ശാസ്ത്രി ഇവിടെത്തന്നെയുണ്ട്; വിമർശനങ്ങൾക്കു മറുപടിയുമുണ്ട്!

ലണ്ടൻ∙ ദക്ഷിണാഫ്രിക്കയ്ക്കു പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര കൈവിട്ട് വിമർശനങ്ങൾക്കു മധ്യേ നിൽക്കുമ്പോഴും, തന്റെ ടീമിൽ പൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. കഴിഞ്ഞ 15–20 വർഷത്തിനിടെ വിദേശത്ത് ഇത്ര മികച്ച റെക്കോർഡുള്ള മറ്റൊരു ടീമിനെ ഇന്ത്യയ്ക്കു ലഭിച്ചിട്ടില്ലെന്ന് ശാസ്ത്രി അവകാശപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ 60 റൺസിനു തോറ്റ് പരമ്പര കൈവിട്ടതിനു പിന്നാലെ വിമർശനം ശക്തമാകവെയാണ് പ്രതികരണവുമായി ശാസ്ത്രിയുടെ രംഗപ്രവേശം.

∙ ഇത് 15–20 വർഷത്തെ മികച്ച ഇന്ത്യൻ ടീം

നമ്മൾ കഠിനാദ്ധ്വാനം ചെയ്തെങ്കിലും ഇംഗ്ലണ്ട് നമ്മേക്കാൾ ഒരുപടി മുകളിലായിരുന്നു. ഈ ടീമിൽനിന്ന് ഒന്നും എടുത്തുമാറ്റാനില്ല. വിദേശത്തു മികച്ച പ്രകടനം കാഴ്ചവച്ച് വിജയം നേടുക എന്നതാണ് ഈ ടീമിന്റെ ലക്ഷ്യം. കഴിഞ്ഞ മൂന്നു വർഷത്തെ  നമ്മുടെ പ്രകടനം പരിശോധിച്ചാൽ ഒൻപതു വിജയങ്ങളാണ് നാം നേടിയത്. മൂന്നു പരമ്പരകളും സ്വന്തമാക്കി (വെസ്റ്റ് ഇൻഡീസിനെതിരെ ഒന്നും ശ്രീലങ്കയ്ക്കെതിരെ രണ്ടും) – ശാസ്ത്രി ചൂണ്ടിക്കാട്ടി.

ഇത്രയും ചുരുങ്ങിയ കാലയളവിൽ ഇതുപോലെ വിജയങ്ങൾ നേടിയിട്ടുള്ള മറ്റൊരു ഇന്ത്യൻ ടീമിനെ കഴിഞ്ഞ 15–20 വർഷത്തിനിടെ ഞാൻ കണ്ടിട്ടില്ല. നമ്മുടെ മുൻ ടീമുകളിലെല്ലാം ഇതിഹാസ താരങ്ങൾ ഒട്ടേറെ ഉണ്ടായിരുന്നുവെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ ഈ ടീമിൽ പ്രതീക്ഷ വയ്ക്കാം. മാനസികമായി കുറച്ചുകൂടി കരുത്ത് ആർജിക്കുകയെന്നതാണ് പ്രധാനം – ശാസ്ത്രി പറഞ്ഞു.

മൽസരം തോൽക്കുമ്പോൾ വേദന തോന്നുന്നത് സ്വാഭാവികമാണ്. എന്തുകൊണ്ടു തോറ്റു എന്ന് പരിശോധിച്ച് തെറ്റു തിരുത്തുകയെന്നതാണ് പ്രധാനം. ആത്മവിശ്വാസമുണ്ടെങ്കിൽ ഒരു ദിവസം നിങ്ങൾക്ക് വിജയം നേടാൻ സാധിക്കും – ശാസ്ത്രി പറഞ്ഞു.

∙ മാനസികമായി കരുത്താർജിക്കണം

വിദേശത്ത് ടെസ്റ്റ് മൽസരങ്ങൾ ജയിക്കാൻ ഇന്ത്യൻ താരങ്ങൾ മാനസികമായി കുറച്ചുകൂടി കരുത്താർജിക്കേണ്ടതുണ്ടെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. സതാംപ്ടൺ ടെസ്റ്റിലെ തോൽവിക്കു പിന്നാലെ സമാനമായ അഭിപ്രായവുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും രംഗത്തെത്തിയിരുന്നു.

