ധോണി മാറി കോഹ്‍ലി വന്നപ്പോൾ മാറ്റം പ്രതീക്ഷിച്ചെങ്കിലും വെറുതെയായി: ഗാവസ്കർ

വിരാട് കോഹ്‍ലി, സുനിൽ ഗാവസ്കർ, മഹേന്ദ്രസിങ് ധോണി

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തോറ്റതോടെ വിരാട് കോഹ്‍ലിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് ന്യായമായും ചോദ്യങ്ങളുയരുമെന്ന് മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. വ്യക്തിഗത പ്രകടനത്തിൽ പുതിയ ഉയരങ്ങൾ താണ്ടുമ്പോഴും, ക്യാപ്റ്റനെന്ന നിലയിൽ കോഹ്‍ലി ശരാശരിക്കും താഴെയാണെന്ന് വിമർശനമുയരുന്നതിനിടെയാണ് ഗാവസ്കറിന്റെ പ്രതികരണം. ബാറ്റിങ്ങിൽ കോഹ്‍ലി ശോഭിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിനു കീഴിൽ ദക്ഷിണാഫ്രിക്കയിലും ഇപ്പോൾ ഇംഗ്ലണ്ടിലും ഇന്ത്യ തോൽവി വഴങ്ങിയിരിക്കുകയാണെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി.

ധോണിയിൽ നിന്ന് കോഹ്‍ലി നായകസ്ഥാനം ഏറ്റെടുക്കുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു ടീമിനെയാണ് എല്ലാവരും പ്രതീക്ഷിച്ചതെന്ന് ഗാവസ്കർ അഭിപ്രായപ്പെട്ടു. സ്വതവേ ശാന്തസ്വഭാവക്കാരനായ ധോണിയിൽനിന്ന് ആക്രമണോത്സുക ശൈലി പുലർത്തുന്ന കോഹ്‍ലി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തപ്പോൾ, ടീമിന്റെ പ്രകടനത്തിലും ആ വ്യത്യാസം പ്രകടമാകുമെന്നായിരുന്നു പ്രതീക്ഷ. ധോണി ശാന്തനായിരുന്നു എന്നതുകൊണ്ട് വിജയത്തിനുള്ള തൃഷ്ണ ഇല്ലായിരുന്നുവെന്ന് അർഥമില്ല. മറിച്ച്, വ്യത്യസ്ത ശൈലിയിലുള്ള ഒരു ടീമിനെ കാണാമെന്നായിരുന്നു പ്രതീക്ഷ – ഗാവസ്കർ പറഞ്ഞു.

കോഹ്‍ലി നായകസ്ഥാനത്ത്് എത്തുന്നതോടെ ടീമംഗങ്ങളിൽ വലിയ ഊർജമുണ്ടാകുമെന്ന് എല്ലാവരും കരുതി. ആദ്യമൊക്കെ പ്രതീക്ഷയ്ക്കൊത്ത പ്രകടനമാണ് കോഹ്‍ലിക്കു കീഴിൽ ടീം നടത്തിയത്. എങ്കിലും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള പര്യടനമാകും യഥാർഥ പരീക്ഷണമെന്നായിരുന്നു വിലയിരുത്തൽ. എന്റെ അഭിപ്രായത്തിലും ഉപഭൂഖണ്ഡത്തിനു പുറത്ത് സിംബ്‌ബാവെയും വെസ്റ്റ് ഇൻഡീസും മാറ്റിനിർത്തിയുള്ള രാജ്യങ്ങളിലെ പ്രകടനമാണ് പ്രധാനപ്പെട്ടത്. ഇവിടെയെല്ലാം നമ്മൾ തീർത്തും നിരാശപ്പെടുത്തിയെന്നതാണ് സത്യം. അതുകൊണ്ടുതന്നെ കോഹ‍്‌ലിയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് ന്യായമായും ചോദ്യങ്ങളുയരും– ഗാവസ്കർ പറഞ്ഞു.

അതേസമയം, വ്യക്തിഗത മികവിൽ കോഹ്‍ലിയുടേത് അസാധ്യ പ്രകടനമാണെന്നും ഗാവസ്കർ പറഞ്ഞു. ബാറ്റിങ് പരിഗണിച്ചാൽ ഉജ്വലമായ പ്രകടനമാണ് കോഹ‍്‌ലിയുടേത്. ഒരു പരമ്പരയിൽ 500 റൺസിലധികം നേടിയ ക്യാപ്റ്റൻമാർ നമുക്ക് അധികമില്ല. എന്നിട്ടും തോൽവി തന്നെയാണ് ഫലമെന്നതാണ് നിരാശപ്പെടുത്തുന്നത്. വ്യക്തിപരമായി മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ടീമിൽനിന്ന് അതിനു യോജിച്ച പിന്തുണ കിട്ടാത്തതാണ് തുടർ തോൽവികൾക്കു കാരണം – ഗാവസ്കർ പറഞ്ഞു.

നാലാം െടസ്റ്റിൽ അശ്വിനേക്കാൾ മികവോടെ മോയിൻ അലിക്കു ബോൾ ചെയ്യാനായതാണ് മൽസരഫലത്തിൽ നിർണായകമായതെന്നും ഗാവസ്കർ പറഞ്ഞു. ആദ്യമായാണ് ഒരു മൽസരത്തിൽ ഇന്ത്യൻ സ്പിന്നർമാരേക്കാൾ മികച്ച രീതിയിൽ ഇംഗ്ലണ്ട് സ്പിന്നർമാർ ബോൾ ചെയ്യുന്നതു ഞാൻ കാണുന്നത്. വിക്കറ്റെടുക്കുന്നതിൽ അശ്വിൻ തുടർച്ചയായി പരാജയപ്പെട്ടതാണ് പരമ്പരയിൽ ഇന്ത്യ 3–1ന് പിന്നിലാവാൻ കാരണമെന്നും ഗാവസ്കർ പറഞ്ഞു.

അശ്വിൻ തീർച്ചയായും മികച്ച ബോളറാണ്. ഇന്ത്യയ്ക്കായി ഒട്ടേറെത്തവണ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുമുണ്ട്. എന്നിട്ടും ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമായ നേരത്ത് വേണ്ടപോലെ വിക്കറ്റെടുക്കാൻ അശ്വിനായില്ല. സതാംപ്ടൺ ടെസ്റ്റിന്റെ മൂന്നാം ദിനം അശ്വിന് രണ്ടോ മൂന്നോ വിക്കറ്റെടുക്കാൻ സാധിച്ചിരുന്നെങ്കിൽ വിജയലക്ഷ്യം 160–170 റൺസിനുള്ളിൽ ഒതുക്കാൻ കഴിഞ്ഞേനെ – ഗാവസ്കർ പറഞ്ഞു.