കോഹ്‍ലിക്കെതിരായ എൽബിഡബ്ല്യു അപ്പീൽ നിരസിച്ച അംപയറോട് കയർത്തു; ആൻഡേഴ്സന് പിഴ

ജയിംസ് ആൻഡേഴ്സൻ

ഓവൽ∙ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം അംപയർ കുമാർ ധർമസേനയ്ക്കെതിരെ രോഷപ്രകടനം നടത്തിയ ഇംഗ്ലണ്ട് സീമർ ജയിംസ് ആൻഡേഴ്സനു മാച്ച് ഫീയുടെ 15% പിഴശിക്ഷ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വിധിച്ചു. 29–ാം ഓവറിലായിരുന്നു സംഭവം. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കെതിരായ എൽബി അപ്പീൽ നിരസിക്കപ്പെട്ടപ്പോൾ റിവ്യുവിനു നൽകിയെങ്കിലും അതിലും വിജയം കണ്ടില്ല. പിന്നീട് അംപയറുടെ പക്കൽ നിന്നു ക്യാപ് പിടിച്ചെടുത്ത ആൻഡേഴ്സൻ രോഷാകുലനായി സംസാരിക്കുകയും ചെയ്തു. ആൻഡേഴ്സൻ‌ പിഴവ് സമ്മതിച്ചെന്ന് ഐസിസി എലീറ്റ് പാനലിലെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് വിധിച്ച പിഴശിക്ഷ അംഗീകരിച്ചെന്നും ഐസിസി അറിയിച്ചു. പിഴ കൂടാതെ ആൻഡേഴ്സന്റെ പേരിൽ ഒരു ഡീമെറിറ്റ് പോയിന്റ് ചേർക്കുകയും ചെയ്തു.