മാനസികമായി കരുത്താർജിക്കുകയെന്നതും പ്രധാനമാണ്. വിദേശത്തു നാം തോറ്റ മൽസരങ്ങളിലെല്ലാം അവസാനം വരെ പൊരുതിയാണ് കീഴടങ്ങിയതെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. എന്നാൽ, ഇനിയങ്ങോട്ട് പൊരുതി എന്നു പറയുന്നതുകൊണ്ടു മാത്രം കാര്യമില്ല. മൽസരങ്ങൾ ജയിക്കുക എന്നതാണു പ്രധാനം. തെറ്റുകൾ കണ്ടെത്തി തിരുത്തി മുന്നേറുന്നതിനാണ് ഇനിയങ്ങോട്ട് പ്രാധാന്യം നൽകുക – ശാസ്ത്രി പറഞ്ഞു.

3–1 എന്ന സ്കോർലൈൻ പറയുന്നതുപോലെ, ഈ പരമ്പര നാം കൈവിട്ടു എന്നതു ശരിയാണ്. എന്നാൽ, ഈ സ്കോർ ലൈൻ പറയാത്തൊരു കാര്യമുണ്ട്. ഈ പരമ്പര ഇന്ത്യയ്ക്കു വേണമെങ്കിൽ 3–1ന് സ്വന്തമാക്കാമായിരുന്നു. കുറഞ്ഞപക്ഷം 2–2 എങ്കിലും ആക്കാമായിരുന്നു. എന്റെ ടീമിന് ഇക്കാര്യം അറിയാം. അതിന്റെ വേദനയും അവർക്കുണ്ട്. എന്നാൽ പിൻമാറാൻ ഈ ടീം തയാറല്ലെന്നും ശാസ്ത്രി വ്യക്തമാക്കി.

∙ നാലാം ടെസ്റ്റിൽ കണക്കുകൂട്ടൽ പിഴച്ചു

ഷോട്ട് സെലക്ഷനിലാണ് നമുക്കു മിക്കപ്പോഴും പാളിച്ച സംഭവിക്കുന്നത്. സതാംപ്ടൺ ടെസ്റ്റിന്റെ രണ്ടാം ദിനം നമുക്കായിരുന്നു മേധാവിത്തമെങ്കിലും ചായയ്ക്കുശേഷം അതു കളഞ്ഞുകുളിച്ചു. ഇത്തരം ദൗർബല്യങ്ങളാണ് പരിഹരിക്കേണ്ടത്. ടീമിന് എന്താണ് ആവശ്യമെന്നും മൽസരത്തിന്റെ ഗതിയും തിരിച്ചറിയേണ്ടത് പ്രധാനമാണ്. മറ്റെന്തിനേക്കാളും അതാണു പ്രധാനമെന്ന് ഞാൻ കരുതുന്നു – ശാസ്ത്രി പറഞ്ഞു.

നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ നമ്മൾ നാലിന് 180 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ 75–80 റൺസ് ലീഡ് ലഭിക്കുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. മൽസരത്തിൽ അതു നിർണായകമാകുകയും ചെയ്യുമായിരുന്നു. അങ്ങനെ സംഭവിക്കാതെ പോയത് വേദനാജനകമാണ്. എജ്ബാസ്റ്റൺ ടെസ്റ്റിലും നമുക്കു തുല്യ സാധ്യതയുണ്ടായിരുന്നു. ഇടയ്ക്ക് ഇംഗ്ലണ്ട് മേധാവിത്തം നേടിയെങ്കിലും നമ്മൾ തിരിച്ചുവന്നതാണ്. എന്നിട്ടും മൽസരം കൈവിട്ടു – ശാസ്ത്രി ചൂണ്ടിക്കാട്ടി.

∙ മോയിൻ അലി – അശ്വിൻ വ്യത്യാസം

സതാംപ്ടൺ ടെസ്റ്റിൽ മോയിൻ അലിയായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഇന്ത്യൻ സ്പിന്നർ അശ്വിനേക്കാൾ മികച്ച രീതിയിൽ ബോൾ ചെയ്യാൻ മോയിൻ അലിക്കു സാധിച്ചു. നാലാം ടെസ്റ്റ് ആരംഭിക്കുമ്പോൾ അശ്വിൻ കളിക്കാൻ പൂർണ സജ്ജനായിരുന്നു. ഏറ്റവും ലളിതമായി പറഞ്ഞാൽ മോയിൻ അലി കൂടുതൽ മികച്ചുനിന്നതാണ് മൽസരഫലത്തിൽ നിർണായകമായത്.

