കുക്ക് തുടങ്ങി, ഇന്ത്യ പൊരിച്ചു; അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്ക് മേൽക്കൈ

ഇംഗ്ലണ്ട് താരം ബെയർസ്റ്റോ പുറത്തായപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം

ലണ്ടൻ ∙ അലസ്റ്റയർ കുക്ക് പാത്രം വച്ച അടുപ്പിൽ ഇന്ത്യൻ ബോളർമാർ പാചകം ചെയ്തു! വിടവാങ്ങൽ മൽസരത്തിൽ കുക്കിന്റെ മികച്ച ഇന്നിങ്സും (71) പിന്നീട് ഇന്ത്യൻ ബോളർമാരുടെ തിരിച്ചുവരവും കണ്ട അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലണ്ട് 90 ഓവറിൽ ഏഴിന് 198 എന്ന നിലയിൽ. 

ജോസ് ബട്‌ലർ (11), ആദിൽ റാഷിദ് (നാല്) എന്നിവർ ക്രീസിൽ. ടീം സ്കോർ സെഞ്ചുറി കടത്തി കുക്ക് പുറത്തായതിനു പിന്നാലെ റൂട്ടിനെയും ബെയർസ്റ്റോയെയും പൂജ്യരാക്കി മടക്കിയാണ് ഇന്ത്യ മൽസരത്തിലേക്കു തിരിച്ചുവന്നത്. ഇഷാന്ത് ശർമ മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വീതവും. ഹാർദിക് പാണ്ഡ്യയ്ക്കു പകരമായി ഹനുമാ വിഹാരിക്ക് ഇന്ത്യ അരങ്ങേറ്റം നൽകി. അശ്വിനു പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. 

ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനും കുക്കിനും കിട്ടിയത് ആശിച്ച തുടക്കം. നല്ല നിലയിൽ വിടവാങ്ങണം എന്ന ആഗ്രഹത്തോടെ ക്രീസിലെത്തിയ കുക്ക് ക്ഷമാപൂർവം ബാറ്റു ചെയ്തു. മുൻ ക്യാപ്റ്റനുമായി 60 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ജെന്നിങ്സ് (23) മടങ്ങിയത്. പിന്നീടു വന്ന മൊയീൻ അലിയും കുക്കിനു മികച്ച കൂട്ടായി. ചായ സമയത്ത് ഒരു വിക്കറ്റിന് 123 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. കുക്കിനോടുള്ള ആദരമായ പാചകത്തൊപ്പിയണിഞ്ഞാണ് പല ആരാധകരും ഗാലറിയിലെത്തിയത്. വ്യക്തിഗത സ്കോർ 37ൽ നിൽക്കെ കുക്കിനെ വിട്ടു കളഞ്ഞ് ഇന്ത്യയും ‘സന്ദർശക മര്യാദ’ കാണിച്ചു. അപാരമായ ക്ഷമയും ഇടയ്ക്ക് ക്ലാസ് ഷോട്ടുകളുമായി കുക്ക് അർധ സെഞ്ചുറിയും കടന്ന് കുക്കിന്റെ ഇന്നിങ്സ് മുന്നേറവെ ബുമ്ര തീ കെടുത്തി. 

64–ാം ഓവറിൽ ബുമ്രയുടെ കിടിലൻ പന്തിൽ കുക്കിന്റെ കുറ്റി തെറിച്ചു. 190 പന്തുകളിൽ എട്ടു ബൗണ്ടറികൾ മാത്രം അടങ്ങുന്നതാണ് കുക്കിന്റെ ഇന്നിങ്സ്. ഓവലിൽ ആയിരം റൺസ് എന്ന നേട്ടവും കുക്ക് പിന്നിട്ടു. കുക്ക് പുറത്തായതോടെ ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിന്റെ ‘വെള്ളം വാങ്ങി വച്ചു’. അതേ ഓവറിൽ അതേ സ്കോറിൽ തന്നെ റൂട്ട് വിക്കറ്റിനു മുന്നിൽ കുരുങ്ങി. ഇഷാന്തിന്റെ അടുത്ത ഓവറിൽ ബെയർസ്റ്റോ പന്തിന്റെ കയ്യിലെത്തി. സ്റ്റോക്സും മൊയീനും ചേർന്ന് മറ്റൊരു സഖ്യത്തിന് കൂട്ടൊരുക്കവെ രവീന്ദ്ര ജഡേജ ഇടപെട്ടു– സ്റ്റോക്സ് (11) എൽബി! ഇംഗ്ലണ്ടിന്റെ രണ്ടാം തകർച്ച അവിടെ തുടങ്ങി. അർധ സെഞ്ചുറി തികച്ച മൊയീൻ അലിയെ അതേ സ്കോറിൽ ഇഷാന്ത് പന്തിന്റെ കയ്യിലെത്തിച്ചു. പിന്നാലെ വന്ന കറനും (പൂജ്യം) അതേ വിധി. തൽക്കാലം ഇന്ത്യ തന്നെ മുഖ്യ പാചകക്കാർ!  

∙ സ്കോർ ബോർഡ് 

കുക്ക് ബി ബുമ്ര–71, ജെന്നിങ്സ് സി രാഹുൽ ബി ജഡേജ–23, മൊയീൻ അലി സി പന്ത് ബി ഇഷാന്ത്–50, റൂട്ട് എൽബി ബി ബുമ്ര–പൂജ്യം, ബെയർസ്റ്റോ സി പന്ത് ബി ശർമ–പൂജ്യം, സ്റ്റോക്സ് എൽബി ബി ജഡേജ–11,കറൻ സി പന്ത് ബി ഇഷാന്ത്– പൂജ്യം, ബട്‌ലർ നോട്ടൗട്ട്– 11, റാഷിദ് നോട്ടൗട്ട്–നാല്, എക്സ്ട്രാസ്–23. ആകെ 85 ഓവറിൽ ഏഴിന് 186. 

വിക്കറ്റ് വീഴ്ച: 1–60, 2–133, 3–133, 4–134, 5–171, 6–177, 7–181

ബോളിങ്: ബുമ്ര 21–9–41–2, ഇഷാന്ത് 22–10–28–3, വിഹാരി 1–0–1–0, ഷമി 22–7–43–0, ജഡേജ 24–0–57–2. 

കുക്കിനെ ആദരിച്ച് ടീം ഇന്ത്യ 

ലണ്ടൻ ∙ രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിൽ തന്റെ അവസാന ടെസ്റ്റ് കളിക്കാനിറങ്ങിയ ഇംഗ്ലണ്ട് താരം അലസ്റ്റയർ കുക്കിന് ഗംഭീര വരവേൽപ്. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനായി ഗ്രൗണ്ടിലെത്തിയ കുക്കിന് ഇന്ത്യൻ ടീം ഗാർഡ് ഓഫ് ഓണർ നൽകി, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കൈകൊടുത്തു, ഓവലിലെ കാണികൾ മുഴുവൻ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ഈ ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്നു കുക്ക് നേരത്തേ പ്രഖ്യാപിച്ചിരുന്നു.