ഷാംപെയിൻ പൊട്ടിച്ചുള്ള ആഘോഷമാണോ, അലിയും റഷീദും മാറിനിൽക്കും!

ഇംഗ്ലണ്ട് താരങ്ങൾ ഷാംപെയിൻ പൊട്ടിച്ച് ആഘോഷിക്കുമ്പോൾ മൈതാനത്തുനിന്ന് മാറിനിൽക്കുന്ന മോയിൻ അലിയും ആദിൽ റഷീദും.

ലണ്ടൻ∙ ഇംഗ്ലണ്ട് ക്രിക്കറ്റിന് ഇത് ആഘോഷങ്ങളുടെ ദിനങ്ങളാണ്. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ നാലു മൽസരങ്ങളിൽ തകർത്ത്, അഞ്ചു മൽസരങ്ങളുടെ പരമ്പര 4–1ന് അവർ സ്വന്തമാക്കിയിരിക്കുന്നു. നാലാം ടെസ്റ്റ് വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇംഗ്ലണ്ട്, ഓവലിൽ നടന്ന അവസാന ടെസ്റ്റിലും വിജയം പിടിച്ചെടുത്താണ് പരമ്പര 4–1ന് നേടിയത്. ഇതോടെ, ഇതിഹാസ താരം അലസ്റ്റയർ കുക്കിനെ വിജയത്തോടെ യാത്രയാക്കാനും ഇംഗ്ലണ്ടിനായി.

മൽസരശേഷം ഓവലിൽ പരമ്പരാഗത രീതിയിൽ ഷാംപെയിൻ പൊട്ടിച്ചായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ ആഘോഷം. ഈ ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ച അലസ്റ്റയർ കുക്ക് ഉൾപ്പെടെയുള്ള താരങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി. അതേസമയം, ഷാംപെയിൻ പൊട്ടിച്ചുള്ള ആഘോഷങ്ങളിൽനിന്ന് വിട്ടുനിന്ന രണ്ടു താരങ്ങളും ഓവലിൽ ആരാധരുടെ ശ്രദ്ധ കവർന്നു. ഇംഗ്ലണ്ടിന് പരമ്പര വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആദിൽ റഷീദ്, മോയിൻ അലി എന്നിവരാണ് ഷാംപെയിൻ പൊട്ടിച്ചുള്ള ആഘോഷങ്ങളിൽനിന്ന് വിട്ടുനിന്നത്.

ഇസ്‍ലാം മത വിശ്വാസികളായ ഇരുവരും ലഹരി ഉപയോഗങ്ങളിൽനിന്നു വിട്ടുനിൽക്കുന്നവരാണ്. അതുകൊണ്ടാണ് ടീമിന്റെ ഷാംപെയിൻ ആഘോഷങ്ങളിൽനിന്ന് ഇരുവരും വിട്ടുനിന്നത്. അതേസമയം, ടീമംഗങ്ങൾ ഒരുമിച്ച് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ ഇരുവരും ടീമിനൊപ്പം ചേർന്നു. ഇതിനുശേഷം വീണ്ടും ഷാംപെയിൻ ആഘോഷം ആരംഭിച്ചതോടെ മൈതാനത്തിന്റെ അരികിലേക്കു മാറുകയും ചെയ്തു.

ഇത് ആദ്യമായല്ല ഇരുവരും ഷാംപെയിൻ പൊട്ടിച്ചുള്ള ആഘോഷങ്ങളിൽനിന്ന് അകലം പാലിക്കുന്നത്. 2015ലെ ആഷസ് പരമ്പര വിജയം ഉൾപ്പെടെ പരമ്പരാഗത രീതിയിൽ ഷാംപെയിൻ പൊട്ടിച്ച് ആഘോഷിക്കുമ്പോൾ മോയിൻ അലി അതിന്റെ ഭാഗമായിരുന്നില്ല. ടീമിന്റെ വിജയാഘോഷങ്ങളിൽ ഷാംപെയിൻ പൊട്ടിക്കുമ്പോൾ ആദിൽ റഷീദും സമാനമായ രീതിയിൽ മൈതാനം വിടും.‌‌

അതേസമയം, ഷാംപെയിൻ പൊട്ടിച്ചുള്ള ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതുകൊണ്ട് എന്തെങ്കിലും നഷ്ടം സംഭവിച്ചതായി തോന്നുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ഒരിക്കൽ ചോദ്യമുയർന്നപ്പോൾ മോയിൻ അലി പ്രതികരിച്ചിരുന്നു.

‘ഞാൻ ഇത്തരം ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നയാളാണെന്ന് ടീമംഗങ്ങൾക്കറിയാം. കിരീടവുമായി ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം മാറിനിൽക്കുന്നതാണ് ആദ്യം മുതലേ ‍ഞാൻ പിന്തുടരുന്ന രീതി. ഒരു കുപ്പി പൊട്ടിച്ചുള്ള ഈ ആഘോഷത്തിൽനിന്ന് മാറിനിൽക്കുന്നത് ഒരു നഷ്ടമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. മറ്റ് അവസരങ്ങളിൽ ടീമിനൊപ്പം ആഘോഷിക്കാൻ ഞാൻ കൂടുന്നുമുണ്ടല്ലോ – മോയിൻ അലി ഒരിക്കൽ പറഞ്ഞു.