നാലാം ദിനം മോയിൻ അലി നടത്തിയ ശ്രമങ്ങൾ എടുത്തുപറയണം. സത്യസന്ധമായി പറഞ്ഞാൽ അദ്ദേഹം മികച്ച രീതിയിൽ ബോൾ ചെയ്തു. തന്റെ ശൈലി സങ്കീർണമാക്കാതെ ഏറ്റവും ലളിതമായി ബോൾ ചെയ്യാൻ അലിക്കു കഴിഞ്ഞു. അശ്വിനേക്കാൾ നന്നായി പിച്ചിന്റെ സാധ്യതകൾ മുതലെടുക്കാനും അലിക്കു കഴിഞ്ഞു.

∙ ബാറ്റ്സ്മാൻമാർ ക്രീസിൽ ഉറച്ചുനിൽക്കണം

മുൻനിര ബാറ്റ്സ്മാൻമാർ മികച്ച തുടക്കം നൽകുമെന്നാണ് എപ്പോഴും നമ്മുടെ പ്രതീക്ഷ. എന്നാൽ, ഈ പരമ്പരയിൽ രണ്ടു ടീമുകളുടെയും മുൻനിരയ്ക്ക് മികച്ച തുടക്കം സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ല. ബോളിങ്ങിൽ ഇരു ടീമുകളും മികച്ചുനിന്നു. ഇത്തരം സാഹചര്യങ്ങളാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. ആ വെല്ലുവിളി എങ്ങനെ മറികടക്കാമെന്നാണു നോക്കേണ്ടത്.

ഇത്തരം പിച്ചുകളും, പന്തിന്റെ മൂവ്മെന്റും ബാറ്റ്സ്മാൻമാരെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ്. നമ്മുടെ ബാറ്റ്സ്മാൻമാർ മാത്രമല്ല, ആതിഥേയ ടീമിലെ താരങ്ങളും റൺസ് കണ്ടെത്താൻ വിഷമിക്കുന്നുണ്ട്. ബാറ്റിങ്ങിൽ ഉറച്ചുകഴിഞ്ഞാൽ അവസരം മുതലെടുക്കാൻ ശ്രമിക്കണം. ഒന്നാം ഇന്നിങ്സിൽ അത്തരമൊരു പ്രകടനമാണ് ചേതേശ്വർ പൂജാര കാഴ്ചവച്ചത്.

∙ ഹാർദിക് പാണ്ഡ്യ, ടീം തിരഞ്ഞെടുപ്പ്

നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ, പരമാവധി പരീക്ഷണങ്ങൾക്കു സാധ്യതയുണ്ട്. അപ്പോൾ നിങ്ങളെ ഏതു പൊസിഷനിലും പരീക്ഷിക്കും. അവിടെ പിടിച്ചുനിന്ന് കളിക്കാൻ ശ്രമിക്കുക. അതു നടക്കുന്നില്ലെങ്കിൽ മറ്റു സാധ്യതകളുണ്ട്.

പ്രതിഭയുണ്ടെന്നു കണ്ടാൽ അവസരം നൽകുക. അതിൽ ഉറച്ചുനിൽക്കുക. എന്തിനും തയാറായിരിക്കുക. ഒറ്റ മനഃസ്ഥിതിയുമായി അധികം മുന്നേറാനാവില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിയുടെ രീതി മാറ്റുക. ഓരോ ദിവസവും എന്തു വ്യത്യാസമാണു വരുത്തേണ്ടതെന്ന് ശ്രദ്ധിക്കുക. എന്നിട്ട് തീരുമാനങ്ങൾ കൈക്കൊള്ളുക.

∙ അലസ്റ്റയർ കുക്കിന്റെ വിരമിക്കൽ

നാഗ്പുരിൽ ഇന്ത്യയ്ക്കെതിരെ കുക്ക് അരങ്ങേറ്റം കുറിച്ച ടെസ്റ്റ് മൽസരം ഞാൻ കണ്ടിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് കുക്ക്. അതിൽ ഒരു സംശയവുമില്ല. മാനസികമായി വളരെ കരുത്തനാണ് കുക്ക്.

ഒഴുക്കുള്ള കളിയാണ് കുക്കിന്റേത്. ഇംഗ്ലണ്ടിലേതു പോലുള്ള സാഹചര്യത്തിൽ കളിക്കുകയെന്നതു കനത്ത വെല്ലുവിളിയാണ്. അതും ഓപ്പണിങ് ബാറ്റ്മാൻ എന്ന നിലയിൽ. എന്തുകൊണ്ടും മികച്ച താരമാണ് കുക്ക്. അദ്ദേഹത്തിന് എല്ലാ ആശംസകളും.