ഇംഗ്ലണ്ടിൽ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനം: ഭരണസമിതി ശാസ്ത്രിയുമായി ചർച്ച നടത്തും

രവി ശാസ്ത്രി

ന്യൂഡൽഹി∙ ഇംഗ്ലണ്ടിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് കോച്ച് രവിശാസ്ത്രിയുമായി ക്രിക്കറ്റ് ഭരണസമിതി ചർച്ച നടത്താൻ സാധ്യത. ഏകദിന പരമ്പര നഷ്ടമാക്കിയതിനു പിന്നാലെ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടു. അഞ്ചാം ടെസ്റ്റിനു പിന്നാലെ ഇതു സംബന്ധിച്ച ചർച്ച നടക്കുമെന്നാണ് അറിയുന്നത്.

‘‘11ന് ഭരണസമിതി യോഗം മുംബൈയിലുണ്ട്. പുതിയ ഭരണഘടന നടപ്പിലാക്കുന്നതിനെക്കുറിച്ചാണു പ്രധാന ചർച്ചയെങ്കിലും ഇംഗ്ലണ്ടിൽ ഇന്ത്യയുടെ പ്രകടനവും ചർച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.’’– ബോർഡിലെ ഒരു ഉന്നതൻ വ്യക്തമാക്കി. ‘‘ ശാസ്ത്രിയുമായി നേരിട്ടു കാണണോ, റിപ്പോർട്ട്  ആവശ്യപ്പെട്ടാൽ മതിയോയെന്നുള്ള കാര്യം ഭരണസമിതിയാവും തീരുമാനിക്കുന്നത്. യോഗം നടന്നാൽ സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദിന്റെ അഭിപ്രായവും തേടാൻ സാധ്യതയുണ്ട്.’’

ഏതു പരമ്പരയും അവസാനിക്കുമ്പോൾ മാനേജർ റിപ്പോർട്ട് സമർപ്പിക്കാറുണ്ട്. മൂന്നു പതിറ്റാണ്ടായി തുടരുന്ന രീതിയാണിത്. എന്നാൽ ഭരണ സംബന്ധമായ കാര്യങ്ങളല്ലാതെ ക്രിക്കറ്റുമായി ബന്ധപ്പെട്ടതൊന്നും എഴുതാൻ മാനേജർക്ക് അധികാരമില്ല. അതുകൊണ്ടാണു കോച്ചിന്റെ റിപ്പോർട്ടിനുള്ള സാധ്യത വർധിക്കുന്നത്.