ടെസ്റ്റിൽ മാത്രമല്ല, ഏകദിനത്തിലും ട്വന്റി20യിലും ദേശീയ ടീമിൽ തിരിച്ചെത്തും: ജഡേജ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ രവീന്ദ്ര ജഡേജ.

ലണ്ടൻ∙ ടെസ്റ്റിനു പുറമെ ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലും ദേശീയ ടീമിലേക്കു തിരിച്ചുവരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രവീന്ദ്ര ജഡേജ. തുടർച്ചയായി നാലു ടെസ്റ്റുകളിൽ പുറത്തിരുന്ന ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഏകദിന, ട്വന്റി20 ടീമുകളിലേക്കും മടങ്ങിയെത്തുമെന്ന് ജഡേജ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ സജീവമായി തുടരുന്നതിനും ഫോം നിലനിർത്തുന്നതിനും ടെസ്റ്റിൽ മാത്രം കളിക്കുന്നത് മതിയാകില്ലെന്നും ജഡേജ അഭിപ്രായപ്പെട്ടു.

മുഖ്യ സ്പിന്നറായ രവിചന്ദ്രൻ അശ്വിനു പരുക്കേറ്റതിനെ തുടർന്നാണ് അഞ്ചാം ടെസ്റ്റിനുള്ള ടീമിലേക്ക് ജഡേജ തിരിച്ചെത്തിയത്. ഒന്നാം ദിനം 24 ഓവറിൽ 57 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം ഇന്ത്യയ്ക്കായി കളിക്കാൻ എനിക്കു സാധിക്കുന്നു എന്നതുതന്നെയാണ്. ഇവിടെ മികവു പുലർത്താനായാൽ മൂന്നു ഫോർമാറ്റുകളിലും ടീമിലേക്കു തിരിച്ചെത്താനാകുമെന്ന വിശ്വാസവുമുണ്ട്. എല്ലാ അവസരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുള്ള അവസരമാക്കി രൂപാന്തരപ്പെടുത്തുന്നതിലാണ് മുഴുവൻ ശ്രദ്ധയും – ജഡേജ പറഞ്ഞു.

ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്നതുകൊണ്ട് പ്രകടനം മെച്ചപ്പെടുത്താൻ ബുദ്ധിമുട്ടാണെന്നും ജഡേജ ചൂണ്ടിക്കാട്ടി. ഒരു ഫോർമാറ്റിൽ മാത്രം കളിക്കുമ്പോൾ കളികൾക്കിടയിൽ ഒരുപാടു ദിവസത്തെ വിടവു വരും. ഇത് പ്രകടനത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ സ്വയം പ്രചോദിപ്പിച്ച് ടീമിൽ നിലനിൽക്കാനാണ് ശ്രമം. ഇതുപോലുള്ള അവസരങ്ങൾ മുതലെടുത്ത് എന്റെ കഴിവിന്റെ പരമാവധി ടീമിനു നൽകാനാണ് ശ്രമം – ഒന്നാം ദിനത്തിലെ കളിക്കുശേഷം ജഡേജ പറഞ്ഞു.

ടീമിലെ ഏക സ്പിന്നറെന്ന നിലയിൽ ഉത്തരവാദിത്തം വലുതാണെങ്കിലും ഓൾറൗണ്ടറെന്ന നിലയിൽ ടീമിന് കൂടുതൽ സംഭാവനകൾ നൽകാനാണ് ആഗ്രഹമെന്നും ജഡേജ പറഞ്ഞു.

ഇന്ത്യയ്ക്കായി കളിക്കാൻ എപ്പോഴൊക്കെ അവസരം ലഭിക്കുന്നു, അപ്പോഴെല്ലാം ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച സംഭാവനകൾ നൽകണമെന്നു തന്നെയാണ് ആഗ്രഹം. ടീമിന് എപ്പോഴും വിശ്വാസമർപ്പിക്കാവുന്ന താരമായി മാറണം. ടീമിന് എപ്പോഴും അത്യാവശ്യമുള്ള ഓള്‍റൗണ്ടറായി മാറാൻ എനിക്കു കഴിയും. മുൻപ് എനിക്കതിനു കഴിഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഇതു പുതുമയൊന്നുമല്ല. സമയത്തിന്റേതായ ചില പ്രശ്നങ്ങൾ മാത്രമേയുള്ളൂ – ജഡേജ പറഞ്ഞു.

കരിയറിൽ മോശം സമയത്തിലൂടെ കടന്നുപോകുമ്പോൾ, കളത്തിലേക്കു തിരിച്ചെത്തണമെങ്കിൽ പരമാവധി കളിക്കുക എന്നതാണ് പ്രധാനമെന്നും ജഡേജ പറഞ്ഞു. അതുകൊണ്ടുതന്നെ രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്കു സാധിക്കും. അങ്ങനെ മൂന്നു ഫോർമാറ്റുകളിലും ടീമിലേക്കു തിരിച്ചെത്താമെന്നാണ് പ്രതീക്ഷ – ജഡേജ പറഞ്ഞു.