ഒരു ടെസ്റ്റൊക്കെ ജയിക്കാൻ ഗാംഗുലിയുടെ കാലത്തേ ഇന്ത്യയ്ക്കറിയാം: ശാസ്ത്രിയോട് സേവാഗ്

രവി ശാസ്ത്രി, വീരേന്ദർ സേവാഗ്

ന്യൂഡൽഹി∙ വിദേശമണ്ണിൽ വലിയ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ ശേഷിയുള്ള ടീമാണെങ്കിൽ അതു കളിച്ചു കാണിക്കണമെന്നും, ഡ്രസിങ് റൂമിലിരുന്ന് വാചകമടിച്ചിട്ട് കാര്യമില്ലെന്നും മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. വിദേശത്ത് മികച്ച നേട്ടങ്ങൾ കൊയ്യാൻ ശേഷിയുള്ളവരാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമെന്ന മുഖ്യപരിശീലകൻ രവി ശാസ്ത്രിയുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് സേവാഗിന്റെ പരിഹാസം. ഇംഗ്ലണ്ട് പര്യടനത്തിനു പുറപ്പെടുന്നതിനു മുൻപാണ്, വിദേശത്ത് മികച്ച പ്രകടനങ്ങൾ നടത്താൻ തന്റെ ടീമിനു കഴിയുമെന്ന് ശാസ്ത്രി അവകാശപ്പെട്ടത്. അനിൽ കുംബ്ലെയ്ക്കു പകരം പരിശീലകനാകാൻ രവി ശാസ്ത്രിക്കൊപ്പം അപേക്ഷ സമർപ്പിച്ചവരിൽ ഉണ്ടായിരുന്ന വ്യക്തിയാണ് സേവാഗും.

അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ കരയ്ക്കിരുന്ന് എത്ര വേണമെങ്കിലും അവകാശവാദം ഉന്നയിക്കാം. എന്നാൽ, കളത്തിലാണ് അതു കാണേണ്ടത്. കരയ്ക്കിരുന്ന് നമ്മൾ സംസാരിക്കുന്നതിനു പകരം കളത്തിൽ ബാറ്റും ബോളുമാണ് ‘സംസാരിക്കേണ്ടത്’. അതില്ലെങ്കിൽ വിദേശത്തു മികച്ച റെക്കോർഡൊന്നും നേടാൻ ഒരു ടീമിനുമാകില്ല – സേവാഗ് പറഞ്ഞു.

വിദേശത്തെ പ്രകടനത്തിന്റെ കാര്യത്തിൽ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്തുനിന്ന് ഇന്ത്യയ്ക്ക് ഒട്ടും വളരാൻ സാധിച്ചിട്ടില്ലെന്നും സേവാഗ് അഭിപ്രായപ്പെട്ടു. വിദേശത്ത് ഒരു ടെസ്റ്റ് മൽസരമൊക്കെ ജയിക്കാനുള്ള വിരുത് ഗാംഗുലിയുടെ കാലത്തുതന്നെ നമ്മൾ സ്വന്തമാക്കിയതാണ്. അന്നും പക്ഷേ പരമ്പര നേടാൻ ഞങ്ങൾക്കായിരുന്നില്ല. ആ പ്രശ്നം ഇന്നും അതുപോലെ തുടരുന്നു – സേവാഗ് ചൂണ്ടിക്കാട്ടി.

അന്ന് ബാറ്റ്സ്മാൻമാർക്ക് റൺസ് നേടാൻ സാധിച്ചിരുന്നെങ്കിൽ ബോളർമാർക്ക് ഒരു മൽസരത്തിൽ 20 വിക്കറ്റ് വീഴ്ത്താൻ സാധിക്കാത്തതായിരുന്നു പ്രശ്നം. ഇന്ന് ഇത് നേരെ തിരിഞ്ഞു. ബോളർമാർ ഒരു മൽസരത്തിൽ 20 വിക്കറ്റ് വീഴ്ത്തുന്നുണ്ടെങ്കിലും ബാറ്റ്സ്മാൻമാർക്ക് റൺസ് സ്കോർ ചെയ്യാൻ സാധിക്കുന്നില്ല – സേവാഗ് പറഞ്ഞു.

കഴിഞ്ഞ കുറച്ചു ടെസ്റ്റുകളായി ഒരു ഇന്നിങ്സിൽ 300 റൺസ് പോലും സ്കോർ ചെയ്യാൻ ഇന്ത്യൻ ടീമിന് സാധിക്കുന്നില്ലെന്ന് സേവാഗ് ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ തവണയാണ് നമ്മൾ 300 കടന്നിട്ടുള്ളത്. ‘ഞങ്ങൾ ശ്രമിക്കുന്നുണ്ട്’, ‘ഞങ്ങൾക്ക് ലക്ഷ്യം കാണാനായില്ല’, ‘അടുത്ത പരമ്പരയിൽ ഞങ്ങൾ ശ്രമിക്കും’ എന്നൊക്കെ പറയാൻ എളുപ്പമാണ്. ഇത് വർഷങ്ങളായി നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എന്നിട്ടും ഇക്കാലയളവിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പരമ്പരകളൊന്നും ജയിക്കാൻ നമുക്കായിട്ടില്ല – സേവാഗ് ചൂണ്ടിക്കാട്ടി.