ബാറ്റിങ് റാങ്കിങ്: കോഹ്‌ലി വീണ്ടും ഒന്നാം നമ്പർ

ദുബായ്∙ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും കാഴ്ചവച്ച തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. നോട്ടിങ്ങാമിൽ ഇന്ത്യ 203 റൺസിനു ജയിച്ച ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ കോഹ്‌ലി 97 റൺസും രണ്ടാം ഇന്നിങ്സിൽ 103 റൺസും നേടിയിരുന്നു.

ആദ്യ ടെസ്റ്റിൽ 149, 51 എന്നിങ്ങനെ രണ്ടിന്നിങ്സിലും തിളങ്ങിയപ്പോൾ കോഹ്‌ലി ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്തിയിരുന്നു. എന്നാൽ ലോർഡ്സിൽ ഇന്ത്യ വീണ്ടും തോറ്റപ്പോൾ കോഹ്‌ലി ബാറ്റിങ്ങിലും പരാജയപ്പെട്ടതോടെ ഒന്നാം സ്ഥാനം നഷ്ടമായി. കോഹ്‌ലിക്കിപ്പോൾ 937 പോയിന്റുണ്ട്. റേറ്റിങ് പോയിന്റിൽ എക്കാലത്തെയും മികച്ച 11–ാം സ്ഥാനമാണിതിന്.

ഡോൺ ബ്രാഡ്മാൻ (961), സ്റ്റീവ് സ്മിത്ത് (947), ലെൻ ഹട്ടൻ (945), ജാക്ക് ഹോബ്സ് (942), റിക്കി പോണ്ടിങ് (942), പീറ്റർ മേ (941), ഗാരി സോബേഴ്സ്, ക്ലൈഡ് വാൽക്കോട്ട്, വിവിയൻ റിച്ചാർഡ്സ്, സംഗക്കാര (എല്ലാവർക്കും 938 പോയിന്റ്) എന്നിവരാണ് ഏറ്റവും കൂടുതൽ റാങ്കിങ് പോയിന്റ് നേടിയ ആദ്യ പത്തുപേർ.