പ്രണയസാഫല്യം; സഞ്ജു സാംസൺ വിവാഹിതനാകുന്നു

സഞ്ജുവും ചാരുവും. സഞ്ജു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം.

തിരുവനന്തപുരം∙ നീണ്ട അഞ്ചു വർഷം രഹസ്യമാക്കി വച്ച പ്രണയം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തി ക്രിക്കറ്റ് താരം സഞ്ജു വി.സാംസൺ. വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയതോടെയാണ് കാമുകി ചാരുലതയ്ക്കൊപ്പമുള്ള ചിത്രം സഹിതം പ്രണയവാർത്ത സ‍ഞ്ജു പരസ്യമാക്കിയത്. മാർ ഇവാനിയോസ് കോളജിൽ സഞ്ജുവിന്റെ സഹപാഠി കൂടിയായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ ചാരുലത. ഡിസംബർ 22ന് സഞ്ജു ചാരുലതയെ മിന്നു ചാർത്തും.

ഡൽഹി പൊലീസിലെ മുൻ ഫുട്ബോൾ താരം കൂടിയായിരുന്ന സാംസൺ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത. അഞ്ചു വർഷം മുൻപ് ചാരുവിന് താൻ ഒരു ‘ഹായ്’ മെസേജ് അയച്ചതിൽനിന്നാണ് പ്രണയത്തിന്റെ തുടക്കമെന്നു വ്യക്തമാക്കുന്ന ചെറിയ ഒരു കുറിപ്പും സഞ്ജു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറിപ്പിൽനിന്ന്:

‘2013 ഓഗസ്റ്റ് 22ന് രാത്രി 11.11ന് ഞാൻ ചാരുവിന് ഒരു ‘ഹായ്’ മെസേജ് അയച്ചു. ആ ദിവസം മുതൽ ഇന്നു വരെ ഏതാണ്ട് അഞ്ചു വർഷത്തോളം കാത്തിരുന്ന ശേഷമാണ് ഇവളാണ് എന്റെ ഹൃദയം കവർന്ന പെൺകുട്ടി എന്നു ലോകത്തോടു വെളിപ്പെടുത്താനും ഇവൾക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്യാനും സാധിച്ചത്.

ഞങ്ങൾ ഒരുമിച്ചു സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെ പരസ്യമായി ഒരുമിച്ചു നടക്കാനായിട്ടില്ല. ഇന്നു മുതൽ ഞങ്ങൾക്ക് അതിനും സാധിക്കും. ഈ ബന്ധത്തിന് ഏറ്റവും സന്തോഷത്തോടെ സമ്മതം മൂളിയ ഞങ്ങളുടെ മാതാപിതാക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ചാരു, നിന്നെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി കിട്ടിയതിൽ അതിയായ സന്തോഷം. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം’ – പ്രണയവാർത്ത പരസ്യപ്പെടുത്തി സ‍ഞ്ജു കുറിച്ചു.

കേരള ക്രിക്കറ്റ് ടീമിൽ അംഗമായ ഇരുപത്തിമൂന്നുകാരൻ സഞ്ജു സാംസൺ, 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 മൽസരത്തിലൂടെ ദേശീയ ടീം ജഴ്സിയിലും അരങ്ങേറി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾസ് എന്നീ ടീമുകൾക്കു വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സ‍ഞ്ജുവിനെ ആരാധക ശ്രദ്ധയിലെത്തിച്ചത്. 2013ൽ ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.