രണ്ട് ഓവറിനിടെ 2 റിവ്യൂ പാഴാക്കി; കോഹ്‍ലി റിവ്യൂ എടുക്കുന്നതിൽ ഏറ്റവും മോശമെന്ന് വോഗൻ

അംപയറുടെ തീരുമാനം റിവ്യൂ ചെയ്യാൻ ആവശ്യപ്പെടുന്ന കോഹ്‍ലി.

ലണ്ടൻ∙ അംപയർമാരുടെ തീരുമാനം പുനഃപരിശോധിക്കുന്നതിനുള്ള സംവിധാനമായ ഡിആർഎസ് ഉപയോഗപ്പെടുത്തുന്നതിൽ അഗ്രഗണ്യനാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. റിവ്യൂ എടുക്കുന്ന കാര്യത്തിലെ കണിശത നിമിത്തം അംപയർ ഡിസിഷൻ റിവ്യൂ സിസ്റ്റം അഥവാ ഡിആർഎസ്സിന് ‘ധോണി റിവ്യൂ സിസ്റ്റം’ എന്നുകൂടി പേരുണ്ടെന്ന് ട്രോൾ പോലുമുണ്ട്.

എന്നാൽ, നേരെ തിരിച്ചാണ് ധോണിയുെട പിൻഗാമിയായ വിരാട് കോഹ്‍ലിയുടെ കാര്യം. ഡിആർഎസ് ഉപയോഗിക്കുന്നതിൽ ഈ ലോകത്ത് ഏറ്റവും മോശം നായകനാണ് കോഹ്‍ലിയെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോഗൻ ചൂണ്ടിക്കാട്ടുന്നു. പരിമിത ഓവർ മൽസരങ്ങളിൽ റിവ്യൂ എടുക്കുന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനം ധോണിയുടേതാണെന്നും ഇതിനോടു ചേർത്തു വായിക്കണം.

ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വെറും 12 ഓവറിന്റെ ഇടവേളയ്ക്കിടെ ഇന്ത്യ രണ്ട് റിവ്യൂകളും നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് വിമർശനവുമായി വോഗൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് വോഗന്റെ പ്രതികരണം.

‘ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിരാട് കോഹ്‍ലിയാണ്. ലോകത്ത് റിവ്യൂ ഉപയോഗിക്കുന്ന കാര്യത്തിൽ ഏറ്റവും മോശവും കോഹ്‍ലി തന്നെ’ – വോഗൻ കുറിച്ചു.

ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ആരംഭിച്ച് 10 ഓവർ പിന്നിടുമ്പോഴാണ് ഇന്ത്യ ആദ്യത്തെ റിവ്യൂ നഷ്ടമാക്കിയത്. രവീന്ദ്ര ജഡേജയുടെ പന്ത് ഇംഗ്ലിഷ് ഓപ്പണർ കീറ്റൺ ജെന്നിങ്സിന്റെ പാഡിൽ ഇടിച്ചതോടെ ഇന്ത്യൻ താരങ്ങൾ എൽബിക്കായി അലറിയെങ്കിലും അംപയർ അനുവദിച്ചില്ല. പന്തിന്റെ ഇംപാക്റ്റ് ഓഫ് സ്റ്റംപിനു പുറത്താണെന്നു വ്യക്തമായിരുന്നെങ്കിലും കോഹ്‍ലി റിവ്യൂവിനു പോയി. ഒരു കാര്യവുമുണ്ടായില്ലെന്നു മാത്രമല്ല, വിലയേറിയ ഒരു റിവ്യൂ നഷ്ടമാകുകയും ചെയ്തു.

രണ്ട് ഓവറിനുശേഷം രണ്ടാമത്തെ റിവ്യൂ അവസരവും വെറുതെ കളഞ്ഞു. ഇക്കുറിയും ബോളറുടെ സ്ഥാനത്ത് ജഡേജ തന്നെ. ബാറ്റ്സ്മാൻ അലസ്റ്റയർ കുക്കായിരുന്നുവെന്നു മാത്രം. ഇക്കുറിയും പന്തിന്റെ ഇംപാക്ട് ഓഫ് സ്റ്റംപിനു വെളിയിലാണെന്ന് വ്യക്തം. കോഹ്‍ലി എന്നിട്ടും റിവ്യൂവിനു പോയി. അപ്പീൽ ചെയ്യുന്നതിൽ ജഡേജ കാട്ടിയ ആത്മവിശ്വാസമാണ് റിവ്യൂവിനു പോകാൻ കോഹ്‍ലിയെ നിർബന്ധിച്ചതെന്നു വ്യക്തം. ഇക്കുറിയും ഫലം തഥൈവ. ഇന്ത്യയ്ക്ക് രണ്ടു റിവ്യൂകളും നഷ്ടം!