടീം ഏറ്റുവാങ്ങിയ തോൽവിയെക്കുറിച്ചുള്ള ചർച്ചകൾ ഒരു വശത്ത് പൊടിപൊടിക്കുമ്പോൾ, മറുവശത്ത് ഇംഗ്ലിഷ് ആരാധകരുടെ ഹൃദയം കവർന്ന് അരങ്ങു തകർക്കുന്നൊരു ഇന്ത്യൻ പെൺകൊടിയുണ്ട്. ഇംഗ്ലണ്ടിലെ ആഭ്യന്തര വനിതാ ട്വന്റി20 ലീഗായ കെഐഎ സൂപ്പർ ലീഗിൽ (കെഎസ്എൽ) വെസ്റ്റേൺ സ്റ്റോമിനായി കളിക്കുന്ന സ്മൃതി മന്ഥാന.

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഈ ലേഡി സൂപ്പർ സ്റ്റാർ, ഇംഗ്ലണ്ടിൽ കാലു കുത്തിയതു മുതൽ അടിയോടടിയാണ്. ഓരോ മൽസരത്തിലും ഓരോ റെക്കോർഡെങ്കിലും സ്വന്തം പേരിലാക്കി മന്ഥാന കുതിപ്പു തുടരുമ്പോൾ, ആ പ്രകടനം കാണാതെ പോകുന്നതെങ്ങനെ! കെഎസ്എൽ 2018 സീസൺ പകുതി ദൂരം പിന്നിടുമ്പോൾ ഏറ്റവും ഉയർന്ന റൺ സ്കോറർ, ഏറ്റവും കൂടുതൽ സിക്സ്, ഏറ്റവും കൂടുതൽ ബൗണ്ടറി, ഏറ്റവും ഉയർന്ന റൺ ശരാശരി, ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് എന്നിങ്ങനെ റെക്കോർഡുകളെല്ലാം ഇപ്പോൾ ഈ ഇന്ത്യൻ പെൺപുലിയുടെ പേരിലാണ്.

ഇന്ത്യയ്ക്കായി ഇതുവരെ 42 രാജ്യാന്തര ട്വന്റി20 മൽസരങ്ങൾ കളിച്ചിട്ടുള്ള മന്ഥന 857 റൺസ് നേടിയിട്ടുണ്ട്. 76 റൺസാണ് ഉയർന്ന സ്കോർ. 41 ഏകദിനങ്ങളിൽനിന്നായി 37.53 റൺസ് ശരാശരിയിൽ 1464 റൺസും നേടിയിട്ടുണ്ട്. വനിതാ ഏകദിനത്തിലെ ഐസിസി റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരിയാണ് സ്മൃതി. അതേസമയം, ട്വന്റി20 റാങ്കിങ്ങിൽ 13–ാം സ്ഥാനത്തും.

എന്താണ് കെഎസ്എൽ?

ഇംഗ്ലണ്ടിലെ വനിതകളുടെ ‘ഐപിഎല്ലാ’ണ് കെഎസ്എൽ എന്നു പറയാം. 2016ൽ തുടക്കമിട്ട ലീഗ്, ഈ വർഷം മൂന്നാം സീസണിലെത്തിയിരിക്കുന്നു. ആകെ ആറു ടീമുകൾ കളിക്കുന്ന ലീഗിൽ ഓരോ ടീമും രണ്ടു തവണ വീതം നേർക്കുനേർ വരുന്ന രീതിയിലാണ് മൽസരക്രമം. അങ്ങനെ മൊത്തം 10 മൽസരങ്ങൾ. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ടീം നേരെ ഫൈനലിൽ കടക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർ പരസ്പരം മൽസരിച്ച് ജയിക്കുന്നവരാണ് ഫൈനലിലെ രണ്ടാമത്തെ ടീം. ഈ പോരാട്ടം ഓഗസ്റ്റ് 18നാണ്. ഒൻപതു ദിവസത്തെ ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് 27നാണ് കലാശപ്പോര്.

ഈ സീസൺ പകുതി പിന്നിടുമ്പോൾ,  ആറു മൽസരങ്ങളിൽനിന്ന് അഞ്ചു വിജയങ്ങളുമായി 23 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് സ്മൃതിയുടെ ടീമായ വെസ്റ്റേൺ സ്റ്റോം. ഒന്നാം സ്ഥാനത്തുള്ള ലഫ്ബറോ ലൈറ്റ്‌നിങ്ങിനും 23 പോയിന്റാണെങ്കിലും നെറ്റ് റൺറേറ്റിലെ ആധിപത്യമാണ് അവരെ ഒന്നാമതു നിർത്തുന്നത്. ലീഗിൽ കളിക്കുന്ന മറ്റൊരു ഇന്ത്യൻ താരമായ ഹർമൻപ്രീത് കൗറിന്റെ ടീമായ ലങ്കാഷർ തണ്ടറാണ് നിലവിൽ മൂന്നാതുള്ളത്. അഞ്ചു മൽസരങ്ങളിൽനിന്ന് മൂന്നു ജയമുൾപ്പെടെ 13 പോയിന്റുമായാണ് തണ്ടർ മൂന്നാമതു നിൽക്കുന്നത്.

