പന്തിന്റെ ബാറ്റിങ് കൊള്ളാം, കീപ്പിങ് പോരാ; വിൻഡീസിനെതിരെ പാർഥിവ് മതിയെന്ന് മോംഗിയ

ഋഷഭ് പന്ത് മൽസരത്തിനിടെ.

ന്യൂഡൽഹി ∙ അഞ്ചാം ടെസ്റ്റിന്റെ അവസാന ഇന്നിങ്സിൽ ബാറ്റിങ്ങിൽ മിന്നിക്കത്തിയെങ്കിലും യുവതാരം ഋഷഭ് പന്തിന്റെ കീപ്പിങ് മികവിൽ സംശയമുന്നയിച്ചു മുൻ താരങ്ങൾ. ടെസ്റ്റ് തലത്തിൽ വിശ്വസ്തനായ കീപ്പറായി പരിഗണിക്കപ്പെടാൻ പന്ത് ഏറെ മുന്നേറാനുണ്ടെന്ന് അവർ പറയുന്നു. വിക്കറ്റിനു പിന്നിൽ പന്തിന്റെ ചലനങ്ങൾ പരിമിതമാണെന്നതാണു പ്രധാന പോരായ്മ. ആറ് ഇന്നിങ്സിലായി 76 ബൈ പന്ത് വിട്ടുകൊടുത്തു. 20–25 റൺസ് പന്തിന്റെ പിഴവിലൂടെ അല്ലെങ്കിൽപ്പോലും ടെസ്റ്റ് നിലവാരത്തിനു അനുയോജ്യമായ പ്രകടനമല്ലെന്നാണു മുൻ കീപ്പർമാരായ നയൻ മോംഗിയ, കിരൺ മോറെ, ദീപ്ദാസ് ഗുപ്ത എന്നിവരുടെ വിലയിരുത്തൽ.

വൃദ്ധിമാൻ സാഹ പരുക്കിൽനിന്നു മോചിതനായി ടീമിലെത്താൻ ഇനിയും മൂന്നു നാലു മാസം താമസമുണ്ടെന്നിരിക്കെ യുവ കീപ്പർമാരെ തിരഞ്ഞെടുക്കുന്നതിൽ കൃത്യമായ പോളിസി സിലക്ടർമാർ പാലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

‘‘ ടെസ്റ്റിൽ കീപ്പ് ചെയ്യാൻ പന്തിനു പാകത കൈവന്നിട്ടില്ല. ഐപിഎല്ലിലെ ഫോമിന്റെ അടിസ്ഥാനത്തിൽ മാത്രം താരങ്ങളെ തിരഞ്ഞെടുക്കരുത്. കീപ്പിങ്ങിൽ പന്തിന്റെ അടിസ്ഥാന പാഠങ്ങൾ തന്നെ തെറ്റാണ്. ഇംഗ്ലണ്ടിൽപ്പോലും സ്പിന്നർമാർക്കെതിരെ നന്നായി കീപ്പ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഉപഭൂഖണ്ഡത്തിലെ ടെസ്റ്റുകളിൽ നാലും അഞ്ചും ദിവസത്തെ കീപ്പിങ് എങ്ങനെയാവുമെന്ന് ആലോചിച്ചു നോക്കൂ.’’ നയൻ മോംഗിയ പറയുന്നു.

‘‘കീപ്പറുടെ തോളുകൾ എപ്പോഴും വഴക്കമുള്ളതായിരിക്കണം. എന്നാൽ പന്തിന്റെ തോളുകളിൽ ‘ബലംപിടിത്തം’ കൂടുതലാണ്. ഇംഗ്ലണ്ടിൽ ബൗൺസിൽ ഏറെ വ്യതിയാനമില്ലെന്ന് ആശ്വസിക്കാം. എന്നാൽ ഇന്ത്യയിലെ പിച്ചുകളിൽ നാലും അഞ്ചും ദിവസങ്ങളിൽ അശ്വിൻ, ജഡേജ, കുൽദീപ് തുടങ്ങിയവർക്കെതിരെ കീപ്പ് ചെയ്യുമ്പോൾ കളി മാറും. പേസർമാർക്കെതിരെ ഒറ്റ നിൽപ്പിൽ നിന്നുള്ള ഡൈവിനാണു ശ്രമിക്കുന്നത്.’’ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ പാർഥിവ് പട്ടേലിനെ പരിഗണിക്കണമെന്നും മോംഗിയ പറയുന്നു.

പന്തിന്റെ കീപ്പിങ്ങിൽ ഒട്ടേറെ പോരായ്മകളുണ്ടെങ്കിലും ഒരു പരമ്പരയോടെ ഉപേക്ഷിക്കരുതെന്നാണു മറ്റൊരു മുൻ കീപ്പർ ദീപ്ദാസ് ഗുപ്തയുടെ അഭിപ്രായം. ദീർഘകാലം ഇന്ത്യൻ ക്രിക്കറ്റിനെ സേവിക്കാൻ മികവുള്ള പന്തിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയാണു വേണ്ടത്. ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചുറി നേടിയ കോന ഭരത്തും ഭാവിയിൽ പരിഗണിക്കപ്പെടേണ്ട താരമാണെന്നു ഗുപ്ത പറയുന്നു.

പിഴവുകൾക്കിടയിലും പന്ത് ഇനിയും അവസരത്തിനു യോഗ്യനാണെന്നു കിരൺ മോറെ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള പന്തിന്റെ പ്രവേശനം അതിവേഗത്തിലായിപ്പോയി. കീപ്പ് ചെയ്യാൻ ഇംഗ്ലിഷ് വിക്കറ്റുകളിൽ ഈസിയല്ല. ബൈ ഒട്ടേറെ വിട്ടുകൊടുത്തെങ്കിലും ക്യാച്ച് നഷ്ടമാക്കിയില്ലെന്നതു പോസിറ്റീവാണ്. വേണമെങ്കിൽ കീപ്പിങ്ങിൽ താൻ സഹായിക്കാമെന്നും മോറെ വാഗ്ദാനം നൽകി.