ശാസ്ത്രിയെ ചരിത്രം ഓർമിപ്പിച്ച് ഗവാസ്കർ

ലണ്ടൻ∙ വിൻസീസിലും ഇംഗ്ലണ്ടിലും നടന്ന ടെസ്റ്റ് പരമ്പരകളിൽ തിളക്കമാർന്ന വിജയം നേടാൻ ഇന്ത്യൻ ടീമിനു മുൻപു സാധിച്ചിട്ടുണ്ടെന്ന് മുൻ നായകൻ സുനിൽ ഗവാസ്കർ. രവി ശാസ്ത്രിയുടെ പത്രസമ്മേളനത്തിനു പിന്നാലെയാണ് ഗവാസ്കറുടെ പ്രതികരണം.

ശ്രീലങ്കയ്ക്കെതിരെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീം ഇതാണെന്നും എന്നാൽ മറ്റു വിദേശ രാജ്യങ്ങളിൽ ഇന്ത്യ മികച്ച വിജയങ്ങൾ നേടിയിട്ടുണ്ടെന്നാണു ഗവാസ്കറുടെ നിരീക്ഷണം. 2007ൽ രാഹുൽ ദ്രാവിഡിനു കീഴിലാണ് ഇന്ത്യ ഇംഗ്ലണ്ടിൽ അവസാനമായി ടെസ്റ്റ് പരമ്പര നേടിയതെന്നും വിൻഡീസിൽ 2005ൽ പരമ്പര നേടിയ ഇന്ത്യൻ ടീമും ദ്രാവിഡിനു കീഴിലാണു കളിച്ചതെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി. നേട്ടങ്ങളുടെ പേരിൽ ഏറ്റവും കുറവു പരിഗണന ലഭിച്ച ഇന്ത്യൻ നായകനാണു ദ്രാവിഡെന്നും മുൻ ബാറ്റിങ് ഇതിഹാസം കൂട്ടിച്ചേർത്തു.