സ്മൃതിയും വെസ്റ്റേൺ സ്റ്റോമും

കെഎസ്എല്ലിൽ കളിക്കാനെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സ്മൃതി മന്ഥാന. സ്മൃതിക്കു പിന്നാലെ ലങ്കാഷർ തണ്ടറുമായി ഇന്ത്യൻ വനിതാ ടീമിന്റെ നായിക കൂടിയായ ഹർമൻപ്രീത് കൗറും കരാറിലെത്തി. അങ്ങനെ കെഎസ്എല്ലിൽ കളിക്കുന്ന ഇന്ത്യക്കാർ രണ്ടുപേർ മാത്രം. മൂന്നാം സീസണിലേക്കു കടന്നിരിക്കുന്ന കെഎസ്എല്ലിൽ നിലവിലെ ചാംപ്യൻമാർ കൂടിയാണ് സ്മൃതിയുടെ ടീമായ വെസ്റ്റേൺ സ്റ്റോം. ആദ്യ സീസണിലെ റണ്ണേഴ്സ് അപ്പുമാണ് അവർ.

ഇംഗ്ലണ്ടിൽ കാലുകുത്തിയശേഷം കളത്തിലിറങ്ങിയ ആറാമത്തെ മൽസരത്തിലും ടീമിന്റെ വിജയശിൽപിയായതോടെ ഇംഗ്ലിഷ് ആരാധകർക്കു മുന്നിലും സ്റ്റാറായിരിക്കുന്നു, ഇന്ത്യയുടെ ഈ ‘ലേഡി സൂപ്പർസ്റ്റാർ’. ആറാമത്തെ മൽസത്തിൽ യോർക്‌ഷർ ഡയമണ്ട്സിനെ തോൽപ്പിച്ചപ്പോഴും ടീമിന്റെ മുൻനിരയിൽ നിന്ന സ്മൃതി, ഇതിനകം ലീഗിലെ ഒട്ടേറെ റെക്കോർഡുകൾ സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

വന്നു, കണ്ടു, കീഴടക്കി

ഇതുവരെയുള്ള ആറു മൽസരങ്ങളിൽനിന്ന് 48, 37, പുറത്താകാതെ 52, പുറത്താകാതെ 43, 102, 56 എന്നിങ്ങനെയാണ് ഇരുപത്തിരണ്ടുകാരിയായ സ്മൃതിയുടെ സ്കോർ. ആകെ 338 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോറർ കൂടിയാണ് സ്മൃതി. ഇതിനു പുറമെ വേറെയും റെക്കോർഡുകളുണ്ട്, കെഎസ്എല്ലിൽ സ്മൃതിയുടെ പേരിൽ. ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും കൂടിയ റൺ ശരാശരി അവരുടെ പേരിലാണ്. 85.00 റൺസ് ശരാശരിയിലാണ് ഇംഗ്ലണ്ട് മണ്ണിൽ മന്ഥാനയുടെ കുതിപ്പ്. സീസണിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റുള്ള താരവും സ്മൃതി തന്നെ. 184 ആണ് സ്മൃതിയുടെ സ്ട്രൈക്ക് റേറ്റ്.

ഈ സീസണിൽ ഏറ്റവും കൂടുതൽ ബൗണ്ടറി (34) നേടിയ താരവും സിക്സുകൾ (19) നേടിയ താരവും മന്ഥാന തന്നെ. സിക്സുകളുടെ എണ്ണത്തിൽ കെഎസ്എല്ലിലെ എല്ലാ സീസണും ചേർത്തുള്ള റെക്കോർഡുകളും സ്മൃതിയുടെ പേരിലായിക്കഴിഞ്ഞു. വനിതാ ട്വന്റി20യിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടി സ്മൃതി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതും ഇതേ ടൂർണമെന്റിലാണ്. 18 പന്തിലാണ് അന്ന് സ്മൃതി 50 കടന്നത്.

18 പന്തിൽ അർധസെഞ്ചുറി

കെഎസ്എല്ലിൽ തന്റെ മൂന്നാമത്തെ മാത്രം മൽസരത്തിലാണ് സ്മൃതി അതിവേഗ അർധസെഞ്ചുറിയുമായി ഞെട്ടിച്ചത്. ലഫ്ബറോ ലൈറ്റ്‍നിങ്ങിനെതിരെ വെസ്റ്റേൺ സ്റ്റോമിനുവേണ്ടിയായിരുന്നു മന്ഥനയുടെ മിന്നൽ ബാറ്റിങ്. മഴമൂലം ആറ് ഓവറാക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റേൺ സ്റ്റോം നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 85 റൺസ്. 19 പന്തുകൾ നേരിട്ട സ്മൃതി അഞ്ച് ബൗണ്ടറിയും നാലു സിക്സും സഹിതം 52 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഫ്ബറോ ലൈറ്റ്‍നിങ്ങിന്റെ പോരാട്ടം 18 റൺസ് അകലെ അവസാനിച്ചു.

ഇതോടെ വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയെന്ന ന്യൂസീലൻഡ് താരം സോഫി ഡിവൈന്റെ റെക്കോർഡിനൊപ്പമെത്തി മന്ഥന. 2015ൽ ഇന്ത്യയ്ക്കെതിരെയാണ് സോഫി റെക്കോർഡിട്ടത്. സ്മൃതി ഈ റെക്കോർഡിനൊപ്പമെത്തുമ്പോൾ എതിർ ടീമിൽ സോഫിയുമുണ്ടായിരുന്നുവെന്നതും കൗതുകകരം. 21 പന്തിൽ പുറത്താകാതെ 46 റൺസെടുത്ത് പൊരുതിയെങ്കിലും സോഫിക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ഈ മൽസരത്തിൽ നാലു സിക്സ് നേടിയതോടെ കെഎസ്എല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമായും സ്മൃതി മാറി. ഒൻപതു വീതം സിക്സ് നേടിയ സ്റ്റെഫാനി, റേച്ചൽ പ്രീസ്റ്റ് എന്നിവരുടെ റെക്കോർഡാണ് സ്മൃതി വെറും മൂന്ന് ഇന്നിങ്സുകളിൽ തകർത്തെറിഞ്ഞത്. ആറു മൽസരങ്ങൾ പൂർത്തിയാകുമ്പോൾ ഇതുവരെ 19 സിക്സുകൾ നേടിയ സ്മൃതി, മറ്റു താരങ്ങളെക്കാൾ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.

2017ലെ ഐസിസി വനിതാ ലോകകപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ താരമായി മാറിയ സ്മൃതി മന്ഥന ഈ വർഷം കുറിക്കുന്ന മൂന്നാമത്ത അതിവേഗ അർധസെഞ്ചുറി കൂടിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ 30 പന്തിൽ അർധസെഞ്ചുറി നേടി ത്രസിപ്പിച്ച മന്ഥന, ഇംഗ്ലണ്ടിനെതിരെ 25 പന്തിലാണ് അർധസെഞ്ചുറി നേടിയത്. അതിനു പിന്നാലെയാണ് കെഎസ്എല്ലിലെ അദ്ഭുത പ്രകടനം.

ഫിഫ്റ്റിയിൽനിന്ന് സെഞ്ചുറിയിലേക്ക്

അതിവേഗ അർധസെഞ്ചുറിയുടെ അമ്പരപ്പു മാറും മുൻപേ കെഎസ്‌എല്ലിലെ അതിവേഗ സെഞ്ചുറിയും തന്റെ പേരിലാക്കിയാണ് മന്ഥാന വീണ്ടും ‍ഞെട്ടിച്ചത്. അതിവേഗ അർധസെഞ്ചുറി പിറന്ന മൽസരത്തിനുശേഷം ഒരു മൽസരത്തിന്റെ മാത്രം ഇടവേളയിലാണ് അതിവേഗ സെഞ്ചുറിയെത്തിയത്. ഹർമൻപ്രീത് കൗറിന്റെ ക്ലബ്ബായ ലങ്കാഷറിനെതിരെയായിരുന്നു മന്ഥാനയുെട സെഞ്ചുറി പ്രകടനം. 61 പന്തിൽ 102 റൺസ് നേടിയ സ്മൃതിയുടെ മികവിൽ വെസ്റ്റേൺ സ്റ്റോം ലങ്കാഷർ തണ്ടറിനെ ഏഴു വിക്കറ്റിന് തകർക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കാഷർ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. ലങ്കാഷറിനായി കളത്തിലിറങ്ങിയ ഹർമൻപ്രീത് റണ്ണൊന്നുമെടുക്കാതെ പുറത്തായി. 154 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേൺ ബ്രോമിനായി 61 പന്തിൽ 12 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെയാണ് സ്മൃതി മന്ഥാന 102 റൺസെടുത്തത്. വിജയമുറപ്പിച്ച ഘട്ടത്തിൽ 102 റൺസുമായി മന്ഥന പുറത്തായെങ്കിലും തൊട്ടുപിന്നാലെ ടീം വിജയത്തിലെത്തി.